ADVERTISEMENT

പാലക്കാട് ∙ ഭരണത്തിലെ മൂന്നാം ഊഴത്തെക്കുറിച്ചു നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പരാജയം മുന്നിൽക്കണ്ടുള്ള ജൽപനമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. മണ്ണാർക്കാടിനു സമീപം ചിറയ്ക്കൽപടിയിലും പുതുപ്പരിയാരം വള്ളിക്കോടും ഇടതുമുന്നണി തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും പറയുന്നതു കപട ദേശീയതയാണ്. അവർക്ക് ഇന്ത്യയുടെ പാരമ്പര്യം അറിയില്ല. ഉൾക്കൊള്ളാനും സാധിക്കില്ല.തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ കേരളത്തിലെ കോൺഗ്രസ്–ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒലിച്ചുപോകും.

ഒരു കൈ ബിജെപിയുടെ തോളിലും രണ്ടാമത്തെ കൈ എസ്ഡിപിഐയുടെ തോളിലുമെന്ന നയത്തിലാണു സംസ്ഥാനത്തെ കോൺഗ്രസ്. ഇത്തരം നിലപാടുകൾ ജനം തിരിച്ചറിയും. പൊതുമേഖലാ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന നയമാണു കേന്ദ്രത്തിന്റേത്. കർഷക വിരുദ്ധ നിയമങ്ങൾ അടിച്ചേ‍ൽപിക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ഒന്നിക്കേണ്ട സമയമാണു തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.ചിറയ്ക്കൽപടിയിൽ നടന്ന യോഗത്തിൽ അരുൺ ഓലിക്കൽ അധ്യക്ഷത വഹിച്ചു.

കെ.ശാന്തകുമാരി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ്, മുന്നണി നേതാക്കളായ പി.എ.റസാഖ് മൗലവി, നൈസ് മാത്യു, മണികണ്ഠൻ പൊറ്റശ്ശേരി, ജോസ് ജോസഫ്, പ്രവീൺ, സുരേഷ്, കെ.ചിന്നക്കുട്ടൻ, ബാലൻ പൊറ്റശ്ശേരി, അബൂബക്കർ ബാവി, പി.അബ്ദുറഹ്മാൻ, കെ.ലിലീപ് എന്നിവർ പ്രസംഗിച്ചു.പുതുപ്പരിയാരത്തു പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ ആർ.ജയകുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുമലത മോഹൻദാസ്, എസ്.രാമകൃഷ്ണൻ, മണ്ഡലം ചെയർമാൻ കെ.സി.ജയപാലൻ, നേതാക്കളായ ടി.എസ്. ദാസ്, കെ.സുകുമാരൻ, വി.വിജയൻ, എൽ.ഇന്ദിര, ടി.വി.വിജയൻ, വി.കെ.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

‘മോദി കുറ്റക്കാരൻ’
മണിപ്പുരിലെ ഉൾപ്പെടെ സ്ത്രീകളുടെ അഭിമാനവും വ്യക്തിത്വവും സംരക്ഷിക്കാൻ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണാധികാരി എന്ന നിലയിൽ കുറ്റക്കാരനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.പ്രധാനമന്ത്രി എന്താണ് മണിപ്പുരിൽ പോകാത്തതും അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വേദനകൾ കേൾക്കാത്തതും? അവിടത്തെ പ്രശ്നമെല്ലാം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞതു കളവാണ്. ഓരോ തവണ കേരളത്തിൽ വരുമ്പോഴും മോദി പഴകിയ വാഗ്ദാനങ്ങളാണു നൽകുന്നത്.

കേന്ദ്രത്തിൽ ബിജെപിക്കു ബദലായി ഇന്ത്യ സഖ്യത്തിന്റെ വിജയം തന്നെയാണ് സിപിഐ ആഗ്രഹിക്കുന്നത്. തൂക്കുസഭ വന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കും. അദാനിമാരെപ്പോലെയുള്ളവർ പണച്ചാക്കുമായി ഇറങ്ങിയാൽ കോൺഗ്രസ് എംപിമാർക്കു പിടിച്ചു നിൽക്കാൻ കഴിയില്ല. എസ്ഡിപിഐ എന്നാൽ മുസ്‌ലിം ആർഎസ്എസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ 20 സീറ്റുകളിലും എൽഡിഎഫ് ജയിക്കാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com