ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതു ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞാൽ ബദൽ ഗ്രൗണ്ടുകളൊരുക്കി സർക്കാർ നേരിടാൻ തയാറായതിനു പിന്നാലെ ഇന്നലെ ആകെയുള്ള 86 സ്ഥലങ്ങളിൽ 18 ഇടത്ത് ഭാഗികമായി ടെസ്റ്റുകൾ നടന്നു. ആകെ 86 പേർ പങ്കെടുത്തു. ഇതിൽ 2 പേർക്ക് വാഹനമില്ലാത്തതിനാൽ ടെസ്റ്റ് നടത്താനായില്ല. സർക്കാരും ഡ്രൈവിങ് സ്കൂൾ ഉടമകളും തമ്മിലുള്ള തർക്കവും പ്രതിഷേധവും സംഘർഷത്തിലായതോടെ പലയിടത്തും ടെസ്റ്റിൽ പങ്കെടുക്കാൻ സ്ലോട്ട് കിട്ടിയവർ എത്തിയില്ല. അപേക്ഷകരെ കാത്തുനിന്ന ശേഷം ഉദ്യോഗസ്ഥർക്കു മടങ്ങേണ്ടിവന്നു.

ചിലയിടങ്ങളിൽ ഇന്നലെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് മുട്ടത്തറയിൽ ടെസ്റ്റിങ് കേന്ദ്രത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചു. തൃശൂരിലും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് 21 പേർക്ക് സ്ലോട്ട് അനുവദിച്ചിരുന്നെങ്കിലും ആരും വന്നില്ല. കൊല്ലം (25), പത്തനംതിട്ട (9), കോട്ടയം (16), ഇടുക്കി (22), തൃശൂർ (6), പാലക്കാട് (1) കോഴിക്കോട് (2), കണ്ണൂർ (1), ആറ്റിങ്ങൽ (1), മൂവാറ്റുപുഴ (1) എന്നിങ്ങനെയാണ് ടെസ്റ്റ് നടന്നത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, വടകര എന്നിവിടങ്ങളിൽ ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർ കാത്തുനിന്നെങ്കിലും ആരും വന്നില്ല. കോന്നിയിലും അടൂരിലും അപേക്ഷകർ എത്താത്തതിനാൽ ടെസ്റ്റ് നടന്നില്ല.  കെഎസ്ആർടിസിയുടെ 24 സ്ഥലങ്ങളിൽ ടെസ്റ്റിങ് കേന്ദ്രങ്ങൾക്കായി ഗ്രൗണ്ട് തയാറാക്കുന്ന ജോലികൾ നാളെയോടെ പൂർത്തിയാക്കും. തിങ്കളാഴ്ച മുതൽ ഇവിടെയും ടെസ്റ്റിങ് കേന്ദ്രങ്ങളാക്കാൻ കഴിയുമെന്നാണ് ഗതാഗതവകുപ്പിന്റെ പ്രതീക്ഷ.

ടെസ്റ്റിങ് സെന്ററുകളിൽ സ്ലോട്ട് ലഭിച്ചതനുസരിച്ച് അപേക്ഷകർ എത്തിയില്ലെങ്കിൽ അവർക്ക് അവസരത്തിനു 6 മാസം കാത്തിരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഗതാഗതവകുപ്പ് നൽകുന്നുണ്ട്. 6 മാസം കഴിഞ്ഞാൽ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയുന്ന പ്രശ്നവുമുണ്ടാകും. സ്ലോട്ട് ലഭിച്ചവർ എത്താതിരിക്കുന്നത് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമ്മർദത്തിന്റെ ഫലമാണെന്നു കരുതുന്നു. ഇതിന് ചിലയിടങ്ങളിൽ ഉദ്യോഗസ്ഥ പിന്തുണയും ലഭിക്കുന്നുണ്ടെന്ന വിവരം വകുപ്പിലെ ഉന്നതർ തന്നെ സമ്മതിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com