മേയർ ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ മൊഴിയെടുത്തു
Mail This Article
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ യദുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാവിലെ 11 മുതൽ ഒരു മണി വരെ കന്റോൺമെന്റ് പൊലീസും പിന്നീട് തമ്പാനൂർ പൊലീസുമാണ് മൊഴിയെടുത്തത്. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തയാറായെങ്കിലും മെമ്മറി കാർഡിന്റെ കാര്യത്തിൽ പൊലീസിന്റെ മറുപടി കൂടി ലഭിച്ച ശേഷം കെഎസ്ആർടിസി എംഡിക്ക് റിപ്പോർട്ട് സമർപ്പിക്കും.
കെഎസ്ആർടിസി വിജിലൻസും പൂർണമായും യദുവിന്റെ പിന്തുണയ്ക്കുന്ന റിപ്പോർട്ടല്ല തയാറാക്കിയിരിക്കുന്നത് എന്നാണു വിവരം. മേയറും എംഎൽഎയുമാണെന്നു പറഞ്ഞിട്ടും ‘നിങ്ങൾ ആരായാലും എനിക്കെന്ത്? എന്റെ ശമ്പളം തരൂ’ എന്നായിരുന്നു യദു പ്രതികരിച്ചത്. ഇത് അനാവശ്യമായിരുന്നുവെന്നും ആരാണെന്നു ബോധ്യമായിട്ടും അർഹിക്കുന്ന ബഹുമാനം കാണിച്ചില്ലെന്നതുമാണ് കുറ്റം. തൃശൂരിൽ നടിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയിലും യദുവിനെതിരെ കെഎസ്ആർടിസി വിജിലൻസിന്റെ റിപ്പോർട്ട് വരുമെന്നാണു സൂചന.
അന്നു സർവീസിലുണ്ടായിരുന്ന കണ്ടക്ടറുടെ മൊഴിയനുസരിച്ച്, യദുവിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്. അതേസമയം തൽക്കാലം റിപ്പോർട്ട് വൈകിപ്പിക്കാനാണ് നിർദേശം. കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞ ശേഷം മതി റിപ്പോർട്ടെന്നാണ് തീരുമാനം. ബസിന്റെ മുന്നിൽ മേയർ കാർ കുറുകെയിട്ട് തടഞ്ഞതിൽ പൂർണമായും ഡ്രൈവറെ തള്ളിപ്പറയാൻ കെഎസ്ആർടിസിക്കാകില്ല. ഒപ്പം, മേയർക്കും എംഎൽഎക്കുമെതിരെ നിൽക്കാനും രാഷ്ട്രീയമായി കഴിയില്ലെന്നതാണ് ഗതാഗതവകുപ്പ് നേരിടുന്ന പ്രശ്നം.