ADVERTISEMENT

പാലക്കാട് ∙ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം മുടങ്ങാതിരിക്കാൻ പറമ്പിക്കുളത്തു നിന്ന് ആളിയാർ ഡാമിലേക്കു കൂടുതൽ ജലം എത്തിക്കാൻ കേരളം ശ്രമം തുടങ്ങി. ഇക്കാര്യം ഔദ്യോഗികമായി തമിഴ്നാടിനോട് ആവശ്യപ്പെട്ടു.ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ കരാർ പ്രകാരം ചിറ്റൂർപ്പുഴയിലേക്കു വെള്ളമില്ലെങ്കിലും കേരളത്തിന്റെ നിരന്തര  ഇടപെടലിനെത്തുടർന്ന് സെക്കൻഡിൽ 110–120 ഘനയടി തോതിൽ ജലം നൽകുന്നുണ്ട്. ചിറ്റൂർപ്പുഴ, ഭാരതപ്പുഴകളിലെ ശുദ്ധജല പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത് ഈ ജലം കൊണ്ടാണ്. മേയ് അവസാനം വരെ ഇതേ തോതിൽ ജലം ലഭിച്ചാൽ മാത്രമേ ഇരുപുഴകളിലെയും ശുദ്ധജല പദ്ധതികൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനാകൂ. മണക്കടവിൽ സെക്കൻഡിൽ 200 ഘനയടി തോതിൽ വെള്ളം ലഭിക്കുന്ന വിധത്തിൽ ആളിയാറിൽ നിന്നുള്ള ജല വിതരണം വർധിപ്പിക്കണമെന്നു ജല അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഞാവളംകടവിലേക്ക് ഷട്ടർ തുറന്നു 
ഞാവളംകടവ് തടയണയിൽ പമ്പിങ്ങിനാവശ്യമായ ജലം എത്തിക്കാൻ മുകളിലുള്ള കണ്ണാടി പുഴയ്ക്കൽ തടയണയുടെ ഷട്ടർ അടക്കം തുറന്നിട്ടുണ്ട്.ചിറ്റൂർപ്പുഴ വഴി എത്തുന്ന ജലം പരമാവധി വേഗത്തിൽ ‍ഞാവളംകടവിലെത്തിക്കാനാണു നടപടി. മൂന്നോ, നാലോ ദിവസത്തിനുള്ളിൽ തടയണയിൽ ജലം എത്തുമെന്നാണു പ്രതീക്ഷ. 

പറമ്പിക്കുളം, ആളിയാർ ഡാമുകളിലുള്ളത്
ആളിയാർ ഡാമിൽ ഉപയോഗിക്കാവുന്ന അവസ്ഥയിൽ 42 ദശലക്ഷം ഘനയടി (0.4ടിഎംസി) ജലം മാത്രമാണുള്ളത്. പറമ്പിക്കുളം അണക്കെട്ടിൽ ഉപയോഗിക്കാവുന്ന അവസ്ഥയിൽ 2.28 ടിഎംസി ജലം ഉണ്ട്. പറമ്പിക്കുളത്തു നിന്ന് കോണ്ടൂർ കനാൽ വഴി കൂടുതൽ ജലം ആളിയാർ അണക്കെട്ടിൽ എത്തിച്ചാൽ മാത്രമേ ആളിയാറിൽ നിന്നു ചിറ്റൂ‍ർപ്പുഴയിലേക്കു നിലവിലുള്ള അളവിലെങ്കിലും വെള്ളം ലഭ്യമാക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com