ADVERTISEMENT

പേരയില സത്ത് പ്രമേഹം പൂർണ്ണമായും ഭേദമാക്കുമെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

എന്റെ ജീവിതത്തിലെ പ്രമേഹവും രക്തസമ്മർദ്ദവും  നീക്കിയ ഇല എന്ന അവകാശവാദത്തോടെയാണ് വൈറൽ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പാത്രത്തിൽ കുറച്ച് പേരക്ക ഇലകൾ ചേർത്ത് അതിൽ ഒരു ടീസ്പൂൺ മഞ്ഞളും ഒരു പിടി കുരുമുളകും കലർത്താനാണ് ആദ്യ ഉപദേശം. ഈ പ്രതിവിധി നിങ്ങളുടെ സിരകളിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുമെന്ന് അവകാശപ്പെടുക മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദവും മോശം രക്തചംക്രമണവും നിയന്ത്രിക്കാൻ ഈ സത്ത് സഹായിക്കുമെന്നും വൈറൽ വിഡിയോ അവകാശപ്പെടുന്നു. വിഡിയോ കാണാം.

ലോകാരോഗ്യ സംഘടനയുടെ  നിർവ്വചനമനുസരിച്ച് പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. നിലവിൽ ചികിത്സയ്‌ക്കോ സപ്ലിമെൻറുകൾക്കോ ​​പ്രമേഹം ഭേദമാക്കാൻ കഴിയില്ല,  ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനങ്ങള്‍ പേരയ്ക്ക ഇലയുടെ സത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും എന്ന് വ്യക്തമാക്കുന്നു. ചില മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ പേരക്കയുടെ സത്തിൽ ഹൈപ്പർ ഗ്ലൈസെമിക് വിരുദ്ധ പ്രവർത്തനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. എന്നാൽ മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദാശങ്ങൾ നൽകുന്നില്ല.

മറ്റൊരു ഗവേഷണ പഠനത്തിലും  പേരക്ക പഴങ്ങൾക്കും ഇലകൾക്കും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന്  സൂചിപ്പിക്കുന്നു. മാസമുറ വേദന കുറയ്ക്കുക, ഇൻഫ്ലുവൻസ ചികിത്സിക്കുക, രക്തസമ്മർദ്ദം കുറയ്ക്കുക എന്നിവയും മറ്റും പേരക്കയുടെ സാധ്യമായ ഗുണങ്ങളിൽ ഉൾപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും പേരയില ചായ സഹായിക്കും. എന്നാലും സ്ഥിരീകരണത്തിന് കൂടുതൽ മനുഷ്യ പഠനങ്ങൾ ആവശ്യമാണ്.

നല്ല ആരോഗ്യം നിലനിർത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ജപ്പാനടക്കമുള്ള രാജ്യങ്ങളിൽ പേരക്ക ചായ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരുമുണ്ട്. പ്ലാസ്മ ഗ്ലൂക്കോസും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും പേരയ്ക്ക ഇലയുടെ സത്തിന് മികച്ച കഴിവുണ്ടെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച പരീക്ഷണവും എലികളിലാണ് നടത്തിയത്. എന്നാൽ ഇക്കാര്യത്തിന് കൂടുതൽ മനുഷ്യ പരീക്ഷണങ്ങൾ ആവശ്യമാണ്.

പിന്നീട് ഞങ്ങൾ പ്രമേഹവും മഞ്ഞളുമായി ബന്ധപ്പെട്ട  പഠനങ്ങളെക്കുറിച്ചാണ് തിരഞ്ഞത്. പ്രമേഹവും അതുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ തടയുന്നതിനുമുള്ള ചികിത്സയ്ക്കും മഞ്ഞൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ  വിശദമാക്കുന്നുണ്ട്.

പേരക്കയുടെ ഇലയുടെ സത്തിലും മഞ്ഞളിലും ആൻറി-പ്രമേഹ ഗുണങ്ങളുണ്ടെങ്കിലും പ്രമേഹത്തെ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കുമെന്ന അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. പേരയിലയുടെ സത്ത് പ്രമേഹത്തിനുള്ള മരുന്നല്ല എന്ന് വ്യക്തമായി. ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം തേടുന്നതാണ് ഉചിതം. 

കൂടുതൽ വ്യക്തതയ്ക്കും സ്ഥിരീകരണത്തിനുമായി ഞങ്ങൾ ഒരു പ്രമുഖ ഫിസിഷ്യനുമായി സംസാരിച്ചു. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2  പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കുന്നത് മൂലം വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുന്ന ടൈപ്പ് 1 പ്രമേഹബാധിതരിൽ പലപ്പോഴും ജീവിതകാലം മുഴുവൻ ഇൻസുലിൻ‌ എടുക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്.

നമ്മുടെ നാട്ടിലെ പ്രമേഹ രോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ഇത് ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ്.  ഈ പ്രമേഹത്തിനും പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ ആവശ്യമായി വരും. 

പിന്നീട് പാൻക്രിയാസ് തകരാർ മൂലമുണ്ടാകുന്നതും, ഗർഭകാല പ്രമേഹവുമാണ് യഥാക്രമം ടൈപ്പ് 3,4 എന്നിവ. ഗർഭകാലത്ത് മാത്രമാണ് ടൈപ്പ് 4 രോഗാവസ്ഥ കാണപ്പെടുന്നത്. പ്രസവം കഴിഞ്ഞ് ആറാഴ്ച ശേഷം  സാധാരണ ഗതിയിൽ  ഇത് മാറാറുണ്ടെങ്കിലും കൃത്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ ഇത് ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും ഗുരുതരമാകാനും സാധ്യതയേറെയാണ്.  രോഗാവസ്ഥയെ നിയന്ത്രിച്ച് നിർത്താനാണ് പ്രമേഹത്തിനുള്ള മരുന്നുകൾക്ക് സാധിക്കുകയുള്ളു. പ്രമേഹം പൂർണ്ണമായും ഭേദമാക്കുമെന്ന അവകാശവാദവുമായി വരുന്ന ഇത്തരം മരുന്നുകൾ രോഗമുള്ളർ ഉപയോഗിച്ചാൽ വിപരീത ഫലമാകും ചെയ്യുക. ആരോഗ്യ വിദഗ്ദരുടെ അനുമതിയില്ലാത്ത മരുന്നുകളുടെ ഉപയോഗം രോഗാവസ്ഥയെ കൂടുതൽ വഷളാക്കും. അദ്ദേഹം പറഞ്ഞു.

വാസ്തവം

പേരയ്ക്ക ഇലയുടെ സത്ത് പ്രമേഹം പൂർണ്ണമായി ഭേദമാക്കില്ല. പോസ്റ്റിലെ അവകാശവാദം വ്യാജമാണ്. 

English Summary: Guava leaf extract does not completely cure diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com