അവശനിലയിൽ ചികിത്സതേടിയ പത്താം ക്ലാസുകാരൻ മരിച്ചു
Mail This Article
നെയ്യാറ്റിൻകര∙ ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മരണ കാരണം വ്യക്തമല്ല. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചിരുന്നു. വേദനയുണ്ടായിരുന്നുവെങ്കിലും ചികിത്സ തേടാതെ അടുത്ത ദിവസം തമിഴ്നാട്ടിലേക്കു യാത്ര പോയി. മടങ്ങിയെത്തുമ്പോൾ ഛർദിയും വയറിളക്കവും പിടിപെട്ടു. അവശനായ അലനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മരണകാരണം ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വ്യക്തമാകൂവെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നു മരിച്ചുവെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ധനുവച്ചപുരം എൻകെഎം ജിഎച്ച്എസിൽ 10–ാം ക്ലാസ് വിദ്യാർഥിയായിരുന്ന അലൻ ഹയർ സെക്കൻഡറി പ്രവേശനം നേടാനിരിക്കെയാണ് മരണം. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ നിലിൻ.