ADVERTISEMENT

മുംബൈ∙ യുക്തിവാദി നരേന്ദ്ര ദാഭോൽക്കറെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 2 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അന്വേഷണ ഏജൻസിക്കും സിബിഐക്കും എതിരെ പുണെയിലെ പ്രത്യേക യുഎപിഎ കോടതി  കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ യഥാർഥ സൂത്രധാരനാരെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കാൻ  സിബിഐക്കും പൊലീസിനും കഴിഞ്ഞില്ല.    ഇത് പരാജയമാണോ ബോധപൂർവമാണോ എന്ന് ആത്മപരിശോധന നടത്തണം. ആരുടെയെങ്കിലും സ്വാധീനം മൂലം ബോധപൂർവമായ നിഷ്ക്രിയത്വം ഉണ്ടായിട്ടുണ്ടോയെന്നും ജഡ്ജി പി.പി ജാദവ് ചോദ്യം ഉയർത്തി.

മുഖ്യ ആസൂത്രകനെന്ന ആരോപണം നേരിട്ട ഇഎൻടി സർജൻ വീരേന്ദ്രസിങ് താവ്‍ഡെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നിവരെ കോടതി തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു. താവ്ഡെയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ഉന്നം തെറ്റാതെ വെടിവയ്ക്കാൻ പരിശീലനം നേടിയിട്ടുള്ള സച്ചിൻ അൻഡുരെ, ശരദ് കലാസ്കർ എന്നിവരുമായി ചേർന്ന് കൃത്യം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്. എന്നാൽ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിയാതെ വന്നതോടെ കോടതി വെടിയുതിർത്തവരെ ശിക്ഷിക്കുകയും പ്രധാന ആസൂത്രകരെന്ന് ആരോപണം നേരിട്ടവരെ വെറുതെ വിടുകയും ചെയ്തു. 

കോടതി വിധിയിൽ  അതൃപ്തിയുണ്ടെന്നും യഥാർഥ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. അന്ധവിശ്വാസത്തിനും ദുർമന്ത്രവാദത്തിനുമെതിരെ ബിൽ പാസാക്കാൻ സർക്കാരിൽ സ്വാധീനം ചെലുത്തിയത് നരേന്ദ്ര ദാഭോൽക്കറായിരുന്നു. ഇതാണ് സനാതൻ സൻസ്ഥയെ ചൊടിപ്പിച്ചത് .2013 ഓഗസ്റ്റ് 20ന് ആണ് കേസിനാസ്പദമായ സംഭവം.

കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് മകൾ മുക്ത ദാഭോൽക്കർ വ്യക്തമാക്കിയിരുന്നു. അനാചാരങ്ങൾക്കെതിരെ പോരാടാൻ ദാഭോൽക്കർ സ്ഥാപിച്ച അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ പ്രവർത്തനത്തോട് എതിർപ്പുള്ള സനാതൻ സൻസ്ഥയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ  അന്വേഷണത്തോടെയാണ് പുറത്തു വന്നത്. ഹൈക്കോടതി ഇടപെടലിലൂടെയാണ് 2014ൽ സിബിഐ കേസിലേക്കെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com