യുവാവിനെ അടിച്ചുകൊന്ന കേസ്: ഒരാൾ അറസ്റ്റിൽ; 2 പേർ കസ്റ്റഡിയിൽ
Mail This Article
തിരുവനന്തപുരം∙ കരമന മരുതൂർക്കടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലി(26)നെ നടുറോഡിൽ കല്ലും കമ്പും കുപ്പിയും ഉപയോഗിച്ച് അടിച്ചുകൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ആക്രമണം നടത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന പുഞ്ചക്കരി നിരപ്പിൽ കൃഷ്ണകൃപയിൽ അനീഷാണ് അറസ്റ്റിലായത്. കൃത്യത്തിനായി പ്രതികൾ വാടകയ്ക്കെടുത്ത കാർ ഓടിച്ചത് അനീഷായിരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കിരൺ, വാഹനം സംഘടിപ്പിച്ച ഹരിലാൽ എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്.
കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ വിനീഷ് രാജ്, സുമേഷ്, അഖിൽ എന്ന അപ്പു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ലഹരിക്ക് അടിമകളായ പ്രതികൾ കൊടുംക്രിമിനലുകളാണെന്നു പൊലീസ് പറഞ്ഞു. അഞ്ചു വർഷം മുൻപ് അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ.
അതിക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷമാണ് അഖിൽ കൊല്ലപ്പെട്ടതെന്നു പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. വോട്ടെടുപ്പു ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളുമായി ഇവർ ഏറ്റുമുട്ടിയിരുന്നു. ബാറിലേക്കു കയറുമ്പോൾ വാതിൽക്കൽനിന്നു മാറിക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമായിരുന്നു കാരണം. അന്ന് പ്രതികളുടെ കൂട്ടത്തിലുള്ള കിരണിനു കല്ലുകൊണ്ടു മർദനമേറ്റിരുന്നു.
പ്രതികാരം തീർക്കാൻ പ്രതികൾ അഖിലിന്റെ താമസസ്ഥലവും ദിനചര്യയും നിരീക്ഷിച്ചു മനസ്സിലാക്കി. രണ്ടാഴ്ച നീണ്ട ആസൂത്രണത്തിനു ശേഷമാണു 10നു വൈകിട്ട് അഞ്ചോടെ അഖിലിനെ തേടിയെത്തിയത്. വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന അഖിലിനോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു തടഞ്ഞു നിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്തുള്ള തന്റെ പെറ്റ് ഷോപ്പിലേക്ക് ഓടിക്കയറാൻ അഖിൽ ശ്രമിച്ചു. പിന്തുടർന്നെത്തിയ സംഘം അഖിലിനെ അടിച്ചു വീഴ്ത്തിയ ശേഷം കയ്യിൽ കിട്ടിയതെല്ലാമെടുത്ത് ആക്രമിച്ചു. മരണം ഉറപ്പാക്കാനായി നെഞ്ചിൽ കല്ലെടുത്ത് അടിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
2019 മാർച്ചിൽ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയതും നിസ്സാര പ്രകോപനത്തിന്റെ തുടർച്ചയായാണ്. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്തുവിനെ തട്ടിക്കൊണ്ടുപോയി ദേശീയ പാതയിൽ നീറമൺകരയ്ക്കു സമീപം കാടുപിടിച്ച സ്ഥലത്ത് എത്തിക്കുകയും ഒരു ദിവസം മുഴുവൻ മർദിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. രണ്ടു കൈ ഞരമ്പുകളും മുറിച്ചു.
കണ്ണിൽ സിഗററ്റ് വച്ച് പൊള്ളിച്ചു. മർദനത്തിൽ തലയോട്ടി തകർന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കല്ല്, കമ്പ് തുടങ്ങി കയ്യിൽ കിട്ടിയതുപയോഗിച്ചായിരുന്നു മർദനം. ഇതേ രീതി തന്നെയാണ് അഖിലിന്റെ കൊലപാതകത്തിലുമുണ്ടായത്. അനന്തു കേസിൽ വിചാരണ നീണ്ടതിനാലാണു പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയത്. അഖിലിന്റെ സംസ്കാരം നടത്തി.