ADVERTISEMENT

മണ്ണാർക്കാട്  ∙ കോട്ടോപ്പാടം കണ്ടമംഗലം പനയപ്പുള്ളിയിൽ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അരിയൂരിലെ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണു തീപിടിത്തമുണ്ടായത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴികളുടെ ശബ്ദം കേട്ട ഫാമിലെ ഇതര സംസ്ഥാന തൊഴിലാളി നൗബി ഹുസൈനാണു ഫാം കത്തുന്നത് ആദ്യം കണ്ടത്. ഫാമിന് 200 മീറ്റർ അകലെയാണു നൗബി ഹുസൈനും കുടുംബവും താമസിക്കുന്നത്. ഉടമ ഫൈസൽ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

വനത്തോടു ചേർന്നുള്ള റബർ തോട്ടത്തിലാണു ഫാം പ്രവർത്തിക്കുന്നത്. തീ ഉയരുന്നതു കണ്ടു സമീപത്തുള്ളവരും ഓടിക്കൂടി. തകര ഷീറ്റുകൊണ്ടു മേഞ്ഞ ഫാമിൽ ചൂടു കുറയ്ക്കാനായി തെങ്ങോല, കമുകിൻ പാള എന്നിവ സീലിങ് രൂപത്തിൽ നിരത്തിയിരുന്നു. ഫാമിനുള്ളിലെ കാലപ്പഴക്കം ചെന്ന വയറിങ്ങിൽ നിന്നു ഷോർട്ട് സർക്യൂട്ട് സംഭവിച്ച് ഓലയിൽ തീ പടർന്നതാവാമെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു.

ഒന്നര മണിക്കൂർ പരിശ്രമിച്ചാണു തീ അണച്ചത്. അടുത്തുള്ള മറ്റു ഫാമുകളിലേക്കും റബർ തോട്ടത്തിലേക്കും തീ പടരാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇൻ ചാർജ് ജി.അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സുരേഷ്കുമാർ, ആർ.ശ്രീജേഷ്, കെ.പ്രശാന്ത്, ഷാജിത്, ഷോബിൻദാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ടി.സന്ദീപ് എന്നിവരും നാട്ടുകാരും ചേർന്നാണു തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com