എയിംസിൽ നഴ്സിങ്, പാരാമെഡിക്കൽ പഠനം
Mail This Article
ന്യൂഡൽഹി എയിംസിലെയും മറ്റ് 15 എയിംസിലെയും നഴ്സിങ് അടക്കമുള്ള ബാച്‌ലർ കോഴ്‌സുകളിൽ 2024 ലെ പ്രവേശനത്തിന് ബേസിക്, ഫൈനൽ എന്നിങ്ങനെ 2 ഘട്ടങ്ങളിൽ ഓൺലൈനായി റജിസ്‌റ്റർ ചെയ്യണം. ബേസിക് റജിസ്ട്രേഷൻ 26നു വൈകിട്ട് 5 വരെ. പ്രോസ്പെക്ടസിൽ കാണുന്ന അവസാന തീയതിക്കു ശേഷം നടപടികൾക്കുള്ള തീയതികൾ നീട്ടിയ വിജ്ഞാപനം സൈറ്റിലുള്ളതു നോക്കണം. ‘പാർ’ രീതി പ്രകാരം അപേക്ഷ 2 ഘട്ടങ്ങളിലാണ് (PAAR: പ്രോസ്പെക്ടിവ് ആപ്ലിക്കന്റ്സ്’ അഡ്വാൻസ്ഡ് റജിസ്ട്രേഷൻ). വെബ് :https://bsccourses.aiimsexams.ac.in.
പ്രോഗ്രാമുകൾ
1. ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് – ഇംഗ്ലിഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 55% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പട്ടികവിഭാഗം 50%. പ്രവേശനം വനിതകൾക്കു മാത്രം.
2. ബിഎസ്‌സി പാരാമെഡിക്കൽ കോഴ്സുകൾ: 50% എങ്കിലും മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‍സ് അല്ലെങ്കിൽ ബയോളജി അടങ്ങിയ പ്ലസ്ടു. പട്ടികവിഭാഗം 45%. സ്ഥാപനങ്ങൾ തമ്മിൽ പ്രവേശനയോഗ്യതയ്ക്കുള്ള വിഷയങ്ങളുടെ എണ്ണത്തിലും മിനിമം മാർക്കിലും വ്യത്യാസമുള്ളതു പ്രോസ്പെക്ടസിൽ ഉണ്ട്.
3. ബിഎസ്‌സി നഴ്‌സിങ് (പോസ്‌റ്റ് ബേസിക്): പ്ലസ്ടു, ജിഎൻഎം ഡിപ്ലോമ, നഴ്സിങ് കൗൺസിലിന്റെ നഴ്സ്, മിഡ്‍വൈഫ് റജിസ്ട്രേഷൻ. പുതിയ ഇന്റഗ്രേറ്റഡ് കോഴ്സ് പാസാകാത്ത പുരുഷന്മാർ നഴ്സ് റജിസ്ട്രേഷനു പുറമേ മിഡ്‌വൈഫറിക്കു പകരം ഇനിപ്പറയുന്നവയിലൊന്നിൽ 6 മാസത്തെ പരിശീലനം നേടിയിരിക്കണം- ഓപ്പറേഷൻ തിയറ്റർ ടെക്നിക്സ്, ഓഫ്താൽമിക് / ലെപ്രസി / ടിബി / സൈക്കിയാട്രിക് ന്യൂറോളജിക്കൽ ആൻഡ് ന്യൂറോ സർജിക്കൽ / കമ്യൂണിറ്റി ഹെൽത്ത് / കാൻസർ / ഓർതോപീഡിക് നഴ്സിങ്.
ബേസിക് റജിസ്ട്രേഷൻ സ്വീകരിച്ചിട്ടുള്ളവർക്കു കോഡ് രൂപീകരിച്ച്, ഫീസടച്ച്, പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത്, ഫൈനൽ റജിസ്ട്രേഷൻ നടത്താൻ 30നു വൈകിട്ട് 5 വരെ സമയമുണ്ട്. പരീക്ഷാ ഫീ 2000 രൂപ. പട്ടിക വിഭാഗവും സാമ്പത്തിക പിന്നാക്കവും 1600 രൂപ. ബാങ്ക് ചാർജ് പുറമേ. ഭിന്നശേഷിക്കാർ ഫീയടയ്ക്കേണ്ട.
ഓൺലൈൻ പരീക്ഷ
1. ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്: ജൂൺ 8ന്
2. ബിഎസ്‌സി നഴ്‌സിങ് (പോസ്‌റ്റ് ബേസിക്) / ബിഎസ്‌സി പാരാമെഡിക്കൽ: ജൂൺ 22ന്
മറ്റു വിവരങ്ങൾ
തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. തീരെക്കുറഞ്ഞ ഫീ നിരക്കുകൾ. ഇപ്പോൾ 12 ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പോസ്റ്റ് ബേസിക് നഴ്സിങ്ങുകാർക്കൊഴികെ എല്ലാവർക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. പക്ഷേ, ഋഷികേശ്, ബിബിനഗർ കേന്ദ്രങ്ങളിൽ മാത്രം പാരാമെഡിക്കലുകാർ പുറത്തു താമസിക്കേണ്ടിവരും.
(ബി) മാസ്റ്റർ ബിരുദ പ്രോഗ്രാം
1. എംഎസ്‌സി നഴ്‌സിങ് (കാർഡിയോളജിക്കൽ / സിടിവിഎസ്, ഓങ്കോളജിക്കൽ, ന്യൂറോസയൻസസ്, നെഫ്രോളജിക്കൽ, ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക്, സൈക്കിയാട്രിക്)
2. എംഎസ്‌സി: മെഡിക്കൽ അനാറ്റമി, മെഡിക്കൽ ബയോകെമിസ്‌ട്രി, ബയോഫിസിക്‌സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, റിപ്രൊഡക്ടിവ് ബയോളജി ആൻഡ് ക്ലിനിക്കൽ എംബ്രയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, ട്രാൻസ്‍ലേഷനൽ മെഡിസിൻ, മെഡിക്കൽ ലാബ് ടെക്നിഷ്യൻ (മൈക്രോബയോളജി)
3. എം ബയോടെക്‌നോളജി
ഡൽഹി, റായ്പൂർ, ഋഷികേശ്, ഭുവനേശ്വർ, ഭോപാൽ, ജോധ്പുർ, പട്ന, ഗോരഖ്പുർ, നാഗ്പുർ, കല്യാണി (ബംഗാൾ), ദേവ്ഘർ (ജാർഖണ്ഡ്) എന്നീ കേന്ദ്രങ്ങളിലാണു പ്രോഗ്രാമുകൾ. 60% എങ്കിലും മാർക്കോടെ 4 വർഷ ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്, പോസ്റ്റ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ബേസിക് അടക്കം) നേടിയവർക്കാണ് എംഎസ്‌സി നഴ്‌സിങ് പ്രവേശനം. പട്ടികവിഭാഗക്കാർക്ക് 55% മതി.
കൗൺസിൽ റജിസ്ട്രേഷനും വേണം. 60% എങ്കിലും മാർക്കോടെ വെറ്ററിനറി, ഫാർമസി, ഫിസിയോതെറപ്പി ബാച്‌ലർ ബിരുദം അഥവാ ഏതെങ്കിലും 3 വർഷ ബിഎസ്‌സി നേടിയവർക്ക് എംഎസ്‌സി പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടികവിഭാഗത്തിന് 55%. എംബിബിഎസ് /ബിഡിഎസ് ബിരുദമുള്ളവർക്ക് 55% മാർക്കു മതി. പട്ടികവിഭാഗത്തിന് 50%. എം ബയോടെക്നോളജിയുടെ പ്രവേശനയോഗ്യത എംഎസ്‌സിയുടേതു തന്നെ. പക്ഷേ, ബയോടെക്നോളജി ബിടെക്കുകാരെയും പരിഗണിക്കും. എൻട്രൻസ് പരീക്ഷ ജൂൺ 15നു ഡൽഹിയിൽ മാത്രം. പരീക്ഷാ ഫീ ബാച്‌ലറിന്റേതു തന്നെ. https://msccourses.aiimsexams.ac.in.