സഹാറ ഒരു കാലത്ത് സ്വർഗ ഭൂമിയായിരുന്നു; തെളിവ് നൽകി സുഡാനിലെ ഗുഹാചിത്രങ്ങൾ
Mail This Article
ലോകത്തനേകം മരുഭൂമികളുണ്ട്. ഉഷ്ണ മരുഭൂമികളും ശീതമരുഭൂമികളുമുണ്ട്. എന്നാൽ സഹാറ മരുഭൂമിക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മണൽക്കാട്.
എന്നാൽ ഏകദേശം 4 സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹാറ ഇങ്ങനെയായിരുന്നില്ലെന്ന് തെളിവ് നൽകിക്കൊണ്ട് ഗുഹാചിത്രങ്ങൾ സുഡാനിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. കിഴക്കൻ സുഡാനിലെ അറ്റ്ബായി മരുഭൂമിയിൽ നിന്നാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. മക്വാറി സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.
മനുഷ്യർ, മാനുകൾ, ആനകൾ, ജിറാഫുകൾ എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ ഈ ഗുഹാചിത്രങ്ങളിലുണ്ട്. എന്നാൽ ഏറ്റവും വിസ്മയകരമായത് കന്നുകാലികളുടെ സാന്നിധ്യമാണ്. ഇന്നത്തെ കാലത്തെ വരണ്ട തീവ്ര കാലാവസ്ഥ പരിഗണിക്കുമ്പോൾ ഒരുകാലത്ത് ഇവിടെ കാലിവളർത്തലുണ്ടായിരുന്നെന്നത് അദ്ഭുതമായി തോന്നാം.
ഇന്ന് ഈ പ്രദേശത്ത് മഴപെയ്യുന്ന തോത് വളരെ കുറവാണ്. അതിനാൽ തന്നെ കാലിവളർത്തൽ അസാധ്യമാണ്. എന്നാൽ 3000 ബിസിയിലൊന്നും ഇതായിരുന്നില്ല സ്ഥിതി.
15000 മുതൽ 5000 വർഷം മുൻപു വരെയുള്ള കാലയളവിൽ ആഫ്രിക്കയിൽ വൻതോതിൽ മഴ ലഭിച്ചിരുന്നു. ഇതുകാരണം നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും ഇവിടെ സ്ഥിതി ചെയ്തിരുന്നു.
എന്നാൽ ഈ നനവൂറിയകാലം പിന്നീട് മാറുകയും മേഖല വറ്റിവരണ്ടതാകുകയും ചെയ്തു. കന്നുകാലിവളർത്തൽ ഇതോടെ സാധ്യമല്ലാതായി. ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്ന കൃഷിരീതിയിലേക്ക് ഇവിടത്തെ നാട്ടുകാർ കടക്കുകയും ചെയ്തു. ഇതു മനുഷ്യജീവിതത്തെ എല്ലാരീതിയിലും ബാധിച്ചെന്നു ഗവേഷകർ പറയുന്നു. ഭക്ഷണക്രമത്തിലും സാമൂഹിക വ്യവസ്ഥകളിലുമൊക്കെ കാതലായ മാറ്റങ്ങൾ ഇതുമൂലമുണ്ടായി.