ഊബറിൽ വ്യാജ ബിൽ കാട്ടി തട്ടിപ്പെന്ന് പരാതി
Mail This Article
മുംബൈ∙ആപ് അധിഷ്ഠിത കാബ് സർവീസായ ഊബറിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്ര അവസാനിക്കുമ്പോൾ അധിക നിരക്കോടെയുള്ള വ്യാജ ബിൽ കാണിച്ച് അമിത നിരക്ക് ഇൗടാക്കി തട്ടിപ്പിന് ഇരയായേക്കാം. ഊബറിലെ ഒരു വിഭാഗം ഡ്രൈവർമാർ ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതായാണ് ആരോപണം. ഒട്ടേറെ യാത്രക്കാർ ഉൗബർ അധികൃതർക്ക് ഇതിനകം പരാതി അയച്ചിട്ടുണ്ട്. വിഷയം കമ്പനി പരിശോധിക്കുകയാണ്.
ഊബർ ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്ന നിരക്കിനെക്കാൾ 15 മുതൽ 40% വരെ അധികം ചാർജ് അടങ്ങിയ ബില്ലാണ് യാത്ര അവസാനിക്കുമ്പോൾ കാണിക്കുന്നതെന്നാണ് ആരോപണം. യഥാർഥ ബിൽ അടങ്ങിയ മൊബൈൽ സ്ക്രീൻ ഷോട്ടിനു പകരം കൂടുതൽ നിരക്ക് കാണിച്ചുള്ള മറ്റൊരു കൃത്രിമ സ്ക്രീൻ ബിൽ കാണിക്കും.രാവിലെ തിരക്കിട്ട് ജോലിക്കോ അടിയന്തര കാര്യങ്ങൾക്കോ കാർ ബുക്ക് ചെയ്യുന്നവർ ട്രിപ് കഴിയുമ്പോൾ നിരക്ക് എത്രയായെന്നു മൊബൈലിൽ നോക്കാറില്ല. ഡ്രൈവർ മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന തുക നൽകും. ഇതാണ് ഡ്രൈവർമാർക്ക് സൗകര്യമാകുന്നതെന്ന് പതിവു യാത്രക്കാരനായ സാൻപാഡ നിവാസി സാജൻ തോമസ് പറഞ്ഞു.
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കാബ് ബുക്ക് ചെയ്യുന്നതു മുതലുള്ള വിവരങ്ങൾ യാത്രക്കാർ ശ്രദ്ധിക്കണം. ഓട്ടം കഴിഞ്ഞ് ഡ്രൈവർ കാണിക്കുന്ന മൊബൈൽ സ്ക്രീൻ ഷോട്ട് നോക്കാതെ സ്വന്തം മൊബൈലിലെ നിരക്ക് പരിശോധിച്ച ശേഷം തുക നൽകുന്നതായിരിക്കും സുരക്ഷിതം. യാത്രക്കാരുടെ മൊബൈലിലെ തുകയും ഡ്രൈവർ കാണിക്കുന്ന നിരക്കും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ, അയാളുടെ ആപ് റിഫ്രഷ് ചെയ്യാൻ ആവശ്യപ്പെടുക.
അപ്പോൾ ഡ്രൈവറുടെ ആപ്പിൽ യഥാർഥ നിരക്കായിരിക്കും കാണിക്കുക. ഇതുവഴി തട്ടിപ്പ് തടയാനാകും. തുടർന്നും, കൂടിയ തുക തന്നെ ആവശ്യപ്പെട്ടാൽ അതിന്റെ രസീത് വാങ്ങുക. ഇതുപയോഗിച്ച് കമ്പനിക്ക് പരാതിപ്പെട്ടാൽ ഡ്രൈവറുടെ ഇടപാടുകൾ ട്രാക്ക് ചെയ്യാനാകും. മുംബൈയിൽ നിന്നു മാത്രമല്ല, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള പരാതികൾ ഉയരുന്നുണ്ട്. നടപടി സ്വീകരിച്ചുവരികയാണെന്ന് ഉൗബർ അറിയിച്ചു.