ADVERTISEMENT

അശോക വനത്തിൽ സീതാദേവി ഇരുന്ന പാറയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ശ്രീലങ്കൻ വിമാനത്തിൽ ഈ പാറ അയോധ്യയിലേക്ക് എത്തിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോധ്യയിലേക്ക് എത്തിക്കുന്ന ദൃശ്യം എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം.

ശ്രീലങ്കൻ എയർലൈൻസ് എന്ന് രേഖപ്പെടുത്തിയ വിമാനത്തിൽ നിന്ന് ഒരു കൂട്ടമാളുകൾ ആഘോഷാരവങ്ങളോടെയും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും കൈയ്യിൽ ഒരു വസ്തുവും വഹിച്ചെത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ.

കീവേഡുകളുപയോഗിച്ച് വിഡിയോയെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ നിരവധി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോ ഷെയർ ചെയ്തതായി വ്യക്തമായി.

വിഡിയോ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്ര നിയമ-സാമൂഹ്യക്ഷേമ മന്ത്രി കിരൺ റിജജു എന്നിവരെയും വിഡിയോയിൽ കാണാനായി. 

കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയപ്പോൾ ലഭിച്ച ഒരു റിപ്പോർട്ടില്‍  ഒക്‌ടോബർ 20ന് നടന്ന യുപിയിലെ ഖുശിനഗർ വിമാനത്താവള ഉദ്ഘാടനത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീലങ്കയിൽ നിന്നെത്തിച്ച ബുദ്ധമത തിരുശേഷിപ്പുകളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഉദ്ഘാടന വേളയിൽ  ഖുശിനഗർ വിമാനത്താവളത്തിൽ ആദ്യമായി ലാൻഡ് ചെയ്ത ശ്രീലങ്കയിലെ കൊളംബോയിൽ നിന്നുള്ള വിമാനത്തിൽ നിരവധി ബുദ്ധ സന്യാസിമാരും വിശിഷ്ടാതിഥികളുമടങ്ങുന്ന ശ്രീലങ്കൻ സംഘവും എത്തിയിരുന്നു. ഇവർക്കൊപ്പമാണ് ബുദ്ധന്റെ തിരുശേഷിപ്പുകളും പ്രദർശനത്തിനായി ഈ വിമാനത്തിൽ എത്തിച്ചത്. റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ ഈ ചടങ്ങിന്റെ ചിത്രങ്ങൾ കേന്ദ്ര നിയമ-സാമൂഹ്യക്ഷേമ മന്ത്രി കിരൺ റിജജു ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഖുശിനഗറിൽ അശ്വിൻ പൂർണിമയുടെയും അഭിധമ്മ ദിനത്തിന്റെയും വേളയിൽ ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധന്റെ തിരുശേഷിപ്പിന്റെ വരവിനോടനുബന്ധിച്ചുള്ള ആചാരപരമായ സ്വീകരണം. ശ്രീലങ്കയിൽ നിന്നും ലോകമെമ്പാടുമുള്ള ബുദ്ധ സന്യാസിമാരെയും സ്വാഗതം ചെയ്തു. എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്ര മന്ത്രിയുടെ പോസ്റ്റ്. കിരൺ റിജ്ജു പങ്ക് വച്ച ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ തന്നെയാണ് വിഡിയോയിലുള്ളതെന്നും വ്യക്തമായി.

അശോക വനത്തിൽ സീതയിരുന്ന പാറയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിച്ചു. 20221 ഒക്ടോബർ 29 പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ശ്രീലങ്കയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം അയോധ്യ സന്ദർശിച്ച് രാമജന്മഭൂമിക്ക് അശോക് വാടികയിൽ നിന്നുള്ള ഒരു പാറ സമ്മാനിച്ചു എന്ന വിവരങ്ങളടങ്ങിയ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ഈ സംഭവുമായി വൈറൽ വിഡിയോയ്ക്ക് ബന്ധമില്ല.

∙ വാസ്തവം

അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ആയോധ്യയിലേക്കെത്തിക്കുന്ന വിഡിയോ അല്ല പ്രചരിക്കുന്നത്. ബുദ്ധന്റെ തിരുശേഷിപ്പുകൾ ഉത്തർപ്രദേശിലെ ഖുശിനഗർ വിമാനത്താവള ഉദ്ഘാടന വേളയിൽ എത്തിക്കുന്ന ദൃശ്യങ്ങളാണിത്. മറിച്ചുളള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: This is not the video of bringing the rock where Sita sat in Ashokavanam to Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com