ഈ ട്രിക്ക് ധൈര്യമായി പരീക്ഷിക്കാം; പിഎസ്‌സി പരീക്ഷയ്ക്ക് സമയം തികയില്ലെന്ന് ഇനി പരാതി പറയേണ്ടി വരില്ല
Mail This Article
പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ ആദ്യഘട്ടം കഴിഞ്ഞു. ഒറ്റനോട്ടത്തിൽ പരീക്ഷ എളുപ്പമെന്നു തോന്നുമെങ്കിലും യഥാർഥത്തിൽ കടുപ്പമായിരുന്നു. ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നവ; ഉത്തരം കണ്ടെത്തുക സങ്കീർണം. എല്ലാ പ്രിലിമിനറി പരീക്ഷയുടെയും പൊതുസ്വഭാവമാണിത്. പലർക്കും സമയം തികയാത്ത പ്രശ്നവുമുണ്ടായി. പൊതുവിജ്ഞാനഭാഗത്ത് എല്ലാം വളരെ വലിയ ചോദ്യങ്ങളും ഏറെ സമയം ആവശ്യമുള്ളവയുമായിരുന്നു. ഉത്തരമെഴുതാൻ ശ്രമിച്ചാൽ ഉറപ്പായും തെറ്റിപ്പോകുന്ന ഏറെ ചോദ്യങ്ങളുണ്ടായിരുന്നു. അവ ഒഴിവാക്കുകയാണു പ്രായോഗികമായ വഴി.
50 മാർക്ക് നേടിയാൽ പോലും ഈ പരീക്ഷയിൽ മികച്ചതായി വിലയിരുത്താം. തദ്ദേശസ്ഥാപന സെക്രട്ടറി തസ്തികയിലേക്കുള്ള എൽഎസ്ജിഎസ് പരീക്ഷയാണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതായിരിക്കും. അതേസമയം സബ് ഇൻസ്പെക്ടർ തസ്തികയി ലേക്ക് അപേക്ഷിച്ചവർക്കുള്ള കട്ട് ഓഫ് മാർക്ക് താരതമ്യേന കുറവായിരിക്കും. കഴിഞ്ഞതവണ 34 -37ആയിരുന്നു ഇത്.
പൊതുവിജ്ഞാന ചോദ്യങ്ങളിൽ ഒരുപാടു സമയം ചെലവഴിച്ചവർക്ക് കണക്കിനു വേണ്ടത്ര സമയം കിട്ടിയിട്ടുണ്ടാവില്ല. എന്നാൽ പരീക്ഷയുടെ ആദ്യം തന്നെ കണക്ക്, മലയാളം, ഇംഗ്ലിഷ് എന്നിവയ്ക്ക് ഉത്തരമെഴുതിയശേഷം പൊതുവിജ്ഞാന ഭാഗത്തേക്കു വന്നവർക്കു സമയം പ്രശ്നമായിട്ടുണ്ടാകില്ല. ഇവർക്ക് 50 മാർക്ക് നേടാനും പ്രയാസമില്ല. ഇത്തരം പരീക്ഷകളിൽ അതുതന്നെയാണ് ശരിയായ രീതി. പൊതുവിജ്ഞാന ചോദ്യങ്ങളിൽനിന്ന് 50 മാർക്ക് സ്കോർ ചെയ്യണമെങ്കിൽ 2 മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടി വരും. എന്നാൽ ഇപ്പുറത്ത് അത്രയും സമയമെടുക്കാതെ തന്നെ 50 മാർക്ക് സ്കോർ ചെയ്യാൻ കഴിയുമായിരുന്നു. അടുത്തഘട്ടത്തിൽ പ്രിലിമിനറി പരീക്ഷ എഴുതാൻ പോകുന്നവർ ഇക്കാര്യം ഓർക്കുക. (താഴെപ്പറയുന്നതിൽ ഏതാണ് ഇന്ത്യയിലെ ഭൂതാപ നിലയം അല്ലാത്തത് എന്നൊരു ചോദ്യം ഉണ്ടായിരുന്നു. എന്നാൽ ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഓപ്ഷനിൽ നൽകിയിട്ടില്ലാത്തിനാൽ ചോദ്യം ഒഴിവാക്കിയേക്കും.)