ADVERTISEMENT

കഴക്കൂട്ടം ∙ ബീയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് കുത്തേറ്റു. 2 പേരുടെ നില ഗുരുതരം. 2 പേരെ അറസ്റ്റ് ചെയ്തു. ഒരാൾ കസ്റ്റഡിയിലുണ്ട്. കേക്ക് മുറിക്കുന്നത് ആരെന്ന പേരിലായിരുന്നു തർക്കം. ശ്രീകാര്യം കിഴവുകര മഠത്തുനട ഷാലു.കെ.നായർ (34), ചെറുവയ്ക്കൽ മയൂരത്തിൽ സൂരജ് (28),സ്വരൂപ്(30), ആക്കുളം നിഷിന് സമീപം വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുൽ (28) എന്നിവർക്കാണ് കുത്തേറ്റത്. 

ഗുരുതര പരുക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഠിനംകുളം മണക്കാട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ശനി രാത്രി 11.30ന് ആണ് സംഭവം.  ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ 9 അംഗസംഘം സമീപത്തെ മേശയിലിരുന്ന നാലംഗ സംഘവുമായി സൗഹൃദത്തിലായി. തുടർന്ന് ആഘോഷം ഒരുമിച്ചായി. കേക്ക് മുറിക്കാറായപ്പോഴാണ് തർക്കം ആരംഭിച്ചത്. 

ആര് മുറിക്കണം എന്നതായിരുന്നു തർക്കം. തുടർന്നു നാലംഗ സംഘം കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് ആക്രമിച്ചു. കേക്ക് മുറിക്കാനുള്ള കത്തിയും ഫോർക്കും ഉപയോഗിച്ച് എതിർ സംഘവും കുത്തി.  യുവാക്കൾ കുത്തേറ്റ് വീണതോടെ അക്രമിസംഘം കടന്നു.പൊലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കടന്നുകളഞ്ഞ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി കഴക്കൂട്ടം അസി. കമ്മിഷണർ എൻ. ബാബുക്കുട്ടൻ അറിയിച്ചു.

കേസിലെ ഒന്നാം പ്രതി ചിറയിൻകീഴ് കിഴുവിലം അഭിജിത്ത് കൊലക്കേസിൽ പ്രതിയാണെന്നും2021 ൽ ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവേയാണ് പുതിയ കേസെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com