സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെന്റ് ബിരുദത്തിന് പ്രവേശനം നേടാം; ഇപ്പോൾ അപേക്ഷിക്കാം
Mail This Article
കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള 7 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2024–25 ലെ 4 വർഷ BHMCT (ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി) പ്രോഗ്രാം പ്രവേശനത്തിന് 30 വരെ അപേക്ഷാ ഫീസടയ്ക്കാം. ഓൺലൈൻ മേയ് 1 വരെ. അപേക്ഷാഫീ 1200 രൂപ. പട്ടികവിഭാഗം 600 രൂപ. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
സ്ഥാപനങ്ങളും അഫിലിയേറ്റഡ് സർവകലാശാലകളും: സൗത്ത് പാർക്ക് നെടുമങ്ങാട്, 120 സീറ്റ് (കെടിയു), രാജധാനി ആറ്റിങ്ങൽ, 150 സീറ്റ് (കെടിയു), കെഎംസിറ്റി കുറ്റിപ്പുറം, 180 സീറ്റ് (കെടിയു), വിശ്വജ്യോതി വാഴക്കുളം, 60 സീറ്റ് (കെടിയു), ലൂർദ് മാതാ കാട്ടാക്കട, 120 സീറ്റ് (കേരള), ശ്രീനാരായണ ചേർത്തല 120 സീറ്റ് (കേരള), സ്നേഹാചാര്യ കരുവാറ്റ, 180 സീറ്റ് (കേരള). ആകെ 930 സീറ്റ്. ഓരോ സ്ഥാപനത്തിലെയും നേർപകുതി സർക്കാർ സീറ്റും ബാക്കി മാനേജ്മെന്റ് സീറ്റും.
പ്ലസ്ടു/തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രസക്ത ഡിവോക് ആയാലും മതി. സ്ഥാപനം അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാലയിലെ വ്യവസ്ഥപ്രകാരം യോഗ്യതാ പരീക്ഷയിൽ മിനിമം മാർക്ക് വേണം. കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്റർ നടത്തുന്ന KHMAT ലെ (കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) റാങ്ക് നോക്കിയാണ് സർക്കാർ സീറ്റുകളിലെ സിലക്‌ഷൻ. 90 മിനിറ്റ് ടെസ്റ്റിൽ 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 90 മാർക്ക്: Basic Mathematics (20), Communication Skill (20), General Knowledge and Current Affairs (20), Hospitality and Catering Technology awareness (30). നെഗറ്റീവ് മാർക്കില്ല. പരീക്ഷാ തീയതിയും കേന്ദ്രങ്ങളും പിന്നീടറിയിക്കും.
സർക്കാർ സീറ്റുകളിലേക്ക് എൽബിഎസ് സെന്റർ ഓപ്ഷൻ സ്വീകരിച്ച് സീറ്റുകൾ അലോട്ട് ചെയ്യും. ഇതിൽ സർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. പക്ഷേ, മാനേജ്മെന്റ് സീറ്റുകളിലേക്ക് ഈ ടെസ്റ്റിലെയോ അംഗീകൃത സമാന ദേശീയ ടെസ്റ്റുകളിലെയോ സ്കോർ നോക്കി അതതു മാനേജ്മെന്റുകൾക്ക് സ്വന്തമായി പ്രവേശനം നടത്താം. വാർഷിക ഫീ വിവിധ സ്ഥാപനങ്ങളിൽ 60,000 മുതൽ 75,000 വരെ രൂപ. മിക്ക സ്ഥാപനങ്ങളിലും 10,000 രൂപ കോഷൻ ഡിപ്പോസിറ്റ് അടയ്ക്കണം. ഹെൽപ് ലൈൻ: 0471-2560327.