ആയുഷ് പിജി എൻട്രൻസ്: അപേക്ഷ മേയ് 15 വരെ
Mail This Article
എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി) എംഡി, എംഎസ് കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പ്രവേശനപ്പരീക്ഷയാണ് AIAPGET-2024 (ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്). നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഈ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ മേയ് 15 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 2700 രൂപ പിന്നാക്കം, സാമ്പത്തിക പിന്നാക്കം: 2450 രൂപ. പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1800 രൂപ.
അപേക്ഷകർ അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബാച്‌ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് ഈ വർഷം ജൂൺ 30ന് അകം പൂർത്തിയാക്കി യിരിക്കണം. സർട്ടിഫിക്കറ്റ് കൗൺസലിങ് സമയത്ത് ഹാജരാക്കണം. എൻട്രൻസിൽ റാങ്ക് നേടുന്നവർ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, സംസ്ഥാനങ്ങൾ, പ്രവേശനം നടത്തുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിഷ്കർഷിക്കുന്ന പ്രസക്ത യോഗ്യതകളുണ്ടെന്ന് ഉറപ്പാക്കണം.
ഫലപ്രഖ്യാപനത്തിനുശേഷം ‘ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ് കമ്മിറ്റി’ (https://aaccc.gov.in) ചോയ്സ് ഫില്ലിങ്ങിനു ക്ഷണിച്ച് ഓൺലൈൻ കൗൺസലിങ്ങിലൂടെ വിദ്യാർഥികളെ വിവിധ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകളിലേക്ക് അലോട്ട് ചെയ്യും. വെബ് സൈറ്റ് : https://exams.nta.ac.in/AIAPGET & https://nta.ac.in. ഹെൽപ്‌ലൈൻ : 011-40759000, aiapget@nta.ac.in
പരീക്ഷ
ജൂലൈ 6നു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ട്. ആകെ സമയം 120 മിനിറ്റ്. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്കു കുറയ്ക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടികവിഭാഗം 15, പട്ടികവർഗം 7.5, പിന്നാക്കം 27, സാമ്പത്തിക പിന്നാക്കം 10 % സംവരണമുണ്ട്. ഭിന്നശേഷി ക്ക് 5% സംവരണം. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 97 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവയിൽ രണ്ടെണ്ണം മുൻഗണനാക്രമത്തിൽ കാണിക്കണം.