ADVERTISEMENT

കൊപ്പം ∙ ഇനിയൊരു ജീവൻ പിടഞ്ഞു വീഴുന്നതു കാണാന്‍ വയ്യ. പുലാശ്ശേരി വളവിലെയും ഇറക്കത്തിലെയും അപകട മരണങ്ങള്‍ക്ക് അറുതി വരുത്താന്‍ കനിയണം. പരാതികള്‍ ഏറെ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ കണ്ണടയ്ക്കുന്ന അധികൃതരോടു പുലാശ്ശേരി നിവാസികളുടെതാണ് ഈ അപേക്ഷ. കൊപ്പം - വളാഞ്ചേരി പാതയില്‍ പുലാശ്ശേരി എഎംഎല്‍പി സ്കൂളിനു മുന്നിലെ വളവിലും സര്‍വീസ് സ്റ്റേഷനു മുന്നിലെ ഇറക്കത്തിലും ഒട്ടേറെപ്പേര്‍ അപടത്തില്‍പെട്ടു മരിച്ചു. ഓരോ അപകടം ഉണ്ടാകുമ്പോഴും നാട്ടുകാര്‍ പരാതി നല്‍കും. നടപടി സ്വീകരിക്കാമെന്ന ഉറപ്പും നല്‍കി അധികൃതര്‍ പോകുകയല്ലാതെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല.

ഓട്ടോകളും ഇരുചക്ര വണ്ടികളുമാണ് അപകടത്തില്‍പെടുന്നത്. പാലക്കാട്ടു നിന്നു ചെര്‍പ്പുളശ്ശേരി വഴിയും പട്ടാമ്പി വഴിയും കോഴിക്കോട്ടേക്കും പൊന്നാനിയിലേക്കും ചരക്കു ലോറികളും കണ്ടെയ്നര്‍ ലോറികളുമാണ് ഇതുവഴി ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത്. പുലാശ്ശേരിയിലെ കുത്തനെയുള്ള ഇറക്കങ്ങളും വാഹനങ്ങളുടെ അമിതവേഗവും വളവു തിരിവുകൾ ഡ്രൈവർമാർക്കു തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടങ്ങൾക്കു പ്രധാന കാരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ അപകടങ്ങള്‍ ഇവിടെയുണ്ടായി.

കഴിഞ്ഞ ദിവസം മിനിലോറി നിയന്ത്രണം വിട്ടു സ്കൂട്ടറില്‍ ഇടിച്ചു യുവാവ് മരിച്ചതാണ് അവസാനത്തെ സംഭവം. ഏതാനും മാസങ്ങൾക്കു മുന്‍പു പിക്കപ്പ് വാൻ ബൈക്കില്‍ ഇടിച്ചു വിദ്യാർഥി മരിച്ചിരുന്നു. കൊപ്പം-വളാഞ്ചേരി റോഡിൽ രണ്ടു കിലോ മീറ്ററിനുള്ളിൽ അപകടകരമായ മൂന്നു വളവുകളുണ്ട്. ഇതിൽ രണ്ടും മൂന്നും വളവുകളിൽ അപകടങ്ങള്‍ പതിവാണ്. അപരിചിതരായ ഡ്രൈവർമാർ കുത്തനെയുള്ള ഇറക്കവും വളവും മനസ്സിലാക്കാന്‍ കഴിയാതെ വാഹനം ഓടിക്കുന്നതും അമിതവേഗം കാരണം നിയന്ത്രണം വിട്ടു മറിയുകയോ മറ്റു വാഹനങ്ങളിൽ ഇടിക്കുകയോ ചെയ്യുന്നതാണു മരണകാരണം.

അപകടങ്ങളുടെ വിഡിയോയും ഫോട്ടോകളും ഉൾപ്പെടെ മരാമത്ത് വകുപ്പ് അധികൃതര്‍ക്കു നാട്ടുകാര്‍ നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അപകടം പതിവായ പാതയില്‍ റോഡരികിലായി ഒട്ടേറെ വിദ്യാലയങ്ങളുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായ പ്രദേശത്തു വളവും തിരിവും തിരിച്ചറിയുന്ന ദിശാ ബോർഡും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്ന ബ്രേക്കറും രാത്രി വാഹനങ്ങൾക്ക് റോഡിന്റെ വളവു തിരിവുകൾ തിരിച്ചറിയുന്ന റിഫ്ലക്റ്റ് ലൈറ്റുകളും സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു എംഎല്‍എ, പഞ്ചായത്ത് ഭരണസമിതി, മരാമത്ത് വകുപ്പ് എന്നിവര്‍ക്കു പരാതികള്‍ നല്‍കിയതായി നാട്ടുകാരും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com