ADVERTISEMENT

കാട്ടാക്കട ∙ കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകൻ പിടിയിൽ. ഇയാളുടെയും ബന്ധുവിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 100 രൂപ, 500 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ്.ബിനീഷ്(27), ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ.ജയൻ(47) എന്നിവരാണ് പിടിയിലായത്.

3ന് പൂവച്ചൽ എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിൽ ആണ് ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ 500 രൂപയുടെ 8 നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. 6ന് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണ് പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്. പണം നിക്ഷേപിച്ച സമയം, ഉപയോഗിച്ച എടിഎം കാർഡിന്റെ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ ഉൾപ്പെടെ വ്യാഴാഴ്ച ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. അക്കൗണ്ട് ഉടമയുടെ വിലാസം ഉപയോഗിച്ച് ബിനീഷിനെ പിടികൂടി.

സിഡിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചാൽ അത് പ്രത്യേക അറയിലേക്കാണു പോകുക. മുഷിഞ്ഞതും എണ്ണമയമുള്ളതുമായ യഥാർഥ കറൻസി നോട്ട് ആണെങ്കിൽ, മെഷീൻ സ്വീകരിക്കാതെ പുറത്തേക്കു തള്ളും. അമ്മയുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ച നോട്ട് തിരികെ വരാത്തതിനാൽ അക്കൗണ്ടിൽ പണം എത്തിയെന്ന് ഇരുവരും കരുതി. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ക്രെഡിറ്റ് ആയിരുന്നില്ല. ജയന്റെ വീട്ടിലാണ് നോട്ട് നിർമിച്ചത്. തുടങ്ങിയിട്ട് ഒരു മാസമായെന്നാണു മൊഴി.  റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ.ഗിരീഷ് പറഞ്ഞു. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com