ബന്ധങ്ങളിൽ വിള്ളലുണ്ടാകരുതെന്നാണോ ആഗ്രഹം; ഇഴയടുപ്പം കൂട്ടാൻ ഇങ്ങനെ ചെയ്യാം
Mail This Article
അച്ഛനുമായി വഴക്കുണ്ടാക്കി അവൻ വീടുവിട്ടിറങ്ങി. ആഴ്ചകൾ കഴിഞ്ഞപ്പോൾ അവന് അസുഖം പിടിപെട്ടു. ക്ഷീണിതനായി കട്ടിലിൽ കിടക്കുമ്പോൾ അവൻ വീട്ടിലെ കാര്യങ്ങൾ ഓർത്തു. പനി വരുമ്പോൾ അച്ഛൻ ശ്രദ്ധയോടെ പരിപാലിച്ചിരുന്നത് മനസ്സിൽ തെളിഞ്ഞു. വീട്ടിലായിരുന്നപ്പോൾ താൻ കുറെക്കൂടി സുരക്ഷിത നായിരുന്നുവെന്നും തോന്നി. തെറ്റു തിരിച്ചറിഞ്ഞ് അവൻ വീട്ടിലേക്കു നടന്നു. രാത്രി വൈകി എത്തിയപ്പോഴും വീടിന്റെ വാതിൽ തുറന്നുകിടപ്പുണ്ട്. അച്ഛൻ വരാന്തയിൽ കിടക്കുന്നു. അവൻ നിറകണ്ണുകളോടെ ചോദിച്ചു: ‘എന്താണ് വാതിൽ തുറന്നിട്ടിരിക്കുന്നത്? ഞാൻ ഇന്നു വരുമെന്ന് അച്ഛനറിഞ്ഞിരുന്നോ?.’ അച്ഛൻ പറഞ്ഞു. ‘നീ പോയതിനുശേഷം ഈ വാതിൽ അടച്ചിട്ടില്ല. എന്നെങ്കിലും മടങ്ങിവന്നാൽ അടഞ്ഞ വാതിൽ കണ്ട് തിരിച്ചുപോകേണ്ടല്ലോ എന്നു കരുതി’.
ചില ബന്ധങ്ങൾ ഉപേക്ഷിക്കാനാ കാത്തതാണ്. പല കാരണങ്ങളുടെ പേരിൽ ബന്ധങ്ങൾ രൂപപ്പെടും; ഒരിടത്തു ജനിച്ചതുകൊണ്ടും ഒരിടത്തു തൊഴിലെടുത്തതുകൊണ്ടും ഒരേ ദിശയിൽ സഞ്ചരിക്കുന്നതുകൊണ്ടുമെല്ലാം. ചിലർ വന്നു കണ്ട് മടങ്ങും, ചിലർ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളിൽ ഒപ്പം നിൽക്കും, ചിലർ ഹൃദയങ്ങളിൽ ചേക്കേറും. എത്ര വലിച്ചെറിഞ്ഞാലും പോകാത്ത ചില ആളുകളുണ്ട്. എത്ര പുറത്താക്കിയാലും എന്നന്നേക്കുമായി വാതിലടയ്ക്കാത്തവരുമുണ്ട്. അവരുടെയിടയിലുള്ളതാണ് യഥാർഥ അടുപ്പം. ഏത് അകലത്തിനും അതർഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക് അതു നീളാൻ പാടില്ല.
വിളിച്ചാൽ കേൾക്കാൻ പറ്റാത്തതും ദൂരദർശനിയിലൂടെപ്പോലും കാണാൻ പറ്റാത്തതുമായ അകലം മടങ്ങിവരവിന്റെ സാധ്യതകൾ അവസാനിപ്പിക്കും. ഇഴയടുപ്പം കൂട്ടാൻ പ്രേരകമാകുന്ന അകലം ആരോഗ്യകരമാണ്, അല്ലാത്തതെല്ലാം അനാവശ്യവും. വല്ലപ്പോഴും അകലുന്നത് നല്ലതാണ്. ഓരോരുത്തരും തനിക്കാരായിരുന്നു എന്നു മനസ്സിലാകും, നമ്മളില്ലാതെയും അവരുടെ സന്തോഷം പൂർണമാകുമോ എന്നു തിരിച്ചറിയും, നമുക്കു പകരം മറ്റാരെങ്കിലും ശൂന്യത നികത്തുന്നുണ്ടോ എന്നു കണ്ടെത്തും, സാഹചര്യങ്ങളുടെയും നിവൃത്തികേടിന്റെയും പേരിൽ മാത്രം നിലനിന്നതാണെങ്കിൽ അവ ഒഴിഞ്ഞുപോകുകയും ചെയ്യും. എല്ലാ കപ്പലുകളിലും നങ്കൂരമുണ്ട്. എവിടെയൊക്കെ പോയാലും അവസാനം തുറമുഖത്തെത്തി നിലയുറപ്പിക്കാനാണ്. ആവലാതിയോടെ ഇറങ്ങിയാലും ആനന്ദത്തി നുവേണ്ടി ഇറങ്ങിയാലും കയ്യിലൊരു നങ്കൂരമുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മതി, ആത്മവിശ്വാസത്തോടെ തിരിച്ചെത്താം.