ADVERTISEMENT

വിതുര ∙ മഴ പെയ്താൽ ചെളിക്കുളമാകുന്ന ദുരിതത്തിലാണ് പൊന്മുടി സംസ്ഥാന ഹൈവേയിലെ വിതുര ഹൈസ്കൂൾ ജംക്‌ഷൻ. തകർന്നു തരിപ്പണമായി കിടക്കുന്ന ഹൈസ്കൂൾ ജംക്‌ഷൻ റോഡിൽ നിറയെ കുഴികളാണ്. ഓട സംവിധാനം കൂടി ഇല്ലാത്തതിനാൽ പെയ്തു വീഴുന്ന മഴവെള്ളം ഒഴുകിപ്പോകാതെ നടു റോഡിൽ ചെളിക്കെണിയാകുന്നത് പതിവാണ്. ആശുപത്രി റോഡിൽ നിന്നും വെള്ളം ഒഴുകി സംസ്ഥാന പാതയിലേക്ക് ഇറങ്ങും. ആശുപത്രി റോഡിന്റെ സംസ്ഥാന ഹൈവേയോടു ചേർന്ന ഭാഗം തകർന്നു തരിപ്പണമായി. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. ഈ റോഡിൽ കാൽനടയാത്രയും ഇരുചക്ര വാഹന യാത്രയും ഇതോടെ ബുദ്ധിമുട്ടിലാണ്. 

വാഹനങ്ങൾ റോഡിലെ കുഴിയിൽ കുടുങ്ങുന്നതും പതിവാണ്. കൃത്യ സമയത്തു ഓട കോരാത്തതാണ് പ്രശ്നം വഷളാക്കിയതെന്നു നാട്ടുകാർ പറയുന്നു. ഓടയിൽ മണ്ണും മാലിന്യവും വന്ന് അടിഞ്ഞു കൂടി കിടക്കുകയാണ്. ഹൈവേയുടെ മുക്കാൽ ഭാഗത്തോളം ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പ്രശ്നമാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കെട്ടി നിൽക്കുന്ന വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കു തെറിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ പെട്ടെന്നു തന്നെ പരിഹാരം കാണണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com