ADVERTISEMENT

പാലക്കാട് ∙ ഗ്രീൻഫീൽഡ് പാത നിർമാണം പൂർത്തിയാകുന്നതേ‍ാടെ, പാലക്കാട് ദേശീയപാത വികസനത്തിന്റെ ഹബ്ബായി മാറുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ.ഗ്രീൻഫീൽഡ് ഹൈവേ മേഖലയുടെ മുഖഛായ മാറ്റും. 10 വർഷം മുൻപ് ജില്ലയിലുണ്ടായിരുന്ന വലിയ പദ്ധതികളും ഇപ്പേ‍ാഴത്തെ സ്ഥിതിയും താരതമ്യം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക്, ഐഐടി, മെഗാ ഫുഡ് പാർക്ക്, ദേശീയപാത വികസനം, അമൃത്പദ്ധതി, ജൽജീവൻ മിഷൻ വഴി ശുദ്ധജലമെത്തിക്കൽ, ഗ്രീൻഫീൽഡ് ഹൈവേ, അമൃത് സ്റ്റേഷനുകളുടെ നവീകരണം, ഷെ‍ാർണൂർ ജംക്‌ഷൻ വികസനം, ഏറ്റവും ഒടുവിൽ 60 കേ‍ാടി രൂപയുടെ പാലക്കാട് റെയിൽവേ പിറ്റ് ലൈൻ പദ്ധതി എന്നിവയാണു പ്രധാനം.

10 വർഷത്തിനിടെ പാലക്കാട് മണ്ഡലത്തിൽ മാത്രം 10,000 കേ‍ാടി രൂപയുടെ വികസനപദ്ധതി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.സി.ജേ‍ാർജ്, മേജർ രവി, പാലക്കാട് ലേ‍ാക്സഭാ മണ്ഡലം സ്ഥാനാർഥി സി.കൃഷ്ണകുമാർ, മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് തുടങ്ങിയവർ പ്രസംഗിച്ചു. 

കടുത്ത ചൂടിലും പ്രവർത്തകരുടെ ആവേശം.
ഷെ‍ാർണൂർ ∙ കുളപ്പുള്ളിയിൽ താപനില 42 ഡിഗ്രിയാണെന്ന് നേതാക്കൾ പറയുമ്പേ‍ാൾ ബിജെപി പ്രവർത്തകരുടെ തിരഞ്ഞെടുപ്പു ചൂട് അതിനും അൽപം മുകളിലായിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കാണാനും കേൾക്കാനും പ്രവർത്തകരും നേതാക്കളും കുളപ്പുള്ളി ബസ് സ്റ്റാൻഡിലെ വേദിയിൽ കടുത്തചൂടിലും നേരത്തെയെത്തി ഇരിപ്പിടം പിടിച്ചു. പി.സി.ജോർജും പാലക്കാട് ലോക്സഭാ മണ്ഡ‍ലം എൻഡിഎ സ്ഥാനാർഥി കൂടിയായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസും വൈസ് പ്രസിഡന്റ് മേജർ രവിയും ഉൾപ്പെടെ വേദിയിൽ നേതാക്കളുടെ നീണ്ട നിര. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളും വികസന, ക്ഷേമപദ്ധതികളും അക്കമിട്ടു നിരത്തിയായിരുന്നു എല്ലാവരുടെയും പ്രസംഗം. കോൺഗ്രസിനെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിച്ചു പ്രസംഗങ്ങൾ മുന്നോ‌ട്ട്. ചൂടിനെ അവഗണിച്ചെത്തിയ പ്രവർത്തകരെ പ്രശംസിക്കാനും നേതാക്കൾ പിശുക്കു കാട്ടിയില്ല.

പെ‍ാടി വില്ലനായി, യാത്ര വൈകി
ഷൊർണൂർ ∙ വെള്ളംതളിച്ചിട്ടും കഠിനമായ ചൂടിൽ ഹെലിപാഡിലെ പെ‍ാടി നിയന്ത്രിക്കാൻ കഴിയാതായതേ‍ാടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ മടക്കയാത്ര വൈകി. കുളപ്പുള്ളിയിലെ പൊതുയോഗത്തിനു ശേഷം കോട്ടയത്തേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണു  പൊടി തടസ്സമായത്. ഷെ‍ാർണൂർ കെവിആർ ഹൈസ്കൂൾ ഗ്രൗണ്ടായിരുന്നു ഹെലിപ്പാഡ്. നേരത്തെ മൈതാനം നനച്ച് പെ‍ാടി ഒതുക്കിയെങ്കിലും ചൂടിൽ അത് ഉണങ്ങിവരണ്ടു. ഹെലികേ‍ാപ്റ്റർ ഉയർത്താൻ തുടങ്ങിയതേ‍ാടെ പെ‍ാടിപറന്ന് കാഴ്ച പൂർണമായി മറഞ്ഞു. ഉടൻ സുരക്ഷാ ഉദ്യേ‍ാഗസ്ഥർ ഇടപെട്ട് കോപ്റ്റർ താഴെയിറക്കി. പിന്നീട് ഫയർഫോഴ്സ് എത്തി മൈതാനം നനച്ചു പൊടി ഒതുക്കുന്നതു വരെ നഡ്ഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ കാറിൽ വിശ്രമിച്ചു.

English Summary:

Palakkad Poised for Major Transformation: Nadda Flags Off Greenfield Highway as Key to Regional Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com