തൊഴിലുറപ്പുകാർ എൽഡിഎഫ് പരിപാടിക്ക് പോയി; വടിയെടുത്ത് ഓംബുഡ്സ്മാൻ
Mail This Article
ആര്യനാട് ∙ തൊഴിലുറപ്പ് തൊഴിലാളികൾ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുക്കാൻ ജോലി സ്ഥലത്തുനിന്നു പോയ സംഭവത്തിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ നടപടി. മേറ്റ് ശ്രീകലയെ ആറ് മാസം മേറ്റ് സ്ഥാനത്തുനിന്നു മാറ്റിനിർത്താനും മേറ്റും അന്നു ജോലി ചെയ്ത 28 തൊഴിലാളികളും ആ ദിവസത്തെ വേതനം തിരിച്ചടയ്ക്കുന്നതിനും ഒാംബുഡ്സ്മാൻ ഉത്തരവിട്ടു. വേതനം 15 ദിവസത്തിനുള്ളിൽ എംജിഎൻആർഇജിഎസ് ഫണ്ടിൽ തിരിച്ചടയ്ക്കണം. ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ഉഴമലയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി ടി.സന്തോഷ് കുമാർ, തൊഴിലുറപ്പ് ഒാവർസിയർ പ്രദീപ് ശ്രീധർ എന്നിവർക്കു കർശന നിർദേശവും നൽകി. മേറ്റിന്റെയും തൊഴിലാളികളുടെയും ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായും പഞ്ചായത്ത് സെക്രട്ടറി, ഒാവർസിയർ എന്നിവരുടെ ഭാഗത്തു ഗുരുതര കൃത്യവിലോപവും മേൽനോട്ട വീഴ്ചയും സംഭവിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ 19നു വൈകിട്ട് ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പടയിൽ നടന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കാനാണ് എലിയാവൂർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഉച്ചയ്ക്ക് ശേഷം ജോലി സ്ഥലത്തുനിന്നു പോയത്. കുളപ്പട ആശുപത്രി വളപ്പിലായിരുന്നു ജോലി. സംഭവം വിവാദമായതോടെ 4 മണിയോടെ തൊഴിലാളികൾ തിരിച്ചെത്തി ജോലി തുടർന്നു. വിവരമറിഞ്ഞ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ നിർദേശിച്ചതനുസരിച്ചു പഞ്ചായത്ത് സെക്രട്ടറി അടുത്ത ദിവസം തന്നെ റിപ്പോർട്ട് നൽകി. ശേഷം മേറ്റ്, ബന്ധപ്പെട്ട ജീവനക്കാർ എന്നിവരുടെ ഹിയറിങ്ങും ഒാംബുഡ്സ്മാൻ നടത്തി. തുടർന്നായിരുന്നു നടപടി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ പ്രതിനിധിയായ വൈസ് പ്രസിഡന്റ് എസ്.ശേഖരന്റെ വാർഡാണ് എലിയാവൂർ.
വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവൃത്തികൾ: 1.29 ലക്ഷം രൂപ തിരിച്ചടപ്പിച്ച് ഓംബുഡ്സ്മാൻ; 1.66 ലക്ഷം രൂപ പിഴ
തിരുവനന്തപുരം∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വ്യവസ്ഥകൾക്കു വിരുദ്ധമായി ചെയ്ത വിവിധ പ്രവൃത്തികൾക്കു ചെലവഴിച്ച 1.29 ലക്ഷം രൂപ ജില്ലാ ഓംബുഡ്സ്മാൻ പദ്ധതി ഫണ്ടിലേക്കു തിരിച്ചടപ്പിച്ചു. നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്തതിന് 1.66 ലക്ഷം രൂപ പിഴയായും ഈടാക്കി. വിവിധ പരാതികൾ പരിശോധിച്ചാണ് ജില്ലാ ഓംബുഡ്സ്മാൻ സാം ഫ്രാങ്ക്ളിന്റെ നടപടി. 199 പരാതികളിൽ 192 എണ്ണം പരിഹരിച്ചു. സമയബന്ധിതമായി അർഹതപ്പെട്ട തുക അനുവദിച്ചു നൽകാതിരുന്ന 41 പരാതികളിലായി, 28.13 ലക്ഷം രൂപ അനുവദിച്ചു. അതിൽ 7.64 ലക്ഷം രൂപ പരാതിക്കാർക്കു കൈമാറി. ബാക്കി തുക നൽകാൻ നടപടികൾ പുരോഗമിക്കുന്നതായി ഓംബുഡ്സ്മാൻ സർക്കാരിനു സമർപ്പിച്ച 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി. 33 തെളിവെടുപ്പുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചാണു പരാതികൾ തീർപ്പാക്കിയത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും 73 ഗ്രാമപഞ്ചായത്തുകളും ഓംബുഡ്സ്മാൻ നേരിട്ടു സന്ദർശിച്ചു.