ADVERTISEMENT

മുംബൈ ∙ മറാഠാ പ്രതിഷേധം അലയടിക്കുന്ന മറാഠ്‌വാഡയിലെ ബീഡ്, ജൽന എന്നിവയുൾപ്പെടെ 11 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. മുൻ കേന്ദ്രമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയുമായ അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ബീഡിൽ കടുത്ത മത്സരം േനരിടുന്നു. തൊട്ടടുത്ത മണ്ഡലമായ ജൽനയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ റാവു സാഹെബ് ദൻവെയുടെ നിലയും ഭദ്രമല്ല.

മലയാളി വോട്ടർമാർ ഏറെയുള്ള പുണെ, മാവൽ, എഐഎംഐഎം പാർട്ടിയുടെ ഏക സിറ്റിങ് മണ്ഡലമായ ഒൗറംഗബാദ് എന്നിവ നാളെ പോളിങ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടും. കർഷകവോട്ടുകൾ നിർണായകമായ ജൽഗാവ്, റാവേർ, അഹമ്മദ്നഗർ എന്നീ മണ്ഡലങ്ങളും ഇതോടൊപ്പം വിധിയെഴുതും.

നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളും സ്ഥാനാർഥികളും:
ബീഡ്:
∙ പങ്കജ മുണ്ടെ (ബിജെപി): ഗോപിനാഥ് മുണ്ടെയുടെ മകൾ. ഒബിസി നേതാവ്. മുൻ മന്ത്രി. പാർട്ടിയിലെ കരുത്ത് ഉറപ്പിക്കാൻ തിരഞ്ഞെടുപ്പുവിജയം അനിവാര്യം.
∙ ബജ്‌രംഗ് സോനാവാനെ (എൻസിപി ശരദ്): 2019ൽ പങ്കജയുടെ സഹോദരി പ്രീതം മുണ്ടെയിൽ നിന്നേറ്റ പരാജയത്തിനു മറുപടി നൽകുക ലക്ഷ്യം. മറാഠ വോട്ട് അനുകൂലമാകുമെന്നു പ്രതീക്ഷ.

ജൽന:
∙ റാവുസാഹെബ് ദൻവെ (ബിജെപി): റെയിൽവേ സഹമന്ത്രി. 5 വട്ടം തുടർച്ചയായ ജയം നേടിയ അദ്ദേഹം ഭരണവിരുദ്ധവികാരം നേരിടുന്നു. മറാഠാ പ്രതിഷേധം തിരിച്ചടിയായേക്കും.
∙ കല്യാൺ കാലെ (കോൺഗ്രസ്): മുൻ എംഎൽഎ. 2009ൽ ദൻവെക്കെതിരെ മത്സരിച്ചതിന്റെ പരിചയം ബലം. മറാഠാവോട്ടുകളിൽ പ്രതീക്ഷ.

ഔറംഗാബാദ്:
∙ ഇംതിയാസ് ജലീൽ (എഐഎംഐഎം): മഹാരാഷ്ട്രയിൽ ഉവൈസിയുടെ പാർട്ടിയുടെ ഏക എംപി. കഴിഞ്ഞ തവണ പിന്തുണച്ച പ്രകാശ് അംബേദ്കർ ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നതു വെല്ലുവിളി.
∙ ചന്ദ്രകാന്ത് ഖൈറേ (ശിവസേനാ ഉദ്ധവ് പക്ഷം): ഉദ്ധവ് പക്ഷത്തെ കരുത്തനായ നേതാവ്. മുൻ എംപി. 
∙ സന്ദീപൻ ഭൂമ്റെ (ശിവസേനാ ഷിൻഡെ): മന്ത്രി. വർഷങ്ങളായി എംഎൽഎ. പാർട്ടിയിലെ അനൈക്യം വെല്ലുവിളി. 

പുണെ:
∙ മുരളീധർ മൊഹോൾ (ബിജെപി): പുണെ മുൻ മേയർ. ജനകീയൻ. കോവിഡ്കാലത്തെ സേവനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി എതിരിടുന്നത് വെല്ലുവിളി.
∙ രവീന്ദ്ര ദാങ്കേക്കർ (കോൺഗ്രസ്): കസബ പേഠ് ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി കരുത്തുകാട്ടി. ജനകീയൻ. കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടവർ പാലം വലിച്ചാൽ തിരിച്ചടി. 

ഷിരൂർ:
∙ അമോൽ കോൽഹെ (എൻസിപി ശരദ്): സിനിമയിലും നാടകത്തിലും ശിവാജിയുടെ വേഷം അവതരിപ്പിക്കുന്ന നടൻ. പാർലമെന്റിൽ മികച്ച പ്രകടനം. എൻസിപിയിലെ പിളർപ്പ് വെല്ലുവിളി.
∙ ശിവാജിറാവു അഡൽറാവു പാട്ടീൽ (എൻസിപി അജിത്): മുൻപ് മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച പരിചയം. ജനകീയൻ. 

മാവൽ:
∙ ശ്രീരംഗ് ബാർണെ (ശിവസേനാ ഷിൻഡെ): മുൻ എംപി. കഴിഞ്ഞ തവണ അജിത് പവാറിന്റെ മകനെ പരാജയപ്പെടുത്തി.
∙ സൻജോഗ് വാഘ്മാരെ (ശിവസേനാ ഉദ്ധവ്): പരിചയക്കുറവ് വെല്ലുവിളി. ഉദ്ധവ് താക്കറെയോടുള്ള സഹതാപം ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

അഹമ്മദ്നഗർ:
∙ സുജയ് വിഖെ പാട്ടീൽ (ബിജെപി): സിറ്റിങ് എംപി. മണ്ഡലത്തിൽ വിഖെ പാട്ടീൽ കുടുംബത്തിന്റെ സ്വാധീനം കരുത്ത്. ജനബന്ധം കുറവെന്ന് ആരോപണം.
∙ നിലേഷ് ലാൻകെ (എൻസിപി ശരദ്): ജനകീയൻ. ശരദ് പവാറിന് അനുകൂലമായ സഹതാപം ഗുണം ചെയ്തേക്കും.

നന്ദൂർബാർ:
∙ ഹീന ഗാവിത് (ബിജെപി): സിറ്റിങ് എംപി. ഗാവിത് കുടുംബത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും ബിജെപിയുടെ സംഘടനാശേഷിയും ബലം. മണ്ഡലത്തിൽ സജീവമല്ലെന്ന ആരോപണം തിരിച്ചടി.
∙ ഗോവാൽ പഡ്‌വി (കോൺഗ്രസ്): ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടാകുമെന്നു പ്രതീക്ഷ. 

ജൽഗാവ്:
∙ കരൺ പാട്ടീൽ (ശിവസേനാ ഉദ്ധവ്): സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബിജെപി വിട്ട് ഉദ്ധവ് പക്ഷത്ത് ചേക്കേറിയ സിറ്റിങ് എംപിയുടെ പിന്തുണ. യുവനേതാവ്. ലോക്സഭാ മണ്ഡലം മുഴുവൻ പ്രവൃത്തിപരിചയമില്ലാത്തത് പോരായ്മ.
∙ സ്മിത വാഘ് (ബിജെപി): മൂന്നു പതിറ്റാണ്ടത്തെ പൊതുപ്രവർത്തനപരിചയം ബലം. ഉദ്ധവ് അനുകൂല വികാരം മണ്ഡലത്തിൽ വെല്ലുവിളിയാകും.

റാവേർ:
∙ രക്ഷ ഖഡ്സെ (ബിജെപി): സിറ്റിങ് എംപി. മണ്ഡലത്തിലെ ബന്ധങ്ങളും ബിജെപിയുടെ ശക്തമായ പിന്തുണയും ബലം. 
∙ ശ്രീരാം പവാർ (എൻസിപി ശരദ്): ക്ലീൻ ഇമേജ്. രാഷ്ട്രീയത്തിലെ പുതുമുഖമെന്നതു പോരായ്മ. 

ഷിർഡി:
∙ സദാശിവ് ലോഖണ്ഡെ (ശിവസേനാ ഷിൻഡെ): സിറ്റിങ് എംപി. മണ്ഡലത്തിൽ സജീവമല്ലെന്ന ആരോപണം നേരിടുന്നു.
∙ ബാഹുസാഹെബ് വാഗ്ചുരെ (ശിവസേനാ ഉദ്ധവ്): ജനകീയൻ. പ്രകാശ് അംബേദ്കറുെട പാർട്ടി വെല്ലുവിളിയായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com