ADVERTISEMENT

വെള്ളറട ∙ ആറുകാണി പള്ളിവിളയിൽ വീട്ടിൽ പാസ്റ്റർ അരുൾദാസിന്റെ(55) മുഖത്തു ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. അസഭ്യം പറഞ്ഞ് ഓടിയടുത്ത ഗുണ്ടാ സംഘം മർദിക്കുകയും വെട്ടുകത്തി കൊണ്ട് അരുൾരാജിനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇടതു ചെവിയുടെ പുറകിലാണ് ആഴത്തിൽ മുറിവേറ്റത്. കർണാടകയിൽ പ്രാർഥനാ യോഗത്തിനു പോയി തിരികെ ട്രെയിനിൽ പാറശാല ഇറങ്ങി ആറുകാണിയിലെ വീട്ടിലേക്കു പോവുകയായിരുന്നു പാസ്റ്റർ. ഒപ്പം ബൈക്കിൽ മകൻ ആൻസ്ഗ്രാനും(20) ഉണ്ടായിരുന്നു. 

കണ്ണന്നൂരിൽ റോഡിൽ ദമ്പതികളെ ഗുണ്ടാസംഘം ആക്രമിക്കുന്നതു കണ്ടാണ് അരുൾദാസ് ബൈക്ക് നിർ‍ത്തിയത്. തങ്ങളെ കണ്ടതോടെ ദമ്പതികളെ വിട്ട് അക്രമി സംഘം അടുത്തെത്തി മർദിക്കാൻ തുടങ്ങിയെന്ന് അരുൾദാസ് പറഞ്ഞു. ‘ഹെൽമറ്റ് ഊരി ആദ്യം തലയ്ക്കടിച്ചു, നീ ആറുകാണിക്കാരനാണല്ലേ എന്നു ചോദിച്ചു മർദനം തുടർന്നു. ബൈക്ക് എടുത്തു മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ 3 പേർ ചേർന്നു ബൈക്കിന്റെ പിന്നിൽ പിടിച്ചുവലിച്ചു. പുറകിലിരുന്ന മകനെ അക്രമികൾ അടിച്ചു. ഇതിനിടെ ബൈക്ക് മറിഞ്ഞു. എഴുന്നേറ്റ് നിൽ‌ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൂട്ടത്തിലൊരാൾ വെട്ടിയത്. ചെവിയുടെ വശത്താണു കൊണ്ടത്. 

ഒഴിഞ്ഞുമാറിയില്ലെങ്കിൽ വെട്ട് കഴുത്തിനാകുമായിരുന്നു, അടുത്ത വെട്ട് കൈയ്ക്കായിരുന്നു. വെട്ടുകത്തി തിരിഞ്ഞു പോയതിനാൽ കൈ മുറിഞ്ഞില്ല’. കരുവാളിച്ച കൈ കാണിച്ചു അരുൾദാസ് പറഞ്ഞു. ബഹളം കേട്ടു പ്രദേശവാസികൾ എത്തിയതോടെ സംഘം ഇവരെ ഉപേക്ഷിച്ചു പോയി. ആദ്യം തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുൾ‌ദാസിനെ പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കു മാറ്റി. ആൻസ്ഗ്രാനു പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 

അമ്പൂരിയ്ക്കടുത്തു കണ്ണന്നൂരിൽ ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ സരിത, ഭർത്താവ് രതീഷ്, അഭിലാഷ്, ബിജിൽ എന്നിവർ തെളിവെടുപ്പിനായി വെള്ളറട പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
അമ്പൂരിയ്ക്കടുത്തു കണ്ണന്നൂരിൽ ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ സരിത, ഭർത്താവ് രതീഷ്, അഭിലാഷ്, ബിജിൽ എന്നിവർ തെളിവെടുപ്പിനായി വെള്ളറട പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.

ഭയം കാരണം പ്രതികരിക്കാതെ നാട്
വെള്ളറട∙ അക്രമി സംഘം കടന്ന ബൈക്കുകളിൽ ഒന്ന് അമ്പൂരി ചന്തയ്ക്കു സമീപം ഉപേക്ഷിച്ചനിലയിൽ പിന്നീട് കണ്ടെത്തി. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നു നാട്ടുകാർ പറഞ്ഞു. ഇതിനു മുൻപും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അഭിൻ റോയി അടുത്തിടെ ജയിലിൽ നിന്നിറങ്ങിയതാണ്. നാട്ടിൽനിന്നു സംഘം നേരത്തെ 2 ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്. ഭയം കാരണം നാട്ടുകാർ പ്രതികരിക്കാറില്ല. സംഭവവുമായി ബന്ധപ്പെട്ട് 3 കേസുകൾ റജിസ്റ്റർ ചെയ്തതായി വെള്ളറട എസ്എച്ച്ഒ സി.ബാബുക്കുറുപ്പ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. 

പൊലീസ് എത്താൻ വൈകിയതിൽ പ്രതിഷേധം
വെള്ളറട∙ വെള്ളറട പൊലീസ് സ്റ്റേഷനിൽനിന്ന് ഗുണ്ടാവിളയാട്ടം നടന്ന കണ്ണന്നൂരിലേക്കു 5 കിലോമീറ്റർ മാത്രമാണു ദൂരമെങ്കിലും പൊലീസ് എത്താൻ വൈകിയതിൽ വ്യാപക പ്രതിഷേധം. 2 സംഘമായി തിരിഞ്ഞു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് പിന്നീട് വ്യാപിപ്പിച്ചെങ്കിലും സംഭവം നടന്ന ചൊവ്വാഴ്ച രാത്രി പൊലീസ് ജാഗ്രത കാട്ടിയില്ലെന്നാണു പരാതി. ലഹരി ഉപയോഗം ഈ മേഖലയിൽ വ്യാപകമാണെന്ന് അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസ രാജു പറഞ്ഞു. അതിനെ അമർച്ച ചെയ്യാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. ജാഗ്രതാ സമിതി യോഗങ്ങളിൽ പൊലീസ് കൃത്യമായി പങ്കെടുക്കുന്നില്ല. ലഹരി മരുന്നു മാഫിയയെ അമർച്ച ചെയ്യാൻ അടിയന്തര നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

മുഖം രക്ഷിക്കാനോ റെയ്ഡ് നാടകം
തിരുവനന്തപുരം ∙ നഗരത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചതോടെ, മുഖം രക്ഷിക്കാൻ പൊലീസിന്റെ റെയ്ഡ് നാടകം. റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ച ശേഷം നടത്തിയ റെയ്ഡ് വെറും പ്രഹസനമായി. യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ കരമനയും നേമവും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നേമത്തുനിന്ന് ഒരു ഗുണ്ടയെ മാത്രം പിടികൂടി. 

കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ട വിലക്ക് ലംഘിച്ച് വീട്ടിൽ എത്തിയതിനാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 5 മണിക്ക് ആരംഭിച്ച റെയ്ഡ് 11 മണിയോടെ അവസാനിച്ചു. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരെയും വിവിധ ക്രിമിനൽ കേസുകളിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയവരെയും പിടികൂടാനാണ് എസ്എച്ച്ഒമാർക്കുള്ള നിർദേശം. പിടികൂടേണ്ട ഗുണ്ടകളുടെ പട്ടികയും കൈമാറിയിട്ടുണ്ട്. അതേസമയം കഴക്കൂട്ടത്തെ ബാറിൽ ആക്രമണം നടത്തിയ ഗുണ്ടയെ മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാനായില്ല. 

കൊലപാതക കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ ആക്രമണം. സംഘത്തിലെ പ്രധാനികൾ ഇപ്പോഴും ഒളിവിലാണ്. കൊലക്കേസിലെ പ്രതികൾ സംഘം ചേർന്നു കരമനയിൽ യുവാവിനെ തല്ലിക്കൊന്ന കേസിലും പൊലീസിനു വീഴ്ച സംഭവിച്ചു. 2019ലെ അനന്തു കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ബാറിൽ കഴിഞ്ഞ മാസം 26ന് അടിപിടി ഉണ്ടാക്കിയിട്ടും ഇവരെ പിടികൂടാൻ പൊലീസ് തയാറായില്ല. ബാറിലെ പ്രശ്നത്തിന്റെ വൈരാഗ്യത്തിൽ ഗുണ്ടാസംഘം അഖിൽ എന്ന യുവാവിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് പൊലീസ് ഉണർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com