ADVERTISEMENT

നെയ്യാറ്റിൻകര ∙ പൊഴിയൂർ, കൊല്ലംകോട് മേഖലയ്ക്കു പിന്നാലെ പൂവാർ, പൊഴിക്കര പ്രദേശങ്ങളിലും കടൽക്ഷോഭം കാരണം തീരം നഷ്ടപ്പെടുമെന്ന ഭയത്തിൽ തീരദേശവാസികൾ. അങ്ങനെയെങ്കിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ ദിവസവും നൂറു കണക്കിനു വിനോദ സ‍ഞ്ചാരികൾ എത്തുന്ന ഗോൾഡൻ ബീച്ച് ഓർമ മാത്രമായി മാറിയേക്കും.ഇടക്കാലത്തുണ്ടായ കടലേറ്റത്തിൽ പൂവാറിൽ നിന്ന് പൊഴിക്കരയിലേക്കുള്ള റോഡിന്റെ പാർശ്വഭിത്തി ഭാഗികമായി തകർന്നിരുന്നു. നെയ്യാർ ഗതിമാറി ഒഴുകി തീരത്തെ അപ്പാടെ വെള്ളം വിഴുങ്ങുകയും ചെയ്തു.

പിന്നീട് വെള്ളം ഇറങ്ങിയെങ്കിലും സുരക്ഷയുടെ പേരിൽ പൊലീസും പഞ്ചായത്തും ചേർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും എത്തുന്നത് ബോട്ട് മാർഗത്തിലൂടെ മാത്രമായി കടൽക്ഷോഭത്തെ തുടർന്ന് തകർന്ന റോഡിന്റെ പാർശ്വഭിത്തി പുനർ നിർമിക്കാൻ ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല. ഇതിന്റെ കാരണം ആരായുമ്പോൾ ‘തിരഞ്ഞെടുപ്പല്ലേ’ എന്ന ഒഴുക്കൻ മറുപടിയാണ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. 

അതേസമയം ഇക്കാര്യത്തിൽ ശക്തമായി തീരുമാനം സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരേ സ്വരത്തിൽ പറയുന്നു.കണ്ടൽക്കാടുകളും ആറും കടലും മണൽത്തീരവുമൊക്കെയായി വളരെ മനോഹരമായ പ്രദേശമാണ് പൂവാർ പൊഴിക്കര. വിനോദ സഞ്ചാര മേഖലയിലും മുന്നേറുന്നതിനിടയിലാണ് കടൽക്ഷോഭവും തീരശോഷണവും വെല്ലുവിളി ഉയർത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഇതു വിലങ്ങുതടിയാണ്.

കോസ്റ്റൽ പൊലീസ് സ്റ്റേഷൻപാർശ്വഭിത്തി തകർന്ന റോഡിലൂടെ ആണ് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരേണ്ടത്.ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞുവെങ്കിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും പൊഴിക്കര വരെ പോകാൻ അനുമതിയുണ്ട്. ഇതിയൊരു കടലേറ്റമുണ്ടാവുകയും നെയ്യാർ ഗതി മാറി ഒഴുകി കടൽത്തീരം വെള്ളത്തിനടിയിലാവുകയും ചെയ്താൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാൻ അക്ഷരാർഥത്തിൽ ബോട്ട് ഇറക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com