ADVERTISEMENT

ദരിദ്രനെങ്കിലും രാമു സന്തോഷവാനാണ്. രാത്രി ജനലുകളെല്ലാം തുറന്നിട്ട് സമാധാനത്തോടെ ഉറങ്ങും. ധനികനായ ശ്യാമുവാകട്ടെ പലപ്പോഴും മാനസിക പിരിമുറുക്കത്തിലാണ്. വീടിനകത്തുള്ള പണം ആരെങ്കിലും മോഷ്ടിക്കുമോ എന്ന ചിന്തയിൽ എല്ലാം അടച്ചുപൂട്ടി ഭദ്രമാക്കിയാണു ജീവിതം. പല ദിവസങ്ങളിലും ഉറങ്ങാറുമില്ല. രാമുവിന്റെ സന്തോഷം കണ്ടിട്ട് അയാൾക്ക് അസൂയയായി. ഒരു ദിവസം ശ്യാമു പെട്ടിയുമായി രാമുവിന്റെ വീട്ടിലെത്തി പറഞ്ഞു: എനിക്കു ധാരാളം പണമുണ്ട്; കുറച്ച് എടുത്തുകൊള്ളൂ. അപ്രതീക്ഷിതമായി പണം കിട്ടിയ രാമു സന്തുഷ്ടനായി ദിവസം മുഴുവൻ ചെലവഴിച്ചു. പക്ഷേ, രാത്രിയായപ്പോൾ ഭയം അയാളെയും ബാധിച്ചു. പണം ആരെങ്കിലും മോഷ്ടിക്കുമെന്ന പേടിയിൽ അന്നു രാത്രി ഉറങ്ങിയില്ല. പിറ്റേന്നു രാവിലെതന്നെ പണപ്പെട്ടി രാമു തിരിച്ചേൽപിച്ചു. 

ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ പരകോടി. മറ്റാരെങ്കിലും എന്തെങ്കിലും കവർന്നെടു ക്കുമോയെന്ന പേടിവന്നാൽ പിന്നീടുള്ള ഒരു നിമിഷംപോലും സന്തോഷകരമാകില്ല. താഴിട്ടുപൂട്ടി വയ്ക്കുന്നവർക്കു ചില മൂഢചിന്തകളുണ്ട്: തനിക്കു മാത്രമേ ഇതെല്ലാമുള്ളൂ, മറ്റുള്ളവരെല്ലാം തന്റെ സ്വത്ത് തട്ടിയെടുക്കാൻ ജീവിക്കുന്നവരാണ്, ലോക്കറിലെ പണമാണ് തന്റെയെല്ലാം തുടങ്ങിയവ. ഒന്നുമില്ലാത്തവർക്ക് ഒന്നിനെക്കുറിച്ചും ആവലാതിയില്ല. എന്തെങ്കിലുമുള്ളവർക്ക് ഉള്ളതു നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയാണ്. ഏതെങ്കിലും കാര്യം എക്കാലവും കൂടെ നിർത്താൻ കഴിയുമോ? പദവികളുടെ ബഹുമതിയിൽ വിഹരിച്ചവർക്ക് ഒരിക്കൽ താഴെയിറങ്ങേണ്ടിവരും, ഏതു പണ്ഡിതനും ഒരബദ്ധമെങ്കിലും പറ്റിയിട്ടുണ്ടാകും. തന്റെ മികവുകളെല്ലാം തന്റെ മാത്രം കുത്തകയാക്കി വയ്ക്കാമെന്നു തെറ്റിദ്ധരിച്ചിട്ടുള്ള ഒരാളും വളർന്നിട്ടില്ല. 

ഏതെങ്കിലുമൊരു ബിന്ദുവിൽ തങ്ങളെത്തന്നെ തളച്ചിടുകയാണവർ. എന്തു നഷ്ടപ്പെടുമെന്നാണോ പേടി അതിനോടുള്ള ആസക്തി കൂടും. അതു സ്വത്തിലായിരിക്കാം, ബന്ധങ്ങളിലായിരിക്കാം. സ്വന്തമാക്കാനുള്ള വ്യഗ്രത കൂടുന്നതനുസരിച്ചു നഷ്ടപ്പെടാനുള്ള സാധ്യതയും കൂടും. നഷ്ടപ്പെടുമോ എന്ന ഭയം കൂടുന്നതനുസരിച്ചു ചങ്ങലയ്ക്കിടാനുള്ള പ്രവണതയും കൂടും. സ്വന്തമാക്കുന്നതെല്ലാം സ്വതന്ത്ര ശ്വാസോച്ഛ്വാസത്തിനുപോലും വിഘാതമാകുന്നെങ്കിൽ അവയെ എറിഞ്ഞുകളയുന്നതാണു നല്ലത്.

English Summary:

The Liberating Power of a Life Free from the Anxiety of Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com