ADVERTISEMENT

ചിറ്റൂർ ∙ മൂലത്തറ റെഗുലേറ്ററിനു താഴെ തേമ്പാറമടക്ക് സിസ്റ്റത്തിന്റെ പ്രധാന കനാൽ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു. കനാലിലൂടെ ഒഴുകിയ വെള്ളം കൊയ്തൊഴിഞ്ഞ പാടങ്ങളിൽ തളംകെട്ടി നിൽക്കുകയും റോഡിലൂടെ ഒഴുകിപ്പാഴാവുകയും ചെയ്തു. പറമ്പിക്കുളം–ആളിയാർ പദ്ധതി കരാർ പ്രകാരം ഏപ്രിൽ, മേയ് മാസങ്ങളിൽ വെള്ളം നൽകേണ്ടതില്ല. എന്നാൽ ഒഴുക്കു നിലച്ച ചിറ്റൂർപുഴയിലെ തടയണകളിൽ വെള്ളമെത്തിച്ചാൽ മാത്രമേ പതിനായിരക്കണക്കിനു പേർക്കു ശുദ്ധജല വിതരണം നടത്താനാകൂ.

ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ഇടപെട്ടതിന്റെ ഭാഗമായാണ് ആളിയാറിൽ നിന്നു കൂടുതൽ വെള്ളം ലഭിച്ചു തുടങ്ങിയത്. നിലവിൽ സെക്കൻഡിൽ 108 ഘനയടി എന്ന തോതിൽ വെള്ളം ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ അളവിൽ വെള്ളം ലഭിക്കുന്നതിനാൽ വലതുകര കനാൽ പ്രദേശത്തുള്ള ഇരുപതിലധികം തടയണകളും ചിറ്റൂർപുഴയിലെ കണ്ണാടി വരെയുള്ള തടയണകളിലും വെള്ളമെത്തിക്കാൻ കഴിഞ്ഞു.

ഇതിനിടെയാണു ശുദ്ധജലത്തിനുൾപ്പെടെ കരുതിവച്ച വെള്ളം സാമൂഹിക വിരുദ്ധർ‌ ഇരുട്ടിന്റെ മറവിൽ തുറന്നു വിട്ടത്. ഏകദേശം 10 കിലോമീറ്ററിലധികം വരുന്ന ഭാഗത്തേക്കാണു ജലം ഒഴുകിപ്പോയത്. ശ്രദ്ധയിൽപെട്ടയുടൻ വിഷയത്തിൽ ഇടപെടുകയും ജലം പാഴാക്കിയവർക്കെതിരെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ആഴ്ചകൾക്കു മുൻപാണു സാമൂഹിക വിരുദ്ധർ കുന്നങ്കാട്ടുപതി സിസ്റ്റത്തിലെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് വെള്ളം ഒഴുക്കി വിട്ടത്. ഇതു സംബന്ധിച്ച്  പൊലീസിനു പരാതി നൽകിയിരുന്നു.

മീറ്റ്നയിൽ സുരക്ഷാ വേലി സ്ഥാപിച്ചു; തടയണയ്ക്ക് മുകളിൽ പ്രവേശന വിലക്ക്
ഒറ്റപ്പാലം ∙ ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം തടയാൻ ജല അതോറിറ്റി സുരക്ഷാ വേലി സ്ഥാപിച്ചു. ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പു പകുതിയായി കുറഞ്ഞതിനു പിന്നാലെയാണു തടയണയ്ക്കു മുകളിൽ പ്രവേശന വിലക്ക്.ഇരു കരകളിലും തടയണ തുടങ്ങുന്ന ഭാഗത്താണു ശക്തമായ സുരക്ഷാവേലി ഒരുക്കിയിട്ടുള്ളത്. ഇനി ആർക്കും അനുവാദം കൂടാതെ തടയണയ്ക്കു മുകളിലേക്കു പ്രവേശിക്കാനാകില്ല.

അതിക്രമം നടന്ന പിറ്റേന്നു തടയണ പ്രദേശത്തു രാത്രി സുരക്ഷാ ജീവനക്കാരനെയും ജല അതോറിറ്റി നിയോഗിച്ചിരുന്നു. ഇതിനുപുറമേ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും രാത്രി കൂടുതൽ വെളിച്ചത്തിനു ലൈറ്റുകൾ ഒരുക്കാനും പദ്ധതിയുണ്ട്.  കഴിഞ്ഞയാഴ്ചയാണു 2 ദിവസങ്ങളിലായി തടയണയിലെ 2 ഷട്ടറുകൾ സാമൂഹിക വിരുദ്ധർ തുറന്നത്.. ഒരു ഷട്ടർ അഴിച്ചുമാറ്റിയ നിലയിലും മറ്റൊന്നു വെള്ളത്തിലേക്കു തള്ളിയ നിലയിലുമായിരുന്നു.

ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്ന തടയണ. വരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും ഇവിടെ നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറിൽ ജലവിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com