ഡ്രോണിനൊപ്പം പറന്ന് ജസ്നയുടെ സ്വപ്നങ്ങൾ
Mail This Article
തിരുവനന്തപുരം ∙ റിമോട്ട് കൺട്രോളറിലെ സ്റ്റാർട്ട് ബട്ടനിൽ വിരൽ അമർത്തിയതും കൃഷിയിടത്തിൽ നിന്നു നേർത്ത ഇരമ്പലോടെ ഡ്രോൺ ഉയർന്നു; ഒപ്പം ഉയർന്നു പറന്നത് ജസ്ന എന്ന വീട്ടമ്മയുടെ ആത്മാഭിമാനം കൂടിയായിരുന്നു. ഒരു കുഞ്ഞു വിമാനം പറത്തുന്ന സന്തോഷം. തൊട്ടടുത്ത് മറ്റൊരാളുടെ ഒക്കത്തിരുന്ന് അമ്മയ്ക്ക് പ്രോത്സാഹനം നൽകി ഒരു വയസ്സുകാരി ആയിഷയും. കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ഫാക്ടും സംയുക്തമായി കുടുംബശ്രീ കർഷക വനിതകൾക്കായി സംഘടിപ്പിച്ച ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാണു മലപ്പുറം ജില്ലയിലെ വാഴക്കാട് നിന്നു കൈക്കുഞ്ഞുമായി ജസ്ന(38) എത്തിയത്. ജനുവരിയിൽ ചെന്നൈയിലെ ഗരുഡ എയ്റോസ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. അതായിരുന്നു ജീവിതത്തിലെ ആദ്യ ട്രെയിൻ യാത്ര. നാലു പെൺമക്കളിൽ ഏറ്റവും ഇളയ കുട്ടി ആയിഷയ്ക്ക് അന്ന് ഏഴു മാസം പ്രായം. പക്ഷേ അതൊന്നും തടസ്സമായില്ല. അവിടെ നിന്ന് ഡ്രോൺ പൈലറ്റ് ലൈസൻസ് നേടി. അവിടെ ജസ്നയ്ക്കൊപ്പം പരിശീലനത്തിൽ പങ്കെടുത്ത 49 വനിതകൾ ഇവിടെയുമുണ്ട്. എല്ലാവരും കുടുംബശ്രീ കർഷകർ.
കൃഷിയോടുള്ള താൽപര്യം കൊണ്ട് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കൃഷിയിൽ സജീവമായ ഭർത്താവ് നജീബുദ്ദീനും ഉമ്മയുമാണ് ജസ്നയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നത്. മൂന്നര ഏക്കർ സ്ഥലത്ത് നെല്ല്, വാഴ, കപ്പ, വിവിധ പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. കൂടാതെ യങ് ഗാർഡൻ എന്ന ജൈവിക പ്ലാന്റ് നഴ്സറിയും ‘തൊയ്പ’ എന്ന ബേക്കറിയും കുടുംബശ്രീ സംരംഭങ്ങളായി നടത്തുന്നു. പഞ്ചായത്തിലെ ‘ദയ’ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് കൂടിയാണ്. സ്വന്തമായി ലഭിച്ച ഡ്രോൺ ഉപയോഗിച്ച് കാർഷിക രംഗത്ത് സജീവമായി വരുമാനം വർധിപ്പിക്കുകയാണു ജസ്നയുടെ ലക്ഷ്യം. കുടുംബശ്രീ പ്രോഗ്രാം ഓഫിസർ ഡോ.ഷാനവാസ്, സിടിസിആർഐയിലെ ഡ്രോൺ പൈലറ്റുമാരായ ഡോ.പ്രകാശ് കൃഷ്ണ, ശ്രീനാഥ് വിജയ്, ടി.എം.ഷിനിൽ, ജി.ജെ.ബിനിഷ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനം ഇന്നു സമാപിക്കും.