ADVERTISEMENT

വേനൽച്ചൂടിൽ ഉരുകുകയാണ് നാടും നഗരവും. എന്നാൽ വേനൽ ഇല്ലാത്ത വർഷങ്ങളുണ്ടായിട്ടുണ്ടോ? സമീപ ഭൂതകാലത്തുതന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു വേനലില്ലാ വർഷം സംഭവിച്ചത് 1816 ലാണ്. അതിനു പ്രധാനമായി വഴിവച്ചതോ, ലോകത്തിലെ ഏറ്റവും ഭീകരമായ അഗ്‌നിപർവത വിസ്ഫോടനവും. 1815 ഏപ്രിലിൽ ഇന്തൊനീഷ്യയിലെ സുംബാവ ദ്വീപിലെ ടംബോറ അഗ്‌നിപർവതം പൊട്ടിത്തെറിച്ചു. ഇന്തൊനീഷ്യയിൽ മാത്രമൊതുങ്ങി നിന്നില്ല ഇതിന്റെ പ്രത്യാഘാതങ്ങൾ. ലോകം മുഴുവൻ പിറ്റേവർഷം വേനൽക്കാലമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചു ഈ സ്ഫോടനം.

അഗ്‌നിപർവതത്തിൽനിന്നു തെറിച്ച വൻ പാറകൾ കപ്പൽച്ചാലുകളിൽ വീണ് ഗതാഗതം മുടങ്ങി. 20 കോടി ടൺ സൾഫർ കണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ഇതൊരു പാട പോലെ മാറി ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തിനു മറ തീർത്തു. ചൂടുകൂടേണ്ട വേനൽക്കാലം ഇതുമൂലം തണുത്തു കോച്ചി.

ടംബോറ അഗ്‌നിപർവതം (Photo: X/@365History)
ടംബോറ അഗ്‌നിപർവതം (Photo: X/@365History)

ഇതുമൂലമുണ്ടായ കാലാവസ്ഥാവ്യതിയാനം കാരണം യൂറോപ്പിലുടനീളം കാലം തെറ്റിയ പേമാരികളും ക്ഷാമവും രോഗങ്ങളും പട്ടിണിമരണങ്ങളുമുണ്ടായി. നെപ്പോളിയൻ വാട്ടർലൂ യുദ്ധത്തിൽ തോൽക്കാൻ കാരണം പോലും ഇതുമൂലം പൊടുന്നനെ മാറിയ അന്തരീക്ഷമാണെന്നു പറയപ്പെടുന്നു. വിഖ്യാതമായ ഫ്രാങ്കൻസ്റ്റീൻ എന്ന നോവലിനും ഈ അവസ്ഥ പശ്ചാത്തലമൊരുക്കി. 1816ൽ കനത്ത കൃഷിനാശവും ക്ഷാമവുമുണ്ടായി. പശ്ചിമ ഇംഗ്ലണ്ട്, കാനഡയുടെ അറ്റ്‌ലാന്റിക് തീരങ്ങൾ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളെയാണ് ഈ വേനൽക്കാലം ശക്തമായി ആക്രമിച്ചത്. 

ടംബോറ അഗ്‌നിപർവതത്തിന് ഒരുപാടു കാലമായി യാതൊരു അനക്കവും ഇല്ലാതിരുന്നതിനാൽ അതൊരു അഗ്‌നിപർവതമാണെന്ന് അറിയാവുന്നവർ പോലും സുംബാവയിൽ കുറവായിരുന്നു. എന്നാൽ അഗ്‌നിപർവതത്തിന്റെ ഉള്ളറകളിൽ ഇക്കാലത്ത് മാഗ്മ ഉറഞ്ഞുകൂടുകയായിരുന്നു. ഭയങ്കരമായ ഒരു പൊട്ടിത്തെറിക്കുള്ള കളമൊരുങ്ങൽ. 4300 മീറ്റർ പൊക്കമുള്ള അഗ്‌നിപർവതമായിരുന്നു ടംബോറ. 1812 മുതൽ ഇതിൽ സ്ഫോടനത്തിനു മുന്നോടിയായുള്ള ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങി. നീരാവിയും ചാരവും പുകയുമൊക്കെ ഇടയ്ക്കു ചെറിയ അളവിൽ അഗ്‌നിപർവതം മുകളിലേക്കു വമിപ്പിച്ചു; ആസന്നമായ ദുരന്തത്തിന്റെ താക്കീത് പോലെ. പക്ഷേ ഇതൊന്നും ദ്വീപു നിവാസികൾ അത്ര കാര്യമായെടുത്തില്ല.

ഒടുവിൽ 1815 ഏപ്രിൽ അഞ്ചിന് പർവതം അതിന്റെ വിശ്വരൂപം പുറത്തെടുത്തു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഒരു സ്ഫോടനം. 30 കിലോമീറ്റർ പൊക്കത്തിൽ പുകമേഘങ്ങൾ പർവതത്തിൽനിന്ന് ആകാശത്തേക്ക് ഉയർന്നു പൊങ്ങി. ആയിരം പീരങ്കികൾ ഒരുമിച്ചു വെടിവച്ച പോലെയുള്ള ശബ്ദമായിരുന്നു ആ സ്ഫോടനത്തിന്. ഇന്തൊനീഷ്യ അന്ന് ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നു. ശത്രുക്കളായ ഫ്രഞ്ച്, ഡച്ച് സൈന്യങ്ങൾ തങ്ങളെ ആക്രമിക്കാൻ വരുകയാണെന്ന് ശബ്ദം കേട്ട് ഇംഗ്ലിഷുകാർ തെറ്റിദ്ധരിച്ചെന്ന് കഥകളുണ്ട്. എന്നാൽ അവിടെ അവസാനിച്ചില്ല ടംബോറയുടെ പരാക്രമം.

tambora-volcano
(Photo: X/@archaeologymag)

ആറു ദിവസം കഴിഞ്ഞ് ഏപ്രിൽ പതിനൊന്നിന് രണ്ടാം സ്ഫോടനം നടന്നു. അന്നേവരെ ആളുകൾ കാണാത്ത പൊക്കത്തിൽ പുകയുടെ ഒരു തൂണ് പർവതത്തിൽനിന്ന് ആകാശത്തേക്കുയർന്നു. അഗ്‌നിമുഖത്തുനിന്നു കിലോമീറ്ററുകൾ അകലെവരെ ലാവ ഒഴുകിപ്പരന്നു. അഗ്‌നിപർവതത്തിന്റെ മുകളിലെ 30 മീറ്ററോളം പൊക്കം വരുന്ന ഭാഗം കല്ലുകളായി പൊടിഞ്ഞ് പ്രദേശത്ത് കല്ലുമഴ തീർത്തു. അഞ്ചു ദിവസത്തേക്ക് സുംബാവയിലെ ആകാശം കറുത്തുകിടന്നു, പ്രകാശമില്ലാതെ കൊടും ഇരുട്ട്.

ഒടുവിൽ പ്രകാശം തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളും കൃഷിയിടങ്ങളും പൊയ്പ്പോയിരുന്നു. കറുത്ത മരുഭൂമി മാത്രം അവശേഷിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ടായിരത്തിലധികം ഗ്രാമീണർ സ്ഫോടനത്തിൽ മരിച്ചിരുന്നു. തുടർന്നുണ്ടായ ക്ഷാമത്തിലും പട്ടിണിയിലും എഴുപതിനായിരം ആളുകൾ കൂടി മരണപ്പെട്ടു. ഏകദേശം എൺപതിനായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ മഹാദുരന്തം. ഒരു രാജ്യത്തുണ്ടായ ഒരു തദ്ദേശീയമായ ദുരന്തം പോലും ലോകമാകെ എങ്ങനെ പ്രതിഫലിക്കാം എന്നുള്ളതിന്റെ മികച്ച ഒരു ഉദാഹരണമായിരുന്നു ടംബോറ.

English Summary:

Summerless 1816: How a Volcanic Eruption Changed History and Inspired Frankenstein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com