അത്യാവശ്യമാണോ? വിളിക്കണ്ട! പേട്ട പൊലീസ് സ്റ്റേഷൻ ഫോൺ തകരാറിലായിട്ട് 2 ആഴ്ച
Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ ഏറ്റവും കൂടുതൽ മോഷണ കേസുകളും ഗുണ്ടാ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്ന പേട്ട പൊലീസ് സ്റ്റേഷനിൽ ലാൻഡ് ഫോൺ തകരാറിലായി രണ്ടാഴ്ച കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോഴും മറ്റ് അവശ്യ ഘട്ടങ്ങളിലും പൊലീസിനെ അറിയിക്കാൻ ജനം ആശ്രയിക്കുന്ന നമ്പറാണ് അനക്കമില്ലാതെ കിടക്കുന്നത്. നഗരത്തിലെ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പൊലീസ് സ്റ്റേഷനിലാണു ഈ അവസ്ഥ. മറ്റു ജില്ലകളിൽ നിന്നു വന്നു താമസിക്കുന്നവർ കൂടുതലായ ഇവിടെ പലരും വീട് പൂട്ടി യാത്ര പോകുമ്പോൾ വിളിച്ച് അറിയിക്കുന്നതും ലാൻഡ് ഫോൺ നമ്പറിലാണ്. ഇന്റർനെറ്റിൽ തിരഞ്ഞാലും ഈ നമ്പർ തന്നെയാണ് ജനത്തിനു ലഭിക്കുക.
തകരാർ പരിഹരിക്കാൻ ബിഎസ്എൻഎൽ അധികൃതർ എത്തുന്നില്ലെന്നാണു പൊലീസിന്റെ വിശദീകരണം. എന്നാൽ ഫോൺ തകരാറിലാണെന്ന വിവരം അറിയിച്ചിട്ടില്ലെന്നാണ് ബിഎസ്എൽഎൽ ഓഫിസിലെ മറുപടി. 3ന് വൈകിട്ട് 6.30ന് കണ്ണമ്മൂല പാലത്തിനു സമീപം ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടുകത്തിയുമായി വെട്ടാൻ ഓടിച്ചിരുന്നു. സംഭവം കണ്ടു നിന്നവർ പൊലീസ് സ്റ്റേഷനിലെ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. അക്രമികളെ വെട്ടിച്ച് ഓടി മാറിയതു കൊണ്ട് യുവാവ് രക്ഷപ്പെട്ടു. പിന്നീട് കൺട്രോൾ റൂമിൽ നിന്നു വിവരം അറിഞ്ഞ് പേട്ട പൊലീസ് എത്തിയപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു.