ADVERTISEMENT

വീടുകളിലെ യേ‍ാഗങ്ങളിലും കവലകളിലും നിറചിരിയുമായാണു പാലക്കാട് ലോക്സാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ വേ‍ാട്ട് അഭ്യർഥന. രാഷ്ട്രീയ വിഷയങ്ങൾ സരളമായും സരസമായും ഏറനാടൻ ശൈലിയിൽ അവതരിപ്പിച്ചാണു പ്രസംഗം. വിഷുക്കാലമായതിനാൽ എല്ലായിടത്തുമുണ്ടു സ്ഥാനാർ‌ഥിയെ സ്വീകരിക്കാൻ കെ‍ാന്നപ്പൂവും പടക്കവും. ചിലയിടത്തു വിഷുക്കണിയുമുണ്ട്. 

സമയം കൃത്യമായി പാലിച്ചാണു പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണയോഗങ്ങൾ. സ്ഥാനാർഥിയുടെ പ്രസംഗത്തിനുമുണ്ട് ആ ചിട്ട, ശരാശരി 6 മിനിറ്റ്. പ്രതികരണം നേ‍ാക്കിയാണു തുടക്കവും തുടർച്ചയും അവസാനിപ്പിക്കലും. വാക്കുകളിൽ സിദ്ധാന്ത ഭാരമില്ല. വിശകലന വാക്യങ്ങളില്ല. വാക്കും വരികളും ഉദാഹരണങ്ങളും ഒരേ‍ായിടത്തും വ്യത്യസ്തം.

ഈ തിരഞ്ഞെടുപ്പ് അടുക്കളയ്ക്ക്, ആതുര ചികിത്സയ്ക്ക്, ജീവിതത്തിന്, മതനിരപേക്ഷ ഇന്ത്യയ്ക്ക് എത്രത്തേ‍ാളം പ്രധാനം എന്നതിലാണ് ഊന്നൽ. രാജ്യത്തെ ജനാധിപത്യം വലിയ അപകടത്തിലാണെന്നു നിത്യജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ വോട്ടർമാരെ പഠിപ്പിക്കുന്നു. വേ‍ാട്ടുതേടിയുള്ള ഒ‍ാട്ടത്തിനിടയിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ ദേശീയ രാഷ്ട്രീയ സംഭവങ്ങൾ തൽസമയം പുതുക്കുന്നു.

‘കാവിക്കോട്ട’ കടന്ന്
അതിർക്കാടു നിന്നായിരുന്നു ഒറ്റപ്പാലം രണ്ടാം റൗണ്ട് സ്വീകരണയേ‍ാഗങ്ങൾക്കു തുടക്കം. പുത്തൂരും പിന്നിട്ടു ചിനക്കത്തൂർ കാവിനടുത്ത അഴിക്കലപ്പറമ്പിൽ. കാവിന് ഇടതുവശത്ത് ‘കാവിക്കോട്ടയിലേക്കു സ്വാഗതം’ എന്ന കമാനം കടന്നു സ്ഥാനാർഥിയും സംഘവും. സംഘപരിവാറിന്റെ സ്വാധീന സ്ഥലത്തും മികച്ച ജനപങ്കാളിത്തം. കൂടുതൽ ഉഷാറായിരുന്നു സ്വീകരണവും സ്വാഗതവും. അഴിക്കലപറമ്പ് ബൂത്ത് കമ്മിറ്റി സെക്രട്ടറി റസീന സ്ഥാനാർഥിയെ റേ‍ാസാപ്പൂകീരിടം അണിയിച്ചു.

ബിജെപിയുടെ മതനിരപേക്ഷ വിരുദ്ധമായ നിലപാടുകളെ കണക്കറ്റു വിമർശിച്ചും പരിഹസിച്ചും പ്രസംഗം; കേന്ദ്രസർക്കാരും സംഘപരിവാറും നടത്തുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾക്കായി കൂടുതൽ ഊന്നൽ. 25 വർഷത്തിലധികം ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയ ഇടതുപക്ഷത്തെ കേരളത്തിലെ എല്ലാ മണ്ഡലത്തിൽ നിന്നും വിജയിപ്പിച്ചു പാർലമെന്റിൽ അയയ്ക്കണം. കേ‍ാൺഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ല. അവർ ബിജെപിയുടെ ചാക്കിൽ വീഴും. മേ‍ാദിയെ എതിർക്കാൻ ധൈര്യമില്ലാത്തതിനാൽ പിണറായിക്കെതിരെയാണു കെ.സുധാകരനും വി.ഡി.സതീശനും ആരേ‍ാപണവും വിമർശനവും ഉന്നയിക്കുന്നത് എന്നായിരുന്നു ആരേ‍ാപണം.

നിറയെ സ്ത്രീകൾ, വരവു ചെലവ് പറഞ്ഞ് സ്ഥാനാർഥി
സ്വീകരണയേ‍ാഗങ്ങളിൽ മിക്കയിടത്തും ഭൂരിഭാഗവും വനിതകളാണ്. പ്രസംഗശേഷമുള്ള സ്ഥാനാർഥിയുടെ കുശലാന്വേഷണത്തിൽ നിത്യച്ചെലവിന്റെ കാര്യം വരെ അവർ പറയുന്നുണ്ട്. അതിന്റെ കാരണം സ്ഥാനാർഥി വീണ്ടും ലളിതമായി വിശദീകരിക്കും. ധാരാളം സ്ത്രീകൾ പങ്കെടുക്കുന്നതു രാഷ്ട്രീയമായി നല്ല സൂചനയാണെന്നു വിജയരാഘവൻ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളുടെ പ്രത്യാഘാതം കുടുതൽ ഏൽക്കുന്നതും സഹിക്കുന്നതും അവരാണല്ലേ‍ാ. പ്രസംഗവും അവർ ശ്രദ്ധിക്കുന്നുണ്ട്.

പ്രസംഗത്തിലുണ്ടായ തെറ്റ് കഴിഞ്ഞ ദിവസം ഒരു യുവതി തിരുത്തിയ സംഭവം അദ്ദേഹം പങ്കുവച്ചു. രാഷ്ട്രീയ സംഭവത്തിന്റെ തീയതിയാണു തെറ്റിയത്. സ്ത്രീകൾ കുടുതൽ ഉള്ളിടത്തെല്ലാം വരവും ചെലവുമാണു വിജയരാഘവന്റെ വിഷയം. വരവു കുറഞ്ഞതേ‍ാടെ ചായയ്ക്കു പാൽ ഒഴിവാക്കിയത്, പച്ചക്കറിക്കടയിൽ പോകാൻ പണമില്ലാതെ കൂട്ടാൻ വയ്ക്കാൻ മുരിങ്ങയില അന്വേഷിക്കുന്നത് എന്നൊക്കെ വിവരിച്ച്; ‘എന്താപ്പതിനെ‍ാക്കെ അർഥം’ എന്നു ചേ‍ാദിച്ച് പാർലമെന്റിന്റെ തീരുമാനങ്ങൾ എന്ന ഉത്തരവും നൽകും. കുറച്ചു വർഷമായി അവിടെ മനുഷ്യരെക്കുറിച്ചു ചർച്ചയില്ല. മേ‍ാദി പ്രസംഗിക്കും ബിജെപി കയ്യടിക്കും. കേ‍ാൺഗ്രസ് എല്ലാം കേട്ടിരിക്കും. ജനവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തു തേ‍ാൽപ്പിക്കുന്ന ഇടതുമുന്നണിയെ വിജയിപ്പിക്കുകയാണ് ഇതിനു പരിഹാരം – അദ്ദേഹം വ്യക്തമാക്കുന്നു.

അനങ്ങനടിയിലെ നാടകവും നടപ്പും
സ്വീകരണ യാത്രയ്ക്കിടെ മൂന്നു പതിറ്റാണ്ടു മുൻപു പാലക്കാട് മത്സരിച്ചപ്പോഴുള്ള അനുഭവം അദ്ദേഹം ഓർമിച്ചു. ചെറിയ സൗകര്യങ്ങളായിരുന്നു അന്ന്. പക്ഷേ, ഓരോ സ്ഥലത്തും സ്ഥാനാർഥിയെക്കാത്തു വലിയ ആൾക്കൂട്ടമുണ്ടാകും. രാത്രി വൈകിയും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ കാത്തുനിൽക്കും. അന്ന് ഒറ്റപ്പാലം പാർലമെന്റ് മണ്ഡലമുണ്ടെങ്കിലും താലൂക്കിന്റെ ചില ഭാഗങ്ങൾ പാലക്കാട് മണ്ഡലത്തിലായിരുന്നു.

മത്സരത്തിൽ എതിരാളി കേ‍ാൺഗ്രസിലെ വി.എസ്.വിജയരാഘവൻ. വിജയരാഘവന്മാരുടെ മത്സരം വലിയ രാഷ്ട്രീയ കൗതുകമായി. ഒരു തവണ അദ്ദേഹത്തെ തേ‍ാൽപ്പിച്ചു പാലക്കാട് എംപിയായി. അടുത്ത തവണ വിഎസ് എംപിയായി. രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിന്നു പരസ്പരം ശക്തമായി മത്സരിച്ചപ്പേ‍ാഴും പിന്നീടും വ്യക്തിബന്ധം നിലനിർത്തി. പാർലമെന്റിലും ഏറെക്കാലം ഒന്നിച്ചു പ്രവർത്തിച്ചു. 

നാടകത്തിന്റെ അസ്ക്യതയുണ്ടായിരുന്ന കാലത്തെ ഒറ്റപ്പാലം ഇപ്പേ‍ാഴും ഒ‍ാർമയിലുണ്ട്. മലപ്പുറത്തു നാട്ടിൽ താനുൾപ്പെട്ട സാംസ്കാരിക വേദി തയാറാക്കിയ നാടകം അനങ്ങനടിയിൽ കുട്ടികൾ കളിക്കുന്നതു കാണാൻ സംഘമായി എത്തി. ഏതേ‍ാ രാഷ്ട്രീയ പ്രശ്നത്തിൽ പിറ്റേദിവസം കേരളബന്ദായി. വാഹനമില്ലാത്തതിനാൽ അനങ്ങനടിയിൽ നിന്നു നടന്നു വിശന്നുവലഞ്ഞു ക്ഷീണിച്ചാണു വീട്ടിലെത്തിയത്.

നെഹ്റുവും മേ‍‍ാദിയും
ജവാഹർലാൽ നെഹ്റുവിന്റെ ഉദാഹരണം പറ‍ഞ്ഞാണു ദേശീയ രാഷ്ട്രീയത്തിന്റെ ഉയർച്ചയും താഴ്ചയും വിജയരാഘവൻ വിശദമാക്കുന്നത്. ‘നമുക്കെ‍ാരു മഹാനായ പ്രധാനമന്ത്രിയുണ്ടായിരുന്നു. ശാന്തനും സൗമ്യനും മതനിരപേക്ഷവാദിയുമായ നെഹ്റു. പണ്ഡിതനും ലേ‍ാകം മുഴുവൻ അറിയപ്പെടുകയും ചെയ്ത അദ്ദേഹം ഇന്ത്യയെ കണ്ടെത്തൽ. അച്ഛൻ മകൾക്കയച്ച കത്തുകൾ തുടങ്ങിയ ഒട്ടേറെ പുസ്തകങ്ങളിലൂടെയും അമൂല്യമായ സംഭാവനകൾ നൽകി. എത്രയേ‍ാ കാലം  പ്രധാനമന്ത്രിയായി. ചരിത്രത്തിലിടം പിടിച്ച പദ്ധതികൾക്കും രൂപം നൽകി. 

ഇപ്പേ‍ാഴത്തെ പ്രധാനമന്ത്രി നരേന്ദ്രമേ‍ാദി നിത്യജീവിതം ദുരിതമാക്കുന്ന നടപടികൾക്കും പദ്ധതികൾക്കുമാണു രൂപം നൽകുന്നതും നടപ്പാക്കുന്നതും. മതനിരപേക്ഷതയെ തകർക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ ജയിലിൽ അടയ്ക്കുന്നു. മതത്തെ ഉപയേ‍ാഗിച്ചാണു മേ‍ാദി അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്’ – രണ്ടു പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള താരതമ്യം ഇങ്ങനെ നീളുന്നു. 

മയിലുംപുറത്ത് ആൽത്തറ ഇരുത്തം
മയിലുംപുറത്ത് മുതിർന്നവർക്കെ‍ാപ്പം ആൽത്തറയിലെ‍ാരു ലേ‍ാഹ്യം പറച്ചിൽ. അതിനിടയിൽ ചില സ്ത്രീകൾ തങ്ങളുടെ സങ്കടം പറഞ്ഞു. എല്ലാവരും കർഷക പെൻഷൻ വാങ്ങുന്നവർ. പെൻഷൻ മുടങ്ങിയത് എങ്ങനെയെന്നു നിങ്ങൾക്കറിയുമേ‍ാ എന്നായി വിജയരാഘവന്റെ ചേ‍ാദ്യം. കേരളത്തിന്റെ പണം കേന്ദ്രം രാഷ്ട്രീയ വൈരാഗ്യത്തിൽ തടഞ്ഞു വച്ചതാണു കാരണം. പിണറായി സർക്കാർ അതിനെതിരെ കേസു കെ‍ാടുത്തു. അപ്പേ‍‍ാൾ കേന്ദ്രം പണം തന്നു, അതേ‍ാടെ പെൻഷൻ കെ‍ാടുത്തു

പ്രചാരണം തുടരുകയാണ്.‘ജീവിതാനുഭവങ്ങളുടെ തീക്കടൽ നീന്തിക്കടന്ന്, പോരാടി വളർന്ന്, യുഎന്നിൽ പ്രസംഗിക്കുന്നിടത്തോളം ഉയർന്ന’ സ്ഥാനാർഥിയെക്കുറിച്ചു വിളിച്ചു പറഞ്ഞ് അകമ്പടി വാഹനവും സ്വാഗത പ്രസംഗകരും മുൻപേ ഓടുന്നു. ഒറ്റപ്പാലത്ത് എംഎൽഎ കെ.പ്രേംകുമാർ, മുൻ എംപിമാരായ എസ്.അജയകുമാർ,എസ്.ശിവരാമൻ, മുൻ എംഎൽഎമാരായ എം.ഹംസ, കെ.എസ്.സലീഖ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായി ഒപ്പമുണ്ട്. 

പര്യടനം തുടങ്ങും മുൻപു ഭക്ഷണമില്ല, ഒന്നു രണ്ട് സ്ഥലങ്ങൾ കഴിഞ്ഞ് ഇഡ്ഡലി, വട, ദേ‍ാശ എന്നിങ്ങനെ എന്തെങ്കിലും. ഉച്ചയ്ക്കു പാർട്ടിക്കാരുടെ വീട്ടിൽ ചെറിയെ‍ാരു ഊണ്. രാത്രി താമസസ്ഥലത്തെത്തുമ്പോൾ കഞ്ഞി. കൂട്ടാനായി ചമന്തിയേ‍ാ ഉപ്പേരിയേ‍ാ; ഇതാണു ഭക്ഷണശീലം. വേങ്ങശേരി, മംഗലാംകുന്ന്, കാവുവട്ടം, പുഞ്ചപ്പാടം, കേ‍ാണിക്കിഴി തുടങ്ങിയ സ്ഥലങ്ങളിലൂടെ കരിപ്പമണ്ണയിൽ സമാപനം. മേടച്ചൂടിൽ സ്നേഹത്തിന്റെ കെ‍ാന്നപ്പൂക്കൾ സമ്മാനിക്കുന്നവർക്കു നന്ദി പറഞ്ഞ് സ്ഥാനാർഥി കുതിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com