ADVERTISEMENT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ  വോട്ട് ചോദിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

അടിമകളെ അടങ്ങൂ..നോം എന്താണീ കേൾക്കുന്നത്. പിണറായി വിജയൻ പറയുന്നു കോൺഗ്രസ് ജയിച്ച് വരണമെന്നും ഇപ്രാവശ്യം രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും അപ്പൊ എങ്ങനെ ആണ്,എപ്പോ ആണ് നിങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കുന്നത്. പോയി ചത്തൂടെ സഗാക്കൾളെ സ്വന്തം പാർട്ടി തന്നെ നിലനിൽപ്പിനുവേണ്ടി മറ്റു സ്ഥാനാർത്ഥിയെ ഇല്ലായ്മ ചെയ്യുകയാണ് കമ്മികളെ.... ശൈലജ ടീച്ചറുടെ പോസ്റ്റിന്റെ താഴെ കൈപ്പത്തി ചിഹ്നവും കൂടി വരച്ചോ... ടീച്ചറുടെയും ജയരാജന്റെയും തോൽവി പിണറായി പക്ഷത്തിന് ആവശ്യമാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

വിഡിയോ പരിശോധിച്ചപ്പോൾ  മാതൃഭൂമി ന്യൂസിന്റെ ലോഗോയാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി. മാതൃഭൂമി ന്യൂസിന്റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ 2024 മാർച്ച് 16ന് അവരുടെ ഫെയ്‌സ്ബുക് പേജിൽ പങ്കുവച്ച വൈറലായ വിഡിയോയുടെ മുഴുവന്‍ ഭാഗവും ലഭിച്ചു

മുഖ്യമന്ത്രി പങ്കെടുത്ത വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേതാണ് വിഡിയോ എന്ന് വ്യക്തമായി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയെക്കുറിച്ചാണ് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ബിജെപിക്കെതിരെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന കേരളത്തിലെ ജനങ്ങളുടെ മനോഭാവമാണ് കേരളത്തിൽ കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിന് കാരണം . വിഡിയോയുടെ ആരംഭത്തിൽ ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയേൽക്കാനുണ്ടായ പ്രധാന കാരണം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുന്നത്.  എന്നാൽ ഈ ഭാഗം ഒഴിവാക്കി ഇനിയൊരു അഞ്ച് വർഷം കൂടി ഇതേ ഗവൺമെന്റ് തുടർന്നാൽ എന്ന വാചകത്തോടെയാണ് വൈറൽ വിഡിയോ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

യഥാർത്ഥ വിഡിയോയുടെ ആദ്യം ഭാഗം എഡിറ്റ് ചെയ്താണ് വൈറൽ വിഡിയോ പ്രചരിക്കുന്നതെന്ന് ബോധ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് 16നാണ് വയനാട് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തിയത്.  സിപിഐ ദേശീയ നേതാവ് ആനി രാജയാണ്  സിപിഎം സ്ഥാനാർഥിയായി വയനാട്ടിൽ മൽസര രംഗത്തുള്ളത്.

∙ വസ്തുത

2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിനുണ്ടായ തിരിച്ചടിയെ കുറിച്ചാണ് പിണറായി വിജയൻ വിഡിയോയിൽ സംസാരിക്കുന്നത്. യഥാർത്ഥ വിഡിയോയിൽ നിന്നും എഡിറ്റ് ചെയ്ത ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

English Summary: The video circulating with the claim that Chief Minister Pinarayi Vijayan is asking for votes for Rahul Gandhi is misleading.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com