ഈ ഒഴിഞ്ഞ കസേരകൾ നവകേരള സദസ്സിലോ? വാസ്തവമറിയാം | Fact Check
Mail This Article
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് പര്യടനം തെക്കൻ കേരളത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇതിനിടയിൽ ഒഴിഞ്ഞ കസേരകൾക്ക് നടുവിൽ നവകേരള സദസ് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പരിലാണ് വിഡിയോ ലഭിച്ചത്. ഇതിന്റെ വാസ്തവമറിയാം.
അന്വേഷണം
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സജ്ജമാക്കിയ വേദിയിലെ സ്ക്രീനിൽ ജനങ്ങളോട് സംസാരിക്കുന്നതാണ് വിഡിയോയിൽ . മുൻപിൽ നിരവധി ഒഴിഞ്ഞ കസേരകളും കാണാം.
വിഡിയോയിൽ മന്ത്രി മുഹമ്മദ് റിയാസ് വേദിയിലെ സ്ക്രീനിലാണ് സംസാരിക്കുന്നതെന്ന് വ്യക്തമായി. എന്നാൽ നവകേരള സദസില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നേരിട്ടാണ് പങ്കെടുക്കുന്നത്. ഇക്കാരണത്താൽ തന്നെ വിഡിയോ നവകേരള സദസുമായി ബന്ധപ്പെട്ടതല്ലെന്ന് അനുമാനിച്ചു.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയ്മുകള്‍പരിശോധിച്ചപ്പോള്‍ ഇതേ ദൃശ്യങ്ങളടങ്ങിയ മനോരമ ന്യൂസിന്റെയും മനോരമ ഓൺലൈന്റെയും റിപ്പോര്‍ട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. എല്‍ഡിഎഫ് സര്ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: വരവേറ്റത് ഒഴിഞ്ഞ കസേരകള്‍ എന്ന അടിക്കുറിപ്പോടെയാണ് റിപ്പോർട്ടുകൾ.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ 2022 ഏപ്രില്‍ 19 മുതല്‍ 26 വരെ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മന്ത്രി റിയാസിന്റെ വിഡിയോയാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റ മന്ത്രിമാര്‍ക്ക് അസൗകര്യം മൂലം എത്താൻ സാധിക്കാതിരുന്നതിനാലാണ് മന്ത്രി മുഹമ്മദ് റിയാസ് വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തത് എന്ന് റിപ്പോർട്ടുകളിൽ പറയുന്നു.പ്രദർശനത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ 19ലെ ഉദ്ഘാടന ദിനത്തിലേതാണ് പ്രചരിക്കുന്ന വിഡിയോ.ഇതിന് നവകേരള സദയുമായി യാതൊരു ബന്ധവുമില്ല.
നവകേരള സദസിന്റെ ഉദ്ഘാടനം നവംബർ 18ന് നിറഞ്ഞ സദസിലാണ് മഞ്ചേശ്വരത്ത് നിർവ്വഹിച്ചത്.ഇതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജുകളിലടക്കം പങ്കുവച്ചിട്ടുണ്ട്.
വാസ്തവം
2022 ഏപ്രില്‍ 19 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് സര്ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്നുള്ളതാണ് പ്രചാരത്തിലുള്ള വിഡിയോ. വിഡിയോ നവകേരള സദസിലേതാണെന്ന അവകാശവാദം തെറ്റാണ്.
English Summary: The claim that the video is from Navakerala Sadas is false