ADVERTISEMENT

പാലക്കാട് ∙ നിർത്താൻ ഒട്ടും മനസ്സില്ലായിരുന്നു. അത്രത്തോളം ആവേശമായിരുന്നു, ഉത്സവമായിരുന്നു കലാശക്കൊട്ട്. ആകാശമായിരുന്നു അതിര്. പാട്ട്, കൊട്ട്, വർണക്കടലാസുകൾ, കൊടികൾ... ആവേശത്തിന് നൂറു ശതമാനമായിരുന്നു പോളിങ്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന് ഇന്നലെ കലാശക്കൊട്ടോടെ സമാപനമായി. അതു ജനാധിപത്യത്തിന്റെ ഉത്സവമായി. പാലക്കാട്ടെ വോട്ടർമാരും വോട്ടില്ലാത്തവരും വരെ ആഘോഷിച്ചു. സ്റ്റേഡിയം പരിസരത്തു താമസിക്കുന്ന നാടോടികൾക്കും തിരഞ്ഞെടുപ്പു പ്രചാരണ സമാപനം സന്തോഷക്കാഴ്ചയായി. ഇവരുടെ കൂട്ടത്തിലെ കുട്ടികൾ താളത്തിനും മേളത്തിനും ഒപ്പം ചുവടുവച്ചതു കണ്ണിനിമ്പമായി.

വിലയേറിയ ഓരോ വോട്ടും തേടി നഗരം ചുറ്റി എത്തിയ മുന്നണികളുടെ കൊട്ടിക്കലാശം എഴുന്നള്ളത്ത് നഗരം കൺനിറയെ കണ്ടു. യുഡിഎഫ്, എ‍ൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രചാരണ സമാപനം സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തായിരുന്നു. കൃത്യം ആറുമണിക്ക് എല്ലാവരും പ്രചാരണം നിർത്തി. ശേഷം ഇടയ്ക്കൊന്നു കൊട്ടിന്റെ താളം കേട്ടതോടെ മറുപക്ഷവും ചെറുതായൊന്നു കൊട്ടി. തൊട്ടു സമീപത്തുണ്ടായിരുന്നവരും ഒന്നു താളം പിടിച്ചു. ഇതോടെ പൊലീസ് പാഞ്ഞെത്തി നിയമലംഘനം പാടില്ലെന്ന് അറിയിച്ചതോടെ എല്ലാവരും പ്രചാരണം നിർത്തി പിരിഞ്ഞു.

റോഡ് ഷോ ആയാണു മൂന്നു മുന്നണികളും സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തു കലാശക്കൊട്ടിനെത്തിയത്. ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥികൾ കലാശക്കൊട്ടിനു തിരഞ്ഞെടുത്തത് 3 സ്ഥലങ്ങളായിരുന്നു. പരസ്യപ്രചാരണം  യുഡിഎഫ് വടക്കഞ്ചേരിയിലും എൽഡിഎഫ് തൃശൂർ വടക്കാഞ്ചേരിയിലും എൻഡിഎ ചിറ്റൂരിലും അവസാനിപ്പിച്ചു. വാനോളം പതാകകൾ ഉയർത്തിയും സ്ഥാനാർഥികൾക്കു ജയ് വിളിച്ചും പ്രവർത്തകരും  ആവേശത്തിലായി.

പാലക്കാട്  മണ്ഡലം
യുഡിഎഫ്

ഘടകകക്ഷികളുടെ കൊടികൾ വീശി, നെഹ്റു കുടുംബത്തിലെ ഇളമുറത്തമ്പുരാനാണു രാഹുൽ ഗാന്ധിയെന്ന് ആവേശത്തോടെ പറഞ്ഞ്, പാലക്കാട് തിളങ്ങാൻ വി.കെ.ശ്രീകണ്ഠൻ ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി അനേകം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പു പ്രചാരണ സമാപനം. ഒലവക്കോട്ട് ആരംഭിച്ചു നഗരം ചുറ്റി സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് എത്തുമ്പോഴേക്കും ആവേശം അണപ്പൊട്ടി. തുടർന്നു സ്ഥാനാർഥിയുടെ ചെറു പ്രസംഗം. മോദിയുടെ ഗാരന്റികളെല്ലാം മുക്കുപണ്ടമെന്നായിരുന്നു പ്രധാന ആരോപണം. വി.കെ.ശ്രീകണ്ഠന്റെ ഭാര്യയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എ.തുളസി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം,  യുഡിഎഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ, കെപിസിസി സെക്രട്ടറി പി.വി.രാജേഷ് ഘടകകക്ഷി നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പാലക്കാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കലാശക്കൊട്ട്. ചിത്രം: മനോരമ
പാലക്കാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കലാശക്കൊട്ട്. ചിത്രം: മനോരമ

എൽഡിഎഫ്
സ്ഥാനാർഥിയുടെ ചിത്രമുള്ള മുഖം മൂടിയും പ്ലക്കാർഡുകളുമായിട്ടാണു പ്രവർത്തകർ കലാശക്കൊട്ട് ഗംഭീരമാക്കിയത്. തുറന്ന ജീപ്പിൽ അവരിൽ ഒരാളായി സ്ഥാനാർഥി എ.വിജയരാഘവനും ഒപ്പം. സന്ധ്യാമാനത്ത് ആകാശത്തോളം ഉയരത്തിൽ കൊടികൾ പാറി. ഗവ.വിക്ടോറിയ കോളജിനു മുന്നിൽ നിന്നു റോഡ് ഷോയോടെ ആരംഭിച്ച പ്രചാരണം താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫിസ് വഴി സുൽത്താൻപേട്ട ജംക്‌ഷനിലെത്തി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചു. താൻ വിജയിക്കേണ്ടതിന്റെ ആവശ്യം എന്തെന്നു അവസാന നിമിഷവും ജനങ്ങളോടു വിശദീകരിക്കുന്ന പ്രസംഗം. തീവ്ര ഹിന്ദുത്വ വാദികൾക്ക് കേരളം സൂചി കുത്താൻ ഇടം നൽകിയിട്ടില്ല. പിണറായി വിജയനെ കൂടി ജയിലിൽ ആക്കണമെന്നു പ്രസംഗിച്ച രാഹുൽ ഗാന്ധിക്ക് വോട്ടിലൂടെ മറുപടി നൽകണമെന്ന് ഓർമിപ്പിച്ച് പ്രസംഗം അവസാനിപ്പിച്ചു. നേതാക്കളായ എ.കെ.ബാലൻ, എൻ.എൻ.കൃഷ്ണദാസ്,പി.കെ നൗഷാദ്, കെ.ബിനുമോൾ, കെ.സുരേഷ് രാജ്, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

പാലക്കാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കലാശക്കൊട്ട്. ചിത്രം: മനോരമ
പാലക്കാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കലാശക്കൊട്ട്. ചിത്രം: മനോരമ

എൻഡിഎ
പാട്ടിന്റെയും കൊട്ടിന്റെയും താളത്തിൽ പ്രവർത്തകർക്കൊപ്പം ചുവടുവച്ച് കലാശക്കൊട്ടിനെ സ്ഥാനാർഥി ആട്ടക്കലാശമാക്കി. വർണക്കടലാസുകൾ നിറച്ച പേപ്പർ പോപ്പർ ഡാൻസിനെ കൂടുതൽ കളറാക്കി. തുറന്ന വാഹനത്തിൽ താളം പിടിച്ചു നഗരസഭാ സ്ഥിരം സമിതിയംഗം ഭാര്യ മിനി കൃഷ്ണകുമാറുമുണ്ടായിരുന്നു. സ്ഥാനാർഥിയുടെ മിനിയേച്ചറും നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാസ്കും  കൗതുകായി. മോയൻസ് സ്കൂൾ പരിസരത്ത് ആരംഭിച്ച് ശകുന്തള ജംക്‌ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, റോബിൻസൺ റോഡ്, ജില്ലാ ആശുപത്രി, അഞ്ചു വിളക്ക്, ഐഎംഎ ജംക്‌ഷൻ, കുന്നത്തൂർമേട്, കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിനു സമീപമെത്തി പ്രചാരണം അവസാനിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, പി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും ആഘോഷത്തിൽ പങ്കാളികളായി.

യു‍ഡിഎഫ് ആലത്തൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റ ഭാഗമായി പുതുനഗരത്തു സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ചിത്രം: മനോരമ
യു‍ഡിഎഫ് ആലത്തൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റ ഭാഗമായി പുതുനഗരത്തു സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ചിത്രം: മനോരമ

ആലത്തൂർ മണ്ഡലം‌
യുഡിഎഫ് 
യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ മുഖംമൂടി അണിഞ്ഞ പ്രവർത്തകർ വൈകിട്ട് മൂന്നിനു തന്നെ വടക്കഞ്ചേരി ടൗൺ കയ്യടക്കി. സ്ഥാനാർഥിയുടെ റോഡ് ഷോ ഉച്ചയ്ക്കു ചിറ്റൂരിൽ നിന്നാണ് ആരംഭിച്ചത്. ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകരും തുറന്ന വാഹനങ്ങളിൽ ജില്ലാ, സംസ്ഥാന നേതാക്കളും അനുഗമിച്ചു. കൊഴിഞ്ഞാമ്പാറ, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു.  വൈകിട്ട് സ്ഥാനാർഥി വടക്കഞ്ചേരി ടൗണിലെത്തിയതോടെ ആവേശം അണപൊട്ടി. കൊട്ടും പാട്ടും ഉച്ചത്തിൽ ഉയർന്നതോടെ പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയും ചുവടുവച്ചു. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമർക സ്ഥാനാർഥിക്കൊപ്പം നിന്നു പ്രവർത്തകരെ അഭിസംബോധന ചെയ്തു. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി ഉണ്ടായിരുന്നില്ലെങ്കിലും മറുവശത്ത് എൽഡിഎഫ് പ്രവർത്തകരും ബാൻഡ് മേളവുമായി കെ.രാധാകൃഷ്ണനു വേണ്ടി അണിനിരന്നു. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും ആവേശം തീർത്തു.

ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിന്റെ തിരഞ്ഞെടുപ്പു പരസ്യ പ്രചാരണത്തിന്റെ അവസാനം കുറിച്ചു ചിറ്റൂർ അണിക്കോട് ജംക്‌ഷനിൽ നടന്ന കലാശക്കൊട്ട്. ചിത്രം: മനോരമ
ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിന്റെ തിരഞ്ഞെടുപ്പു പരസ്യ പ്രചാരണത്തിന്റെ അവസാനം കുറിച്ചു ചിറ്റൂർ അണിക്കോട് ജംക്‌ഷനിൽ നടന്ന കലാശക്കൊട്ട്. ചിത്രം: മനോരമ

എൻഡിഎ
ചിറ്റൂരിനെ ആവേശത്തിലാഴ്ത്തി എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസുവിന്റെ കലാശക്കൊട്ട്. മൂന്നുമണിക്ക് കൊഴിഞ്ഞാമ്പാറയിൽ നിന്നും നൂറോളം ബൈക്കുകളിലായി ചിറ്റൂർ കച്ചേരിമേട്ടിലെത്തി. അവിടെനിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കലാശക്കൊട്ടിൽ പങ്കാളികളായി. അണിക്കോട് ജംക്‌ഷനിൽ കലാശക്കൊട്ട് സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം ലോക്സഭാ കൺവീനർ  അനീഷ് ഇയ്യാൽ, കോ കൺവീനർ എ.കെ.ഓമനക്കുട്ടൻ, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ബാലകൃഷ്ണൻ, സി.എസ്.ദാസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ വടക്കാഞ്ചേരിയിൽ തുറന്ന വാഹനത്തിൽ പ്രവർത്തകർക്കൊപ്പം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ.
ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ വടക്കാഞ്ചേരിയിൽ തുറന്ന വാഹനത്തിൽ പ്രവർത്തകർക്കൊപ്പം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com