സ്റ്റോപ് മെമ്മോ അവഗണിച്ച കോഴിഫാം പൂട്ടിച്ചു
Mail This Article
വെള്ളനാട്∙ സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവർത്തനം തുടർന്ന പുതുമംഗലം അങ്കണവാടിക്ക് സമീപം പ്രവർത്തിക്കുന്ന കോഴിഫാം ഇന്നലെ പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഇതിൽ ഉണ്ടായിരുന്ന രണ്ടായിരത്തോളം കോഴികളെ മറ്റ് കോഴിഫാം ഉടമകൾക്ക് വിറ്റു. ഇൗ പണം ലഭിക്കുന്ന മുറയ്ക്ക് പൂട്ടിയ ഫാമിന്റെ ഉടമയ്ക്ക് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. 90 രൂപ നിരക്കിൽ ആണ് കോഴികളെ വിറ്റത്. ഇൗച്ച ശല്യവും ദുർഗന്ധവും രൂക്ഷമായതോടെ സമീപവാസികൾ ധാരാളം പരാതികൾ പഞ്ചായത്തിൽ നൽകിയിരുന്നു. ഒട്ടേറെ തവണ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടും പ്രവർത്തനം നിർത്തിവയ്ക്കാൻ ഫാം ഉടമ തയാറാകാത്തതിനെ തുടർന്നാണ് നടപടിയെന്ന് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.
കോഴികളെ മാറ്റുന്നതിനും ഫാമും പരിസരവും വൃത്തിയാക്കുന്നതിനും ഇൗച്ച ശല്യം ഒഴിവാക്കുന്നതിനും ആദ്യം 45 ഉം പിന്നീട് 12 ദിവസവും പഞ്ചായത്ത് നൽകി. ശേഷം നൽകിയ 7 ദിവസവും കഴിഞ്ഞ വ്യാഴാഴ്ച കഴിഞ്ഞതോടെ ആണ് പഞ്ചായത്ത് നടപടിയിലേക്ക് കടന്നത്. പുതുമംഗലം സ്വദേശി ആൻസിക്ക് ആണ് പഞ്ചായത്ത് ലൈസൻസ് നൽകിയത്. ആൻസി തമിഴ്നാട് സ്വദേശിക്ക് ലീസിന് കൊടുത്തതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇൗച്ച ശല്യം രൂക്ഷമായതോടെ ഇന്നലെയും സമീപവാസികൾ പരാതിയുമായി പഞ്ചായത്തിൽ എത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, അംഗങ്ങളായ കടുവക്കുഴി ബിജുകുമാർ, എൽ.ആശാമോൾ, പുതുക്കുളങ്ങര മണികണ്ഠൻ, സെക്രട്ടറി മിനി, ജൂനിയർ സൂപ്രണ്ട് രഞ്ജിനി, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് നടപടി എടുത്തത്.
പരാതിപ്പെട്ട ആളിന്റെ വീടിനു നേരെ ആക്രമണം
വെള്ളനാട്∙ പുതുമംഗലം കണിയാർകോണം ഫിറോഷ് ഭവനിൽ ടി.എസ്.ഫിറോഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ എറിഞ്ഞു തകർത്തു. വെളളി രാത്രി 11.30 ഓടെ ആണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ എണീറ്റപ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടു. വീടിന്റെ സമീപത്തെ കോഴിഫാം നാട്ടുകാരുടെ പരാതിയിൽ വെള്ളിയാഴ്ച പഞ്ചായത്ത് പൂട്ടിച്ചു. ഫാമിന് എതിരെ ഫിറോഷും പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം എന്നാണ് കരുതുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി.
അനധികൃത ഫാമുകൾക്കെതിരെ നടപടി
പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാം, കോഴി ഫാം എന്നിവയ്ക്കെതിരെ ഉടനടി നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ. പന്നികളെ കൊണ്ടു പോകുന്നതിന് കൂത്താട്ടുകുളത്ത് നിന്ന് തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അനധികൃത പന്നിഫാമുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.