ADVERTISEMENT

പനമരം ∙ നെല്ല് വിളവെടുപ്പിനിടെ നിനച്ചിരിക്കാതെ എത്തിയ പേമാരിയിൽ ഒട്ടേറെ കർഷകരുടെ നെല്ലും വൈക്കോലും വെള്ളത്തിലായി. ശനി വൈകിട്ട് പെയ്ത കനത്ത മഴയിലാണു പനമരം, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലെ കർഷകരുടെ നെല്ലും വൈക്കോലും വെള്ളത്തിനടിയിലായത്. വയലിൽ തൊഴിലാളികളെ വച്ചും യന്ത്രമുപയോഗിച്ചും കൊയ്തിട്ട ചില കർഷകരുടെ നെല്ല്, അപ്രതീക്ഷിത മഴയിൽ തോടുകൾ കരകവിഞ്ഞൊഴുകിയും മട പൊട്ടിയും ഒഴുകിപ്പോയി.

കാവടം, കോട്ടവയൽ, ചിറ്റാരിക്കുന്ന്, മേച്ചേരി, പനമരം, കോട്ടത്തറ പഞ്ചായത്തിലെ കാക്കംചാൽ പ്രദേശങ്ങളിലാണു വൻ നാശനഷ്ടമുണ്ടായത്. കൊയ്ത്തിനു ശേഷം യന്ത്രം ഉപയോഗിച്ച് റോൾ ആക്കി വയലിൽ സൂക്ഷിച്ച വൈക്കോൽ ഒഴുകിപ്പോയ കർഷകരും ഒട്ടേറെയാണ്. കനത്ത മഴയിൽ നെല്ലും വൈക്കോലും വെള്ളം കയറി നശിച്ചു ലക്ഷങ്ങളുടെ നഷ്ടമുണ്ടായ കർഷകരുമുണ്ട്.

മൂടിയിട്ട നെല്ലിൽ വെള്ളം കയറിയതു പരിശോധിക്കുന്ന പുതിയവീട് രാജീവൻ.
മൂടിയിട്ട നെല്ലിൽ വെള്ളം കയറിയതു പരിശോധിക്കുന്ന പുതിയവീട് രാജീവൻ.

പനമരം പഞ്ചായത്തിലെ മേച്ചേരി പാടശേഖരത്ത് പുതിയവീട് രാജീവന്റെ 7 ക്വിന്റൽ നെല്ലാണു വെള്ളത്തിനടിയിലായത്. കൊയ്ത്തുമെതി യന്ത്രമുപയോഗിച്ചു വിളവെടുത്ത് വൈക്കോൽ വേർതിരിച്ച നെല്ല് വയലിൽ വിരിച്ച ടാർപ്പായയിലേക്കു തട്ടിയതിനു പിന്നാലെയെത്തിയ അതിശക്തമായ മഴയിൽ നെല്ല് സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞില്ല. ഇതിനിടെ തോട് കരകവിഞ്ഞൊഴുകിയതോടെ നെല്ലും പുല്ലും എന്തിനു കൊയ്ത്തുമെതി യന്ത്രവും വെള്ളത്തിലായി.

മഴക്കാലത്ത് പോലും ഈ വയലിൽ ഇത്രയധികം വെള്ളം എത്തിയിട്ടില്ലെന്നു കർഷകർ പറയുന്നു. പാട്ടത്തിനെടുത്തും അല്ലാതെയുമുള്ള 80 ഏക്കർ വയലിൽ കൃഷിയിറക്കിയ രാജീവന്റെ കൊയ്ത്ത് നടത്താൻ കഴിയാത്ത 5 ഏക്കറോളം വയലിലെ നെല്ല് മഴയിൽ പൂർണമായും വീണു നശിച്ച അവസ്ഥയിലാണ്. വൈകിട്ട് നിനച്ചിരിക്കാതെ എത്തുന്ന കനത്ത മഴ മൂലം നഞ്ചക്കൃഷിയെടുത്ത കർഷകരിൽ ഒട്ടേറെപ്പേർ വിളഞ്ഞ നെല്ല് വിളവെടുക്കാൻ കഴിയാതെയും വിളവെടുത്തവർ നെല്ലും വൈക്കോലും ഉണക്കാൻ കഴിയാതെയും കഷ്ടപ്പെടുകയാണ്.

കൊയ്യാനുള്ള നെല്ലു വയലിലെ വെള്ളക്കെട്ടിൽ വീണു നശിച്ചവർ ഏറെയാണ്. മഴയിൽ നെൽച്ചെടികൾ വീണതോടെ യന്ത്രക്കൊയ്ത്ത് അസാധ്യമായി. കൈകൊണ്ടുള്ള കൊയ്ത്തിന് തൊഴിലാളികളെയും കിട്ടാനില്ല. വെള്ളത്തിനടിയിലായ നെല്ല് അടുത്ത ദിവസം തന്നെ വിളവെടുത്തില്ലെങ്കിൽ വീണു കിടക്കുന്ന നെല്ല് പാടത്തു കിടന്നു മുളയ്ക്കും. മഴമാറിയാലും കൊയ്യാൻ പറ്റാത്ത അവസ്ഥയിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും. കൊയ്തു കൂട്ടിയിട്ട പലരുടെയും നെല്ലു മഴ മൂടൽ മൂലം ഉണക്കിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വിളനാശം സംഭവിച്ചവർക്ക് സർക്കാർ അടിയന്തര ധനസഹായം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.

ഒട്ടേറെപ്പേരുടെ വൈക്കോൽ വെള്ളത്തിൽ
പനമരം ∙ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ ജില്ലയിലെ ഏക്കറുകണക്കിനു വയലിലെ വൈക്കോൽ വെള്ളത്തിനടിയിലായി. കൊയ്ത്തിന് ശേഷം നെല്ലും പുല്ലും വേർതിരിച്ചു യന്ത്രമുപയോഗിച്ചു റോളാക്കിയതും ഉണങ്ങാനായി വയലിൽ നിരത്തിയ വൈക്കോലുമാണു വെള്ളത്തിനടിയിലായി നശിച്ചത്. റോളുകളാക്കി വയലിൽ അട്ടിയിട്ട് മഴ നനയാതിരിക്കാൻ ടാർപോളിൻ ഇട്ടു മൂടിവച്ച വൈക്കോലും വെള്ളം കെട്ടി നിന്നു നാശത്തിന്റെ വക്കിലാണ്. പാടത്തും കളത്തിലും വീട്ടുമുറ്റത്തും കരുതിയ വൈക്കോൽ നനഞ്ഞു നശിച്ചതോടെ ഇനി ഇവ വാങ്ങാൻ ആളില്ലാതാകും. 

 മേച്ചേരി വയലിൽ യന്ത്രമുപയോഗിച്ചു റോളുകളാക്കിയ വൈക്കോൽ വെള്ളത്തിലായ നിലയിൽ.
മേച്ചേരി വയലിൽ യന്ത്രമുപയോഗിച്ചു റോളുകളാക്കിയ വൈക്കോൽ വെള്ളത്തിലായ നിലയിൽ.

പൂപ്പൽ കയറിയാൽ കന്നുകാലികൾക്കു കൊടുക്കാനുമാകില്ല. ഇതുകൊണ്ടു തന്നെ മഴ മാറിയാൽ കെട്ടുകൾ അഴിച്ചു വീണ്ടും ഉണക്കിയെടുക്കേണ്ട അവസ്ഥയാണ് പല കർഷകർക്കുമുള്ളത്. വൈക്കോൽ വിറ്റാണു നെൽക്കർഷകർ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നത്. മഴയിൽ നെല്ല് നഷ്ടമായില്ലെങ്കിലും വൈക്കോൽ നഷ്ടപ്പെട്ടവരാണ് ഏറെയുള്ളത്. വരും ദിവസങ്ങളിലും മഴ പെയ്യുമോ എന്ന ആശങ്കയിലാണ് നെല്ലു വിളവെടുക്കേണ്ട കർഷകർ.

തോട് നിറയെ വൈക്കോൽ 
കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് പുലച്ചിക്കുനി റോഡിന് കുറുകെ ഒഴുകുന്ന ചിറ്റരിക്കുന്ന് തോടിന് മുകളിൽ ഇരുവശവും വൈക്കോൽ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കനത്ത മഴയിൽ പരന്നൊഴുകിയ വെള്ളത്തിൽ വയലിൽ ഉണക്കാനിട്ട പല കർഷകരുടെയും വൈക്കോൽ തോട്ടിലേക്ക് ഒഴുകുകയും വെള്ളം താഴ്ന്നതോടെ ഇരുവശങ്ങളിലും അടിയുകയായിരുന്നു.  തോടിന്റെ വശങ്ങളിൽ നിന്നു വൈക്കോൽ ശേഖരിച്ചാൽ കെട്ടുകണക്കിന് വൈക്കോൽ ലഭിക്കും. ഇതിനിടെ ശക്തമായ ഒഴുക്കിൽ വൈക്കോൽ പുഴയിലേക്ക് ഒഴുകി നാശനഷ്ടം സംഭവിച്ചവരുമുണ്ട്

ചെറുകുന്ന് ചിറ്റരിക്കുന്ന് തോടിന് ഇരുവശവും ഒഴുകിയെത്തിയ വൈക്കോൽ
ചെറുകുന്ന് ചിറ്റരിക്കുന്ന് തോടിന് ഇരുവശവും ഒഴുകിയെത്തിയ വൈക്കോൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com