ADVERTISEMENT

കൊച്ചി വടുതല ചിന്മയ വിദ്യാലയയിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു സിദ്ധാർഥ് രാംകുമാർ. ഓപ്പണിങ് ബാറ്റ്സ്മാനും ഓഫ്സ്പിൻ ബോളറും– ഫലത്തിൽ ഓൾറൗണ്ടർ. സിദ്ധാർഥ് ശരിക്കും ഓൾറൗണ്ടറായത് ഇത്തവണ സിവിൽ സർവീസസ് പരീക്ഷാഫലം വന്നപ്പോഴാണ്. വീട്ടുകാർക്കു പോലും സർപ്രൈസ് നൽകി ദേശീയ തലത്തിൽ നാലാം റാങ്ക്.

സ്ഥിരോത്സാഹത്തോടെയുള്ള പഠനവും തയാറെടുപ്പും വിജയം കൊണ്ടുവരുമെന്നു തെളിയിക്കുകയായിരുന്നു സിദ്ധാർഥ്. 2019ലെ ആദ്യ ശ്രമത്തിൽ പ്രിലിമിനറി ഘട്ടം കടന്നില്ല. 2020ൽ റിസർവ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ഫിനാൻസ് വിഭാഗത്തിൽ ജോലിക്കു കയറി. 2021ൽ റാങ്ക് 189 ആയി. ബംഗാൾ േകഡറിൽ ഐപിഎസ്. 2022ൽ റാങ്ക് 121. അപ്പോഴും ഐഎഎസ് അകലെ. 2023ലെ പരീക്ഷയിൽ നാലാം റാങ്കും ഐഎഎസും സ്വന്തം.

 സിവിൽ സർവീസ് സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കം എവിടെയായിരുന്നു ?
തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ ബി.ആർക്കിനു പഠിക്കുമ്പോഴാണു സിവിൽ സർവീസസ് പരീക്ഷ ശ്രദ്ധിച്ചത്. പരീക്ഷയെക്കുറിച്ചു മനസ്സിലാക്കാനായി മാത്രം 2019ൽ തയാറെടുപ്പുകളൊന്നുമില്ലാതെ പ്രിലിമിനറി പരീക്ഷയെഴുതി. അടുത്ത വർഷത്തെ പരീക്ഷയ്ക്കു നന്നായി തയാറെടുത്തു. ഡൽഹിയിലെ കോച്ചിങ് സെന്ററിൽ ചേർന്നു. 3 മാസം കഠിന പരിശ്രമം. ആ വർഷം റിസർവ് ലിസ്റ്റിലെത്തി.

തുടർച്ചയായ ശ്രമങ്ങൾ. ലക്ഷ്യം അകലെയാകുമ്പോൾ നിരാശയുണ്ടായിരുന്നോ ?
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്– മൂന്നു സർവീസിലും താൽപര്യമുണ്ടായിരുന്നു. ആർക്കിടെക്ചറാണു പരിചിത മേഖലയെന്നതിനാൽ അതുമായി ബന്ധപ്പെട്ട നഗരാസൂത്രണത്തിനും മറ്റുമുള്ള അവസരങ്ങൾ കൂടുതൽ ഐഎഎസിലായതിനാലാണ് അതിനുവേണ്ടി ശ്രമിച്ചത്. എല്ലാത്തവണയും ഏകദേശം നല്ല മാർക്ക് നേടാനും റാങ്ക് മെച്ചപ്പെടുത്താനും കഴിഞ്ഞിരുന്നു. കഠിനാധ്വാനത്തിനൊപ്പം നമ്മുടെ ഭാഗ്യവും പ്രധാനമാണ്.

എന്തായിരുന്നു ഓപ്ഷനൽ വിഷയം. അതു തിരഞ്ഞെടുക്കാനുള്ള കാരണം
ആന്ത്ര പ്പോളജിയായിരുന്നു (നരവംശശാസ്ത്രം) ഓപ്ഷനൽ വിഷയം. അതിന്റെ സിലബസിൽ താൽപര്യം തോന്നി. പഠന സാമഗ്രികളെല്ലാം എളുപ്പത്തിൽ കിട്ടുമായിരുന്നു. ആ വിഷയം ഓപ്ഷനലായെടുത്തു വിജയിച്ച ആളുകളുമായി ആശയവിനിമയം നടത്തി. ഇത്തവണ ഓപ്‌ഷനൽ വിഷയത്തിൽ ലഭിച്ച മികച്ച മാർക്കാണു റാങ്കുയർത്തിയത്.

പരീക്ഷയോളം തന്നെ പ്രധാനമാണല്ലോ ഇന്റർവ്യൂവും. അതിനുള്ള തയാറെ ടുപ്പുകൾ എങ്ങനെയായിരുന്നു ?
നമ്മുടെ പഠന പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണു പ്രതീക്ഷിക്കേണ്ടത്. ക്രമസമാധാനപാലനം, കറന്റ് അഫയേഴ്സ് തുടങ്ങിയവയിൽനിന്നും ചോദ്യങ്ങളുണ്ടാകും. അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് അനുസരിച്ച് നമുക്കു ലഭിക്കുന്ന മാർക്ക് മാറാം. പരമാവധി മോക്ക് ഇന്റർവ്യൂകൾ നടത്തി തയാറെടുക്കണം. ആദ്യത്തെ ഇന്റർവ്യൂവിനു മുൻപ് ഞാൻ ഓഫ്‌ലൈനായും ഓൺലൈനായും ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുത്തിരുന്നു.

മികച്ച തയാറെടുപ്പ് മാത്രം പോരാ
കേരളത്തിൽനിന്ന് ഒട്ടേറെപ്പേർ ഇപ്പോൾ സിവിൽ സർവീസിനു തയാറെടുക്കുന്നുണ്ട്. അവരോടു പറയാനുള്ളതെന്താണ്?
നന്നായി തയാറെടുത്ത ആളുകൾ പോലും പരീക്ഷ ക്ലിയർ ചെയ്യണമെന്നില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ റാങ്കിൽ വലിയ മാറ്റമുണ്ടാകാം. പരമാവധി മികച്ച രീതിയിൽ തയാറെടുക്കണം. സമകാലിക വിഷയങ്ങളിൽ മെച്ചപ്പെട്ട ധാരണ വേണം. വായന വളരെ പ്രധാനമാണ്. ഇത്തവണ പരീക്ഷയെഴുതുമ്പോഴും ഞാൻ ഐപിഎസ് പരിശീലനത്തിൽനിന്ന് അവധിയെടുത്തു തയാറെടുപ്പു നടത്തിയിരുന്നു. പരമാവധി ചോദ്യപ്പേപ്പറുകൾ ചെയ്തു പരിശീലിക്കണം. സമയത്തിന്റെ കൃത്യമായ വിനിയോഗം ഉൾപ്പെടെ പ്രധാനപ്പെട്ടതാണ്.

English Summary:

Siddharth's Strategic Play: Unveiling the Study Tactics that Cemented His Place as a National Topper in UPSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com