ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം ഹെഡ്നഴ്സ് വി. ബിജുകുമാറിന്റെ (51) മൃതദേഹം ആശുപത്രിയിൽ  പൊതുദർശനത്തിന് വച്ചു. കൊല്ലത്ത് നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഒരു മണിക്കൂറോളമാണ് പൊതുദർശനത്തിന് വച്ചത്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു. പാരിപ്പള്ളി ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിന് ശേഷമാണ് മൃതദേഹം തലസ്ഥാനത്ത് എത്തിച്ചത്.

ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം വിളവൂർക്കൽ കുണ്ടമൺകടവ് ശങ്കരൻനായർ റോഡിലെ വീട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പുളിമൂട് ഭാഗത്ത് വച്ചാണ് ബിജുകുമാറിനെ കാണാതെയായത്. ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ടോടെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ നിന്ന് മരിച്ച നിലയിൽ  കണ്ടെത്തിയത്. 

ബിജുകുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചില പ്രശ്നങ്ങളും ഇതിന് കാരണമായതായാണ് വിവരം. ആശുപത്രിയിലെ എൻജിഒ യൂണിയൻ പ്രവർത്തകനായിരുന്നു ബിജുകുമാർ. ആശുപത്രി  അത്യാഹിത വിഭാഗത്തിന്റെ ചുമതലകൾ പുനഃക്രമീകരിച്ച്   കഴിഞ്ഞ ആറിന് ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടതിനു പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചെന്നാണ് സൂചന. ഈ ഉത്തരവ് പ്രകാരം ബിജുകുമാറിന്റെ ഭാര്യയും സീനിയർ നഴ്സിങ് ഓഫിസറുമായ വി.എസ്. ശാലിനിയെ അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ചിരുന്നു.

ശാലിനിയെ നിയമിക്കുന്നതിനായി മറ്റൊരു പ്രബല ഭരണകക്ഷി യൂണിയനിൽപ്പെട്ട ആളിനെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.  അത്യാഹിത വിഭാഗത്തിലെ ചുമതലകൾ പുനഃക്രമീകരിച്ചതിനെതിരെ ജീവനക്കാർ ഒട്ടേറെ പരാതികൾ സൂപ്രണ്ടിന് നൽകി. പുനഃക്രമീകരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതികൾ. നിലവിൽ ഈ പരാതികൾ പ്രിൻസിപ്പലിന്റെ പരിഗണനയിലാണ്. പുനഃക്രമീകരണത്തിന് എതിരെയുണ്ടായ പരാതികളിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. പരാതികൾ ഉയർന്നതോടെ രണ്ടു യൂണിയനുകളിൽപ്പെട്ടവർ രണ്ടു ചേരിയിലായി.

ഇതിന് പിന്നാലെ ബിജുകുമാറിനെതിരെ  ആരോപണങ്ങളും ഉയർന്നു. ഇതിൽ ബിജു  അസ്വസ്ഥതനായിരുന്നു. പ്രധാന നേതാക്കളിൽ നിന്ന് ഉൾപ്പെടെ പ്രതികാര നടപടികളും ഇദ്ദേഹം നേരിട്ടതായാണ് വിവരം. അനാവശ്യമായി തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി ബിജുകുമാർ അടുപ്പക്കാരോട് സൂചിപ്പിച്ചിരുന്നു.  ആറിന്  പുറത്ത് വന്ന ഉത്തരവിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ നിരാശനും കടുത്ത മാനസിക സമ്മർദവും അദ്ദേഹം അനുഭവിച്ചിരുന്നതായി ജീവനക്കാരിൽ ചിലർ പറയുന്നു.  നിലവിൽ ബന്ധുക്കൾ പരാതിയുമായി ആരെയും സമീപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com