ADVERTISEMENT

തൃശൂർ∙ മൂന്നു കോണുകളിലേക്കും ഒരുപോലെ തൂങ്ങുന്ന ത്രികോണം. കലാശക്കൊട്ടു കഴിയുമ്പോൾ ചരിത്രത്തിലാദ്യമായി തൃശൂർ ത്രികോണത്തിൽ തൂങ്ങിനിൽക്കുന്നു. കെ.മുരളീധരനോ സുരേഷ് ഗോപിക്കോ വി.എസ്.സുനിൽകുമാറിനോ പ്രചാരണത്തിൽ പ്രകടമായ മുൻതൂക്കമില്ല. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നു മുന്നണികളെല്ലാം പ്രതീക്ഷിക്കുമ്പോഴും വോട്ടർമാർ ഒരു സൂചനയും നൽകുന്നില്ല. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് അവസാനവും ആർക്കും വ്യക്തമായി മുന്നേറാനായിട്ടുമില്ല.വ്യക്തിബന്ധങ്ങളും ആരാധനയും വോട്ടായി മാറുമെന്നതാണു മറ്റൊരു പ്രത്യേകത. മൂന്നുപേർക്കും ഫാൻസുണ്ട്. അതു പല കാരണങ്ങൾ കൊണ്ടാണെന്നു മാത്രം. 

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ പ്രചാരണം സമാപിച്ചു ള്ള കലാശക്കൊട്ടിൽ പൂത്തിരി കത്തിക്കുന്നു. ചിത്രം: മനോരമ
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ പ്രചാരണം സമാപിച്ചു ള്ള കലാശക്കൊട്ടിൽ പൂത്തിരി കത്തിക്കുന്നു. ചിത്രം: മനോരമ

കെ.മുരളീധരന്റെ വരവോടെയാണു രംഗം കൊഴുത്തതും കോൺഗ്രസ് അരങ്ങു തിരിച്ചുപിടിച്ചതും. സുരേഷ് ഗോപി ജോലി തുടങ്ങിയിട്ടു വർഷം രണ്ടായി. പകരക്കാരനില്ല എന്ന നിലയിലാണു വി.എസ്.സുനിൽകുമാർ എത്തിയത്. മൂന്നു പേർക്കും വ്യക്തിബന്ധങ്ങൾ ആവോളമുള്ള മണ്ഡലമാണിത്. പൂരത്തിലെ പൊലീസ് കളിവരെ നീണ്ട പല വിഷയങ്ങളും തിരഞ്ഞെടുപ്പിലുണ്ട്. ജാതി, മത പ്രശ്നങ്ങളും വികാരങ്ങളും ഏറെയുണ്ട്. കരുവന്നൂർപോലെ തിളച്ചു മറിയുന്ന അഴിമതിക്കഥകളുമുണ്ട്. ഇതിൽ ഏതിനാണു ശക്തിയെന്നു പറയാനാകില്ല. എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞുണ്ടായ പുതിയ വികാരത്തിലാണു വോട്ടു മറിയുക.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ  കലാശക്കൊട്ടിൽ പ്രവർത്തകരെ ആഭിവാദ്യം ചെയ്യുന്നു. ചിത്രം : മനോരമ
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ കലാശക്കൊട്ടിൽ പ്രവർത്തകരെ ആഭിവാദ്യം ചെയ്യുന്നു. ചിത്രം : മനോരമ

സ്ഥിരമായി ഒരാൾക്കു വോട്ടു ചെയ്ത പാരമ്പര്യമില്ലാത്ത തൃശൂർ ഏതു സമയത്തു വേണമെങ്കിലും എവിടേക്കു വേണമെങ്കിലും മറിയാം. എത്ര പേർ ബൂത്തിലെത്തും എന്നതനുസരിച്ചരിക്കും ഫലം. അനിഷ്ട സംഭവങ്ങളോ മോശം പ്രചാരണമോ ഇല്ലാതെ പ്രചാരണം അവസാനിപ്പിക്കാനായി എന്നതു മൂന്നു മുന്നണികൾക്കും വലിയ നേട്ടമാണ്. സിപിഐയെ സംബന്ധിച്ചിടത്തോളം ഇതു ദേശീയതലത്തിൽ അവരുടെ സാന്നിധ്യം നിലനിർത്താനുള്ള പോരാട്ടമാണ്. കോൺഗ്രസിനാകട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ പലതും തീരുമാനിക്കുന്നതു മുരളി ജയിക്കുമോ തോൽക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലാകും.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ

സുരേഷ് ഗോപിയുടെ ജയം ബിജെപിക്കു ദേശീയതലത്തിൽ നെഞ്ചുയർത്തി നിൽക്കാനുള്ള അവസരമാണു നൽകുക. അതുകൊണ്ടുതന്നെ ആളും ആയുധവും സാമ്പത്തികവുമെല്ലാം നിറഞ്ഞു കവിഞ്ഞ പ്രചാരണമായിരുന്നു നടന്നത്. ഒരു ദിവസംകൊണ്ടു വോട്ടർമാരുടെ മനസ്സു മാറില്ലെങ്കിലു ഇന്നുകൂടി മൂന്നുപേരും വോട്ടു ചോദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com