ADVERTISEMENT

കൂറ്റനാട് ∙ തിരുമിറ്റക്കോട് പഞ്ചായത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വിവിധ വാർഡുകളിൽ ആഴ്ചകളായി നീക്കം ചെയ്യാതെ കിടക്കുന്നതു പരിസരവാസികൾക്കും യാത്രക്കാർക്കും  ദുരിതമാകുന്നു. ഇതോടെ കനത്ത ചൂടിനെ പോലും വകവയ്ക്കാതെ എല്ലായിടത്തും പോയി മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങളും വെട്ടിലായി. 

കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ തെരുവു നായ്ക്കൾ, പന്നികൾ, പക്ഷികൾ എന്നിവ എത്തുകയും പലയിടങ്ങളിലും ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാർ ഏറെ വിഷമത്തിലാണ്. പക്ഷികളും നായ്ക്കളും ഇവ വലിച്ചുകൊണ്ടുപോയി ജലാശയങ്ങളിലും മറ്റും ഇടുന്നുവെന്നും പരാതിയുണ്ട്. മിക്കയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും റോഡരികിലുമാണ് പ്ലാസ്റ്റിക് അടക്കം ഉള്ള മാലിന്യം ശേഖരിച്ചു വച്ചിട്ടുള്ളത്. ഇതു സൂക്ഷിക്കാൻ കൂടുകൾ ഉണ്ടെങ്കിലും പലയിടങ്ങളിലും അതിന്റെ നാലിരട്ടി മാലിന്യം എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെയായി. ഹരിതകർമ സേനാംഗങ്ങൾക്കാണെങ്കിൽ ഇവ തരംതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ വേണ്ട വിധത്തിൽ ഒരുക്കിയിട്ടില്ല. 

ചാത്തന്നൂരിൽ പഞ്ചായത്തിലെ എല്ലാ മാലിന്യവും ശേഖരിക്കുന്ന സ്ഥലം അടക്കം നിറഞ്ഞു കവിഞ്ഞതോടെ മാലിന്യം സൂക്ഷിക്കുന്നതിനു സ്വയം സൗകര്യം ഒരുക്കാൻ പറഞ്ഞതായും ഹരിതകർമ സേനാംഗങ്ങൾ പറയുന്നു. ഹരിതകർമ സേനാംഗങ്ങളോട് പലരും പരാതി പറയുന്നതും പ്രതിഷേധിക്കുന്നതും പലപ്പോഴും തർക്കങ്ങൾക്കു കാരണമാകുന്നു.  ശേഖരിക്കുന്ന മാലിന്യം സമയാസമയം കൃത്യമായി നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്നും മാലിന്യം സൂക്ഷിക്കുന്നതിനും തരം തിരിക്കുന്നതിനും നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com