മക്കളെ ക്ലേശങ്ങളറിയിക്കാതെ വളർത്തണോ, അതോ മൂല്യങ്ങൾ അറിയിച്ചു പരിപാലിക്കണോ?
Mail This Article
അപൂർവരോഗം ബാധിച്ച അയാൾ മരണവേദനയിൽ പുളയുകയാണ്. വൈദ്യന്മാർക്കു പരിഹാരം കാണാൻ പറ്റിയില്ല. ആ വഴി വന്ന ഗുരു കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം പറഞ്ഞു: സ്വർഗത്തിൽനിന്നുള്ള മണ്ണ് നെറ്റിയിൽ പൂശിയാൽ അസുഖം ഭേദമാകും. എല്ലാവരും കുഴങ്ങിനിൽക്കെ ഒരു കുട്ടി കുറച്ചു മണ്ണുമായി വന്നു. ഗുരു അതു കുഴച്ചു രോഗിയുടെ നെറ്റിയിലിട്ടപ്പോൾ അയാൾ സുഖം പ്രാപിച്ചു. എല്ലാവരും അദ്ഭുതത്തോടെ അവനോടു ചോദിച്ചു: നിനക്കെങ്ങനെ സ്വർഗത്തിലെ മണ്ണു കിട്ടി. അവൻ പറഞ്ഞു: അച്ഛനും അമ്മയുമാണ് ഭൂമിയിലെ സ്വർഗമെന്നു ഞാൻ പഠിച്ചിട്ടുണ്ട്. അവരുടെ കാലടികൾ പതിഞ്ഞ മണ്ണാണ് ഞാൻ കൊണ്ടുവന്നത്.
വളർത്തുന്നവരുടെ പാദങ്ങളാണ് വളരുന്നവരുടെ പാതകളിലെ വെളിച്ചം. രക്ഷാകർതൃത്വത്തിന്റെ ഓരോ ചുവടിലും ആഹ്ലാദത്തോടൊപ്പം അല്ലലുമുണ്ട്. ഒരുക്കങ്ങളുടെ പിൻബലമില്ലാതെയാണ് അച്ഛനും അമ്മയും രൂപപ്പെടുന്നത്. കരുതലിന്റെയും പരിചരണത്തിന്റെയും പര്യായങ്ങളാണവർ. ആ മനോഭാവത്തിലാണ് സ്വർഗം ഉടലെടുക്കുന്നത്. ക്ലേശങ്ങളും കഷ്ടപ്പാടുകളും വളരുന്നവരെ അറിയിക്കാതെ അവരാണ് ഏറ്റെടുക്കുന്നത്. അച്ഛനാലും അമ്മയാലും സ്നേഹിക്കപ്പെടുന്നതുപോലെ ഒരാളും ഒരിടത്തും സ്നേഹിക്കപ്പെട്ടിട്ടുണ്ടാകില്ല.
ഒരാൾ മറ്റൊരാൾക്കുവേണ്ടി ജീവിക്കുന്നതിനു മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിക്കുന്നതിനെക്കാൾ വലിയ മാതൃകയില്ല. എല്ലാ പരിമിതികളും ലംഘിക്കപ്പെടുന്നതു മാതൃത്വത്തിലും പിതൃത്വത്തിലുമാണ്. അതുവരെ അസാധ്യ മെന്നു കരുതി മാറ്റിവച്ചതെല്ലാം രക്ഷാകർത്താവാകുന്നതുമുതൽ അവർ ചെയ്തുതുടങ്ങും. നീന്തലറിയാത്തതിന്റെ പേരിൽ ഒരു പുഴയിലും ഇറങ്ങാത്ത അവർ കുഞ്ഞു വീണാൽ ഏതു കടലിലും ചാടും. വളർന്ന സമയത്തു പലതിൽനിന്നും മാറിനിന്നിട്ടുണ്ടെങ്കിലും വളർത്തുന്നവരെ അവർ എല്ലായിടത്തും മുൻപന്തിയിലെത്തിക്കും. തന്നെക്കാൾ വലുതാകണമെന്നുറപ്പിച്ചാണ് ഓരോ രക്ഷാകർത്താവും മക്കളെ വളർത്തുന്നത്. കർമംകൊണ്ടും കഴിവുകൊണ്ടും ആകാശത്തെത്തുമ്പോഴും വേരുകൾ വളർത്തിയവരുടെ കാൽപാദങ്ങളിലാകണം. അവിടെനിന്നാണ് മനുഷ്യത്വത്തിന്റെയും മൂല്യങ്ങളുടെയും ബാലപാഠങ്ങൾ പഠിച്ചത്, ശരിതെറ്റുകൾ കണ്ടെത്താൻ ശീലിച്ചത്, അവിടെ ചവിട്ടിയാണ് ആത്മവിശ്വാസത്തോടെ നിന്നത്.