3000 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, റാഞ്ചിയിൽ പ്രവർത്തിക്കുന്ന ദേശീയസ്ഥാപനമായ എൻഐഎഎംടിയിൽ 3000 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന 18 മാസത്തെ ‘അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി’ കോഴ്സിലേക്ക് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ ഹാർഡ് കോപ്പി ജൂൺ 9ന് അകം The Assistant Registrar (Academics), NIAMT , Hatia, Ranchi – 834003, Jharkhand എന്ന വിലാസത്തിലെത്തിക്കണം. ഫൗൺഡ്രി / ഫോർജ് ശാഖകളിൽ യഥാക്രമം 58 / 57 സീറ്റ്. ക്യാംപസിൽ താമസിച്ചുപഠിക്കാം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺഡ്രി ആൻഡ് ഫോർജ് ടെക്നോളജി എന്ന പേരിലറിയപ്പട്ടിരുന്ന പ്രശസ്തസ്ഥാപനമാണ് കൽപിത സർവകലാശാലയായ ‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി (NIAMT)’. എൻജിനീയറിങ് ഉൽപാദനരംഗത്ത് നിർണായകസ്ഥാനമുള്ള പ്രവർത്തനമാണ് ഫൗൺഡ്രി / ഫോർജ് ടെക്നോളജി.
50% മാർക്കോടെ മെക്കാനിക്കൽ / പ്രൊഡക്‌ഷൻ / മാനുഫാക്ചറിങ് / മെറ്റലർജിക്കൽ / ഓട്ടോ / ഇൻഡസ്ട്രിയൽ എൻജിനീയറിങ് ഡിപ്ലോമ അഥവാ മാത്‌സ് / ഫിസിക്സ് / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി അടങ്ങിയ ബിഎസ്‌സി ഉള്ളവർക്ക് അപേക്ഷിക്കാം. ബിടെക്കുകാരെയും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. റാഞ്ചിയും ഹൈദരാബാദും അടക്കം 6 കേന്ദ്രങ്ങളിൽ ജൂൺ 30നു എഴുത്തുപരീക്ഷ നടത്തും. കേരളത്തിൽ കേന്ദ്രമില്ല. വെബ്: https://niamt.ac.in. ഫോൺ : 0651- 2912208.