ADVERTISEMENT

വനമേഖലകളിൽ കൂടിയുള്ള വാഹനഗതാഗതം വന്യജീവികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇതിനുള്ള ഏക പരിഹാരമാർഗമാണ് വന്യജീവി ഇടനാഴികൾ. മൃഗങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് ലോകത്തിന്റെ പല ഭാഗങ്ങളിലും വന്യജീവി ഇടനാഴികൾ നിർമിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴി നിർമിക്കുന്നതിന് വേണ്ടി സുപ്രധാനമായ ഒരു ഹൈവേ പൂട്ടിയിടുകയാണ് ലൊസാഞ്ചലസിലെ ഭരണകൂടം. 101 ഫ്രീവേയിലൂടെയുള്ള വാഹനഗതാഗതമാണ് മൃഗങ്ങൾക്ക് വഴിയൊരുക്കാനായി നിർത്തിവയ്ക്കുന്നത്.

ഹൈവേയിലെ പത്ത് ലെയ്നുകൾക്ക് മുകളിലൂടെയാണ് ഇടനാഴി നിർമിക്കപ്പെടുന്നത്. സാന്റ മോണിക്ക മലനിരകളിലെയും സാന്റ സൂസന്ന മലനിരകളിലെയും വന്യജീവികൾക്ക് ഇടതടവില്ലാതെ സഞ്ചരിക്കാൻ ഇടനാഴി സഹായകരമാകും. എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കൂടി കണക്കിലെടുത്ത് രാത്രികാലങ്ങളിൽ മാത്രമാണ് ഗതാഗതം തടസപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രവർത്തി ദിവസങ്ങളിലടക്കം രാത്രി 11:59 മുതൽ അഞ്ചുമണിക്കൂർ നേരമാവും ഹൈവേയിലൂടെയുള്ള ഗതാഗതം  നിർത്തിവയ്ക്കുന്നത്. ആദ്യഘട്ടത്തിൽ തെക്കുദിശയിലേക്കുള്ള വാഹനങ്ങൾ കടത്തിവിടില്ല. നിർമാണം പുരോഗമിക്കുന്നതനുസരിച്ച് അടുത്തഘട്ടത്തിൽ വടക്കു ഭാഗത്തേക്കുള്ള വാഹനങ്ങളുടെ ഗതാഗതവും തടസ്സപ്പെടും.

പ്രത്യേകിച്ചും മൗണ്ടേൻ ലയണുകളെ ഉദ്ദേശിച്ചാണ് വനപാത ഒരുക്കുന്നത്. കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ 2022 ഏപ്രിൽ തന്നെ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 2025 ഓടെ നിർമാണം പൂർത്തിയാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇടനാഴി പ്രകൃതി നിർമിതമെന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടി വഴിയിൽ മണ്ണ് നിറച്ച് നാടൻ സസ്യങ്ങൾ വളർത്തും. അമേരിക്കയിൽ നിർമിക്കപ്പെടുന്നതിൽ വച്ച് ഏറ്റവും വലിയ വന്യജീവി ഇടനാഴിയായിരിക്കും ഇതെന്നാണ് കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ അറിയിക്കുന്നത്.

എന്നാൽ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴിയായിരിക്കും ഇത്. നഗരമേഖലകളിലെ വന്യജീവി സംരക്ഷണത്തിന് ആഗോള മാതൃകയാകാനും ഇടനാഴിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. മനുഷ്യൻ ശീലിച്ചു വന്ന ജീവിത രീതികൾക്ക് മാറ്റം വരുത്താതെ തന്നെ ഭൂമിയിലെ മറ്റു ജീവികളുമായി സഹവർത്തിത്വത്തോടെ കഴിയേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഇത്തരം ഇടനാഴികൾ നിർമിക്കപ്പെടുന്നത്. കാട്ടുപൂച്ചകൾ, മാനുകൾ, നിരവധി ഉരഗവർഗ്ഗങ്ങൾ, കൂഗറുകൾ എന്നിങ്ങനെ ഈ മേഖലയിലെ വ്യത്യസ്ത ജീവജാലങ്ങൾക്ക് ഇടനാഴി ഉപകാരപ്രദമാകും.

മൗണ്ടേൻ ലയണുകളുടെ കാര്യം മാത്രം പരിഗണിക്കുകയാണെങ്കിൽ സാൻ്റാ മോണിക്ക മലനിരകളിൽ ജീവിക്കുന്ന മൗണ്ടേൻ ലയണുകൾ ജനിതിക വൈവിധ്യത്തിൽ ഏറ്റവും പിന്നിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രദേശത്തേക്കുകൂടി സുഗമമായി സഞ്ചരിക്കാൻ അവയ്ക്ക് അവസരം ലഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ഹൈവേ മുറിച്ചു കടക്കാനുള്ള ശ്രമങ്ങൾക്കിടെ വന്യ മൃഗങ്ങൾ ചാകുന്നതും അപകടത്തിൽപ്പെട്ട് ഗുരുതരമായി മുറിവേറ്റവയ്ക്ക് ദയാവധം നൽകേണ്ടി വന്ന സാഹചര്യങ്ങളും പരിഗണിച്ചാണ് ഇടനാഴി നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com