ADVERTISEMENT

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റിലെ സമഗ്ര പരിഷ്കാരം മേഖലയിലെ സ്ഥിതി മനസ്സിലാക്കാതെയാണെന്നും ഡ്രൈവിങ് സ്കൂൾ സംഘടനകളുമായി കൂടിയാലോചനയ്ക്കു ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.   എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് 10 ലക്ഷത്തിലധികം അപേക്ഷകർ ടെസ്റ്റ്  കാത്തിരിക്കുകയാണെന്നും  സ്ലോട്ടുകളുടെ എണ്ണം വർധിപ്പിച്ച് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

ഡപ്യൂട്ടി മേയർ പി.കെ.രാജു മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എം.വിൻസന്റ് എംഎൽഎ  ധർണ ഉദ്ഘാടനം ചെയ്തു. സംയുക്തസമരസമിതി പ്രസിഡന്റ് എം.എസ്. പ്രസാദ് അധ്യക്ഷനായിരുന്നു. ബിജെപി  ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, സംയുക്തസമരസമിതി രക്ഷാധികാരി കെ.എം. ലെനൻ, നാസർ ഉസ്മാൻ, ഹരിസൂൺ നായർ തുടങ്ങിയവർ  പ്രസംഗിച്ചു.

ഡ്രൈവിങ് ടെസ്റ്റ് :മുട്ടത്തറയിൽ പങ്കെടുത്ത മൂന്നു പേരും പരാജയപ്പെട്ടു
തിരുവനന്തപുരം∙ പത്തു ദിവസത്തിനു ശേഷം ഡ്രൈവിങ് ടെസ്റ്റ് നടന്ന മുട്ടത്തറയിൽ പ്രതിഷേധക്കാർ ബഹളം വയ്ക്കുന്നതിനിടെ പങ്കെടുത്ത മൂന്നു പേരും പരാജയപ്പെട്ടു.സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.   ടെസ്റ്റിനായി കൊണ്ടു വന്ന വാഹനത്തിന്റെ പിൻഭാഗം അപകടത്തിൽപെട്ട നിലയിലായിരുന്നു.

റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്കു ടെസ്റ്റ് നടത്തുന്നുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ ടെസ്റ്റിനു വന്ന മൂന്നുപേരെ പൊലീസ് അകത്തേക്കു കയറ്റിവിട്ടു. ടെസ്റ്റ് പരാജയപ്പെട്ടയാളെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാർ പ്രതിഷേധിച്ചത്.   ടെസ്റ്റ് പരാജയപ്പെട്ടതിനു പിന്നാലെ വാഹനത്തിനു മുന്നിൽ  സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com