എംജി കലോത്സവം : മത്സരച്ചൂടിനേക്കാൾ ഉയരെ പകൽച്ചൂട്
Mail This Article
കോട്ടയം ∙ തീരാച്ചൂടിൽ ഉരുകി എംജി സർവകലാശാലാ കലോത്സവ വേദികൾ. ഇന്നലെ പകൽ 3.30നു ദഫ്മുട്ട് വേദിയിൽ കോന്നി എസ്എഎസ് കോളജിലെ ആനന്ദവിഷ്ണു തളർന്നുവീണു. കലോത്സവം തുടങ്ങി 4 ദിവസത്തിനുള്ളിൽ തളർന്നുവീണ് കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യസഹായം തേടിയത് 23 മത്സരാർഥികൾ ചിലർക്ക് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. മത്സരച്ചൂടിനേക്കാൾ ഉയരെ പകൽച്ചൂട് നിറയുമ്പോൾ പിടിച്ചുനിൽക്കാനാകാതെയാണു വിദ്യാർഥികൾ വീഴുന്നത്. പല ദിവസങ്ങളിലും സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്..
∙ വെള്ളം കുടിച്ച്
ഒരു കലോത്സവ വേദിയിൽ ശരാശരി ഒരുമണിക്കൂറിൽ 200 ലീറ്റർ ശുദ്ധജലം വേണ്ടിവരും. തിരുനക്കര മൈതാനത്ത് 20 ലീറ്ററിന്റെ വെള്ളം ഇന്നലെ തീർന്നുകൊണ്ടിരുന്നത് ഓരോ 25 മിനിറ്റുകൾ ഇടവിട്ടാണ്. ടൗണിലെ ശീതള പാനിയ വിൽപനക്കാർക്ക് ഇപ്പോൾ നല്ല കാലമാണ്. തിരുനക്കരയിൽ ഡിവൈഎഫ്ഐയുടെ കുമ്പിൾ ദാഹജലപ്പന്തൽ പ്രയോജനകരമാണ്.
∙ തണലിടങ്ങൾ
നിറയെ മരങ്ങളുള്ള സിഎംഎസ് കോളജ് തന്നെയാണ് തണൽ തേടിയെത്തുന്നവരുടെ ആശ്വാസ കേന്ദ്രം. കോളജിലെ എൻഎസ്എസ് കെട്ടിടത്തിനു ചുറ്റുമുള്ള വരാന്തയാണ് മൽസരം കഴിഞ്ഞെത്തുന്നവരും കാണികളും പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഓടുപാകിയ വെയിൽ അധികം ഏൽക്കാത്ത സ്ഥലമായതുകൊണ്ടു തന്നെ സ്വസ്ഥമായി വിശ്രമിക്കാം. ഉഷ്ണം സഹിക്കാതെ വരുമ്പോൾ സിഎംഎസിലെ വൻമരങ്ങൾ ആശ്വാസമാണ്. ചൂളമരം, ഇലഞ്ഞി, ഈട്ടി എന്നിങ്ങനെ ഒട്ടധികം മരങ്ങളാണ് തണലൊരുക്കുന്നത്. ബസേലിയസ് കോളജിന്റെ മുറ്റത്തുമുണ്ട് തണൽവിരിച്ച് മരം. ബിസിഎം കോളജിലും മരച്ചുവടുകൾ തന്നെ പ്രധാന ആശ്രയം. പാർക്കിങ് ഏരിയയോടു ചേർന്നുള്ള അലങ്കാര മരങ്ങളുടെ ചുവട്ടിൽ ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കോട്ടയത്തെ താപനില
∙ഫെബ്രുവരി 27: 38.5 (രാജ്യത്തെ ഏറ്റവും ഉയർന്ന താപനില)
∙ഫെബ്രുവരി 28: 37.5 (സംസ്ഥാനത്ത് താപനിലയിൽ രണ്ടാം സ്ഥാനം)
∙ഫെബ്രുവരി 29: 37.2 (സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില)