ജല മോഷണം കണ്ടെത്തി വാട്ടർ അതോറിറ്റി
Mail This Article
തിരുവനന്തപുരം ∙ ജല മോഷണം നടത്തിയ രണ്ടു വീട്ടുകാർക്കെതിരെ നടപടി. വാട്ടർ അതോറിറ്റിയുടെ സർവീസ് ലൈനിൽ നിന്ന് അനധികൃതമായി ലൈൻ വലിച്ചാണ് ഇവർ വെള്ളമെടുത്തിരുന്നത്. ജലഅതോറിറ്റി ആന്റി തെഫ്റ്റ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. കുടിശിക വരുത്തിയതിനെ തുടർന്ന് ശുദ്ധജല കണക‍്ഷൻ വിഛേദിച്ചതിനു പിന്നാലെയാണ് ഇവർ അനധികൃതമായി കണക്‌ഷനെടുത്തതെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്ക് ജല മോഷണം നടത്തുന്നത് ആറു മാസം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് ജലഅതോറിറ്റി അറിയിച്ചു. ഇരു വീടുകളിലെയും അനധികൃത കണക‍്ഷൻ വിഛേദിച്ചു. ആന്റി തെഫ്‌റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടിയും ആരംഭിച്ചു.
അമ്പലക്കുന്ന് പ്രദേശത്തെ വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത് പിടിപി സബ് ഡിവിഷനു കീഴിലെ നെട്ടയം മലമുകൾ, എടഗ്രാമം അമ്പലക്കുന്ന് എന്നിവിടങ്ങളിലെ രണ്ടു വീടുകളിലാണ് പരിശോധന നടത്തിയത്. മലമുകളിലെ ഉപഭോക്താവ് 14,187 രൂപയും എടഗ്രാമത്തിലെ ഉപഭോക്താവ് 23397 രൂപയും വെള്ളക്കരത്തിന്റെ കുടിശികയായി അടയ്ക്കാനുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഈ വീടുകളിലെ കണക്‌ഷൻ വിഛേദിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇവർ അനധികൃതമായി വെള്ളം ചോർത്തിയതെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ജല മോഷണം കണ്ടെത്തിയതിനെത്തുടർന്ന് പിടിപി സബ് ഡിവിഷൻ ഓഫിസിൽ എത്തിയ ചിലർ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പൊലീസിൽ പരാതി നൽകി.