ADVERTISEMENT

പെരുമ്പിലാവ് ∙ പ്രിയപ്പെട്ട സ്ഥാനാർഥിക്കു വോട്ടു ചെയ്യണമെന്ന ഹൃദയത്തിന്റെ ഭാഷയിലുള്ള അഭ്യർഥനയുമായി തലങ്ങും വിലങ്ങും തിരഞ്ഞെടുപ്പു പ്രചാരണ വാഹനങ്ങൾ പായുമ്പോൾ ഇതൊന്നും ബാധിക്കാത്ത 10 കുടുംബങ്ങളുണ്ട് കടവല്ലൂരിൽ. കാരണം, അവർ വോട്ടു ചെയ്യേണ്ട സ്ഥാനാർഥിയുടെ പ്രചാരണ വാഹനങ്ങളൊന്നും അവർ താമസിക്കുന്ന സ്ഥലത്തു കൂടി ഓടാറില്ല. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കടവല്ലൂരാണു താമസമെങ്കിലും ഇവർക്കു വോട്ട് പൊന്നാനി ലോക്സഭാ മണ്ഡലത്തിലാണ്.

കടവല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട വടക്കുമുറിയിലാണ് മലപ്പുറം ജില്ലയിലെ ഈ കുടുംബങ്ങൾ. അതിർത്തി വിഭജനത്തിന്റെ അപാകത മൂലം മലപ്പുറം ജില്ലയിൽ ആയിപ്പോയതാണ്. റോഡിന്റെ ഒരു വശത്ത് ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥികൾക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ തങ്ങളുടെ സ്ഥാനാർഥി ആരാണെന്നു പോലും സംശയമുള്ള നാൽപതോളം വോട്ടർമാരാണു റോഡിന്റെ ഇങ്ങേപ്പുറത്തു താമസിക്കുന്നത്.

4 കിലോ മീറ്ററോളം ദൂരെയുള്ള കോക്കൂർ സ്കൂളിലാണ് ഇവരുടെ പോളിങ് ബൂത്ത്. വോട്ട് ചെയ്യേണ്ട ബൂത്തിലെത്താൻ ബസിൽ പോകുകയാണെങ്കിൽ ഒട്ടേറെ സമയമെടുക്കും. ഓട്ടോറിക്ഷ വിളിച്ചാൽ 200 രൂപയോളം ചെലവാക്കണം.മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട വടക്കുമുറി എഎംഎൽപി സ്കൂളിൽ ബൂത്ത് ഒരുക്കിയാൽ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാം.  ദേശവും പോസ്റ്റ് ഓഫിസും കടവല്ലൂർ ആണെങ്കിലും പഞ്ചായത്ത്, കൃഷിഭവൻ, പ്രാഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് ഓഫിസ് തുടങ്ങിയവ 10 കിലോമീറ്ററോളം ദൂരെ മലപ്പുറം ജില്ലയിലെ ആലങ്കോടും ചങ്ങരംകുളത്തും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com