ADVERTISEMENT

ഇന്തൊനീഷ്യയിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. രാജ്യത്തെ റുവാങ് അഗ്നിപർവതം ബുധനാഴ്ച പൊട്ടിത്തെറിച്ചു. നോർത്ത് സുലവെസി പ്രവിശ്യയിൽ സാംഗിഹെ ദ്വീപുകളിലാണ് റുവാങ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് എണ്ണൂറിലധികം ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. പുകയും ചാരവും ഉയർന്നു പൊങ്ങുകയും സൂനാമി ജാഗ്രത മേഖലയിലുണ്ടാകുകയും ചെയ്തു.

130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. അതിനാൽ തന്നെ അഗ്നിപർവത വിസ്ഫോടനങ്ങൾ രാജ്യത്തെ ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. എന്നാൽ ഇന്തൊനീഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതം റുവാങ്ങല്ല, മെരാപിയാണ്. ഇന്തൊനീഷ്യയിലെ യോഗ്യകർത്ത എന്ന പുരാതന നഗരത്തിനു സമീപമാണ് മെരാപി സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും പ്രശ്നക്കാരായ എട്ട് അഗ്നിപർവതങ്ങളുടെ ടൈംസ് പട്ടികയിൽ മെരാപിയും ഉൾപ്പെട്ടിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വിസ്ഫോടനം നടത്തുന്ന പർവതമാണ് ഇത്. 

(Photo by Handout / Center for Volcanology and Geological Hazard Mitigation / AFP)
(Photo by Handout / Center for Volcanology and Geological Hazard Mitigation / AFP)

ഇന്തൊനീഷ്യൻ ദ്വീപായ ജാവയിലെ സെമേരു പർവതവും പ്രശസ്തമായ അഗ്നിപർവതമാണ്. കിഴക്കൻ ജാവയിലെ ലുമാജങ് ജില്ലയിലാണു സെമേരു സ്ഥിതി ചെയ്യുന്നത്. 

പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്ന രാജ്യമാണ് ഇന്തൊനീഷ്യ. ഭൂകമ്പങ്ങളും വെള്ളൊപ്പൊക്കങ്ങളും ഇവിടെ കുറവല്ല. റിങ് ഓഫ് ഫയർ എന്ന മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇന്തൊനീഷ്യയ്ക്ക് ഈ പ്രതിസന്ധി. ടെക്ടോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഈ മേഖല അഗ്‌നിപർവത സ്ഫോടനങ്ങൾക്കും ഭൂചലനങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു. ഇന്തൊനീഷ്യയിലെ പ്രധാന ദ്വീപുകളായ ജാവയിലും സുമാട്രയിലുമാണു ദുരന്തങ്ങൾ അധികപങ്കും.

എന്താണു റിങ് ഓഫ് ഫയർ? – ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയയുടെ പടിഞ്ഞാറൻ തീരങ്ങൾ, റഷ്യയുടെ കിഴക്കേയറ്റത്തെ മുനമ്പുമായി ബന്ധപ്പെട്ട തീരങ്ങൾ, ജപ്പാൻ, ഇന്തൊനീഷ്യ, ന്യൂസീലൻഡ് ഉൾപ്പെടെ പസിഫിക് സമുദ്രത്തിനു മുകളിൽ ഒരു കുതിരലാടം പോലുള്ള മേഖലയാണിത്. 850 സജീവ അഗ്നിപർവതങ്ങൾ ഉള്ള ഇവിടെ ഭൂചലനങ്ങളും സ്ഥിരമാണ്.

ഓരോ വർഷവും 1500 പ്രകൃതിദുരന്തങ്ങൾ ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിൽ സംഭവിക്കുന്നു എന്നാണു കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഈ ദ്വീപസമൂഹം. ഓരോ മാസവും ശരാശരി ഒരു വലിയ പ്രകൃതിദുരന്തമെങ്കിലും ഇവിടെ സംഭവിക്കുന്നു.

2004ൽ സംഭവിച്ച സൂനാമിയുടെ പ്രഭവകേന്ദ്രം ഇന്തൊനീഷ്യയിലായിരുന്നു. വനനശീകരണവും ഇന്തൊനീഷ്യയിലെ ദുരന്തങ്ങളുടെ എണ്ണം കൂട്ടുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.1527ൽ സ്ഥാപിക്കപ്പെട്ട വൻനഗരമായ ജക്കാർത്തയാണ് ഇന്തൊനീഷ്യയുടെ തലസ്ഥാനം. ഏഷ്യയിലെ മെഗാനഗരങ്ങളിലൊന്നായ ജക്കാർത്തയിൽ മൂന്നു കോടിയിലധികം പേർ താമസിക്കുന്നുണ്ട്. ജാവൻ തീരത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം പക്ഷേ അപൂർവമായ ഒരു ദുർവിധി നേരിടുകയാണ്. ഓരോ വർഷവും 25 സെന്റിമീറ്റ‍ർ വച്ച് ഈ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അമിതമായ അളവി‍ൽ ഭൂഗർഭജലം ഖനനം ചെയ്തതാണ് ഇതിനു കാരണമായത്. 

English Summary:

Volcano in Indonesia spews lava and smoke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com