ADVERTISEMENT

റാഗിങ് - കോളജുകളിലേക്ക് ആദ്യമായി പോകുന്ന വിദ്യാർഥികളുടെ ഏറ്റവും പേടിപ്പെടുത്തുന്ന ചിന്തകളിലൊന്ന്. നമുക്കു ചുറ്റും പരിശോധിച്ചാൽ റാഗിങ് മൂലം കഷ്ടതകൾ അനുഭവിച്ച വിദ്യാർഥികളുടെ ധാരാളം കഥകൾ കണ്ടെത്താനാകും. കോളജുകളിലെ സ്വച്ഛമായ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും പേടിയുടെ ഒരു ദൂഷിത വലയം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയായ റാഗിങ്ങിനെതിരെ നിയമപരവും ബോധവത്കരണപരവുമായ നിരവധി നടപടികളുണ്ടായിട്ടുണ്ടെങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതു തുടരുന്നു എന്നുള്ളത് ആശങ്കപ്പെടുത്തുന്ന സത്യം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളിലൊന്നായിരുന്നു കഴിഞ്ഞദിവസം സംഭവിച്ച സിദ്ധാർഥിന്റെ മരണം.

ഒരു വ്യക്തിയോ വ്യക്തികളോ മറ്റൊരാളെ ദ്രോഹിക്കുന്ന ബുള്ളിയിങ്ങിൽ പെട്ടതാണ് റാഗിങ്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, റാഗിങ് വിദ്യാർഥികളിൽ ആത്മവിശ്വാസമുണ്ടാക്കുമെന്നും അവരുടെ കംഫർട് സോൺ പൊളിച്ച് അവരെ കൂടുതൽ മികവുറ്റവരാക്കുമെന്നുമൊക്കെയുള്ള പിന്തിരിപ്പൻ ചിന്തകളുള്ളവരും നമുക്കിടയിലുണ്ട്. വിദ്യാർഥികളുടെ ആത്മവിശ്വാസം കൂട്ടാൻ ക്രിയാത്മകവും പോസിറ്റീവുമായ എത്രയോ മാർഗങ്ങളുണ്ട്. കംഫർട് സോൺ മാറ്റാനും ഇത്തരത്തിൽ ആരോഗ്യപരമായ മാർഗങ്ങൾ ഒട്ടേറെ. അതിനെന്തിനാണു റാഗിങ് എന്ന ദ്രോഹപ്രവൃത്തി?

ragging
പ്രതീകാത്മക ചിത്രം (Photo - Shutterstock / Vecton)

ലോകത്ത് പലയിടങ്ങളിലും റാഗിങ്ങിന്റെ പല രൂപങ്ങൾ ഉണ്ട്. യുഎസിലെ ഹേസിങ് ഇതിന് ഉദാഹരണമാണ്. സ്‌പോർട്‌സ് അക്കാദമികളിലും ചില ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും ഫ്രറ്റേണിറ്റി, സൊറോറിറ്റി ഹൗസുകളിലുമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ ബോധവത്കരണവും നിയമനടപടികളുമെല്ലാം യുഎസ് പല കാലങ്ങളിൽ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ പൊതുവായ ക്യാംപസ് വിദ്യാഭ്യാസത്തിൽ സംഘടിതമായ രീതിയിൽ റാഗിങ് യുഎസ് കോളജുകളിലും സർവകലാശാലകളിലുമൊന്നും അത്ര ദൃശ്യമല്ലെന്ന് അധികൃതർ പറയുന്നു.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവരടങ്ങിയ ദക്ഷിണേഷ്യയിൽ റാഗിങ് വ്യാപകമായുണ്ട്. അതിശക്തമായ വിദ്യാഭ്യാസരംഗമുള്ള ഇന്ത്യയിൽ റാഗിങ്ങിനെതിരെ ശക്തമായ നിയമനിർമാണങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ റാഗിങ് റിപ്പോർട്ട് ചെയ്തത് പ്രശ്‌നത്തിന്റെ ഗൗരവം കാട്ടുന്ന വിഷയമാണ്. 

Representative image. Photo Credit : lakshmiprasad S/iStock
Representative image. Photo Credit : lakshmiprasad S/iStock

സുപ്രീം കോടതി ശക്തമായി ഇടപെട്ടതിനെത്തുടർന്ന് 2009 മുതൽ ആന്റി റാഗിങ് ഹെൽപ് ലൈൻ രാജ്യത്ത് പ്രാവർത്തികമായി. ആ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ അമൻ ഖച്‌റു കൊലപാതകക്കേസും റാഗിങ്ങിനെതിരെ ബോധവത്ക്കരണവും നിയമനടപടികളും ഊർജിതമാക്കി. ഹിമാചൽ പ്രദേശിലെ മെഡിക്കൽ വിദ്യാർഥിയായ അമൻ റാഗിങ്ങുമായി ബന്ധപ്പെട്ടുള്ള സീനിയേഴ്‌സിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ കേസ് ചലനം സൃഷ്ടിച്ചു. അമനിന്റെ പിതാവ് രാജേന്ദ്ര രാജ്യമെമ്പാടുമുള്ള റാഗിങ് വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായി പിൽക്കാലത്ത് മാറി. അദ്ദേഹം അമൻ എന്നൊരു സന്നദ്ധസംഘടനയ്ക്കും രൂപം നൽകി.

sidharth-01
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല. (ഇൻസെറ്റിൽ സിദ്ധാർഥ്)

പിൽക്കാലത്ത് റാഗിങ്ങിന്റെ പൊതുവായ തീവ്രത കുറഞ്ഞെങ്കിലും സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നു. സീനിയേഴ്‌സിന്റെ കോപം ഭയന്ന് ഫ്രഷർ വിദ്യാർഥികൾ പരാതിപ്പെടാൻ മടിക്കുന്നത് റാഗിങ്ങിനെതിരെയുള്ള നടപടികളെ ബാധിക്കുന്ന കാര്യമാണ്. പല സ്ഥലങ്ങളിലും മൃദുവായ റാഗിങ് എന്ന പേരിൽ മാനസിക ചൂഷണങ്ങൾ സീനിയർ വിദ്യാർഥികൾ നടത്താറുണ്ട്. ഫ്രഷർ വിദ്യാർഥികളെക്കൊണ്ട് തങ്ങളുടെ വസ്ത്രം കഴുകിക്കുന്നതും അവരിൽനിന്നു പണം വാങ്ങുന്നതുമൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു. ഇതത്ര മൃദുവായ കാര്യമല്ല.

റാഗിങ്ങ് കാരണം മരണം സംഭവിച്ചവരുണ്ട്. കോമാ സ്‌റ്റേജിലായവരുണ്ട്. അംഗഭംഗങ്ങൾ നേരിട്ടവരുണ്ട്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേൽപ്പിക്കുന്ന ആഘാതം. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലർക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. ഇതിൽപെട്ട് പിടിഎസ്ഡി പോലുള്ള അവസ്ഥകൾ അഭിമുഖീകരിക്കുന്നവരുണ്ട്, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിങ് എന്ന ക്രൂരവിനോദത്തിൽ ജീവിതവും കരിയറും തകർന്ന എത്രയോ പേർ. അവരുടെ വിഷമം കണ്ട് കണ്ണീർ കുടിച്ചുതീർക്കുന്ന രക്ഷിതാക്കളും കുടുംബാംഗങ്ങളും.


ഒരു ക്യാംപസിൽ പുതുതായി വരുന്ന വിദ്യാർഥികൾ തങ്ങളുടെ അപ്രമാദിത്വം കാട്ടാനുള്ള ഇരകളാണെന്നു സീനിയേഴ്‌സ് ചിന്തിക്കുന്നിടത്താണു റാഗിങ്ങിന്റെ വളം. മുൻപ് തങ്ങളും റാഗ് ചെയ്യപ്പെട്ടിരുന്നു, അതിനാൽ നിങ്ങളുമനുഭവിക്കണമെന്ന ന്യായം ഇതിനു പറയുന്നവരുമുണ്ട്. കോളജിലേക്കു വരുന്നത് ഒരു വിദ്യാർഥി മാത്രമല്ല, ഒരു സ്വതന്ത്ര വ്യക്തി കൂടിയാണ്. അയാളെ റാഗ് ചെയ്യാനോ അയാളുടെ സമ്മതമില്ലാതെ ഒരു പാട്ടു പാടാൻ പോലും ആവശ്യപ്പെടാനോ ഒരു സീനിയറിനും അവകാശമില്ല. ഈ രാജ്യത്തെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അത് ഉറപ്പുനൽകുന്നു.

Content Summary:

Ragging Menace Continues: Siddharth's Tragic Death Highlights the Ongoing Battle Against Campus Bullying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com